- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി പറഞ്ഞ അബ്ബാസ് ഇവിടെയുണ്ട്? മോദിയുടെ ബാല്യകാല സുഹൃത്തിനെ സിഡ്നിയിൽ നിന്നും കണ്ടെത്തി മാധ്യമങ്ങൾ: മതസൗഹാർദത്തിന്റെ കഥ പറഞ്ഞ മോദിയുടെ ബ്ലോഗ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ
അമ്മയുടെ നൂറാം പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക ബ്ലോഗിൽ കുറിച്ച വാക്കുകൾ ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ ഇടയിൽ ചർച്ചയായിരുന്നു. അമ്മയെ കുറിച്ച് തന്റെ ബ്ലോഗായ നരേന്ദ്ര മോദി ഡോട് ഇന്നിൽ എഴുതിയ ആത്മകഥാപരമായ കുറിപ്പിൽ ചെറുപ്പത്തിലെ ദുരിതങ്ങളും അമ്മയുടെ കഷ്ടപ്പാടുകളും മോദി വിവരിച്ചിരുന്നു. പക്ഷെ ചർച്ചയായത് മറ്റൊന്നാണ്. അബ്ബാസ് എന്ന പേര്. തന്റെ കുടുംബത്തിന്റെ ഭാഗമായിരുന്ന അബ്ബാസ് എന്ന സുഹൃത്തുമായുള്ള ബാല്യകാല സൗഹൃദത്തെ കുറിച്ച് മോദി തന്റെ ബ്ലോഗിലൂടെ മനസ്സ് തുറക്കുകയായിരുന്നു.
മോദിയുടെ പിതാവ് ദാമോദർദാസ് മോദിയുടെ സുഹൃത്തിന്റെ മകനായിരുന്നു അബ്ബാസ്. സുഹൃത്ത് അകാലത്തിൽ മരണമടഞ്ഞപ്പോൾ ദാമോദർദാസ് അബ്ബാസിനെ സ്വന്തം വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. സ്വന്തം മകനായി അച്ഛനമ്മമാർ അബ്ബാസിനെ വളർത്തി. നരേന്ദ്ര മോദിക്കും സഹോദരങ്ങൾക്കുമൊപ്പം അബ്ബാസും വളർന്നു. മോദിയുടെ വീട്ടിൽനിന്നാണ് അബ്ബാസ് പഠനം പൂർത്തിയാക്കിയത്.
'അമ്മ സ്വന്തം മക്കൾക്കു നൽകിയ അതേ കരുതലും സ്‌നേഹവും നൽകിയാണ് അബ്ബാസിനെയും വളർത്തിയത്. ഓരോ വർഷവും ഈദിന് അവനു പ്രിയപ്പെട്ട വിഭവങ്ങൾ അമ്മ തയാറാക്കി. അന്നൊക്കെ, ഉത്സവനാളുകളിൽ അമ്മയുടെ പ്രത്യേക വിഭവങ്ങൾ പങ്കിടാൻ അയൽപക്കത്തുള്ള കുട്ടികളൊക്കെ വീട്ടിൽ വരിക പതിവായിരുന്നു' മോദി കുറിച്ചു. മാത്രമല്ല അബ്ബാസ് എന്ന വാക്ക് ട്വിറ്ററിലും ട്രെന്റിങായി മാറുകയും ചെയ്തു.
ഇതിന് പിന്നാലെ കുറിപ്പ് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മോദിക്കെതിരെ ട്രോളുകളും തകൃതിയായി വന്നിരുന്നു. ഈ പറഞ്ഞ അബ്ബാസാണ് പിന്നീട് അമിത്ഷാ ആയി പേര് മാറിയതെന്നൊക്കെയാണ് ചില ട്രോളന്മാർ പറയുന്നത്. ഏതായാലും മോദി പറഞ്ഞ തന്റെ 'ബാല്യകാല സുഹൃത്തി'നെ എവിടെനിന്നൊക്കെയോ കണ്ടെത്തിയിരിക്കുകയാണ് ദേശിയ മാധ്യമങ്ങൾ.
ഗുജറാത്ത് സർക്കാരിന്റെ ക്ലാസ് 2 ജീവനക്കാരനായിരുന്നു അബ്ബാസ്. ഏതാനും മാസങ്ങൾക്കുമുമ്പ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചിരുന്നു. ഫുഡ് ആൻഡ് സപ്ലൈ ഡിപ്പാർട്ട്‌മെന്റിലാണ് അബ്ബാസ് സേവനമനുഷ്ഠിച്ചിരുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ആൺമക്കളുടെ പിതാവായ അബ്ബാസ് ഇളയ മകനോടൊപ്പം സിഡ്നിയിലാണ് താമസമെന്നാണ് റിപ്പോർട്ടുകൾ.
ഒട്ടേറെ കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന ബാല്യകാലം ഓർമിക്കുന്ന ബ്ലോഗ് കുറിപ്പിൽ, അമ്മ അയൽവീടുകളിൽ പാത്രങ്ങൾ കഴുകിയും ചർക്കയിൽ നൂൽനൂറ്റും ചെറിയ വരുമാനമുണ്ടാക്കിയിരുന്നത് അദ്ദേഹം അനുസ്മരിക്കുന്നു. ഏറ്റവും ദരിദ്രരായ മനുഷ്യരുടെ ക്ഷേമം തന്റെ ജീവിതലക്ഷ്യമായതിനു പിന്നിലെ പ്രേരണ അമ്മയാണ്. ആദ്യമായി അധികാരസ്ഥാനത്തെത്തിയപ്പോൾ, 'നിന്റെ ജോലി എന്താണെന്ന് എനിക്കു മനസ്സിലാകില്ല. പക്ഷേ, ഒരിക്കലും കൈക്കൂലി വാങ്ങരുത്' എന്ന ഉപദേശമാണ് അമ്മ നൽകിയത് പ്രധാനമന്ത്രി എഴുതുന്നു.
മറുനാടന് മലയാളി ബ്യൂറോ