തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് യുവാക്കൾ മരിച്ചത്. ചൊവ്വര സ്വദേശി ശരത്, വട്ടിയൂർക്കാവ് നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം കല്ലുവെട്ടാംകുഴിക്ക് സമീപമാണ് അപകടം.



അഞ്ചേകാലോടെയാണ് വിഴിഞ്ഞം ബൈപ്പാസിൽ അപകടമുണ്ടാകുന്നത്. ബൈക്ക് റേസിങ് തന്നെയാണ് അപകടമുണ്ടാകാൻ കാരണമെന്ന് വിഴിഞ്ഞം സിഐ സ്ഥിരീകരിച്ചു. റേസിനിടെ മത്സരിച്ച് മുന്നോട്ടുകുതിച്ച ബൈക്കുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടൻ തന്നെ ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നു. കൊണ്ടുപോകുമ്പോൾത്തന്നെ ഇരുവരുടെയും നില അതീവഗുരുതരമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.



വിഴിഞ്ഞം ബൈപ്പാസ് മേഖലയിൽ ബൈക്ക് റേസിങ് പതിവായി നടക്കാറുണ്ട്. ഇതിനെതിരെ പൊലീസിൽ സ്ഥിരം പരാതി എത്താറുണ്ടെന്നും, ഇന്ന് രാവിലെക്കൂടി നാല് വാഹനങ്ങൾ അമിതവേഗതയെത്തുടർന്ന് പിടിച്ചെടുത്തിരുന്നുവെന്നും വിഴിഞ്ഞം സിഐ പറയുന്നു. രണ്ടുപേരുടെയും മൃതദേഹം വിഴിഞ്ഞം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ പ്രദേശത്ത് പതവായി ബൈക്ക് റേസിങ് നടക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.