ന്യൂഡൽഹി: ഭക്ഷണം വിളമ്പി നൽകാത്തതിന് ഭാര്യയെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഡൽഹി സുൽത്താൻപുർ സ്വദേശിയായ വിനോദ് കുമാർ ദുബെ(47)യാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയാണ് വിനോദ്കുമാർ ഭാര്യ സൊണാലി(39)യെ അതിദാരുണമായി കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി ദമ്പതിമാർ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ഇതിനുശേഷം വിനോദ്കുമാർ തനിക്ക് ഭക്ഷണം വിളമ്പാൻ ഭാര്യയോട് ആവശ്യപ്പെട്ടു. ഭാര്യ ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വഴക്കായി. ഇതിനിടെ സൊണാലി ഭർത്താവിന്റെ മുഖത്തടിച്ചതോടെ ഇരുവരും തമ്മിൽ വലിയ വഴക്കായി. ഇതിൽ കുപിതനായ വിനോദ്കുമാർ ഭാര്യയെ മർദിക്കുകയും തലയണ കൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

മദ്യലഹരിയിൽ ഭാര്യ കൊല്ലപ്പെട്ടെന്ന് ഇയാൾക്ക് മനസിലായിരുന്നില്ല. ഇതറിയാതെ മൃതദേഹത്തിനൊപ്പം അന്ന് രാത്രി കിടന്നുറങ്ങി. പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോഴാണ് ഭാര്യയുടെ മരണ വിവരം മനസിലാക്കിയത്. ഇതോടെ വീട്ടിലുണ്ടായിരുന്ന 43,280 രൂപയും മറ്റു സാധനങ്ങളും ബാഗിലാക്കി ഇയാൾ വീട്ടിൽനിന്ന് രക്ഷപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ 9.30-ഓടെയാണ് സൊണാലി കൊല്ലപ്പെട്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ച പൊലീസ് സംഘം ഭർത്താവിന്റെ കൂടുതൽവിവരങ്ങൾ ശേഖരിക്കുകയും മണിക്കൂറുകൾക്കകം ഡൽഹിയിലെ മറ്റൊരിടത്തുനിന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. പൊലീസിന്റെ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു.