കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷും പി.എസ്. സരിത്തും കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്(ഇ.ഡി) കൈമാറി. ഇ.ഡി. നൽകിയ അപേക്ഷ പരിഗണിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴി പകർപ്പ് ഇ.ഡി.യ്ക്ക് കൈമാറിയത്.

സ്വപ്ന സുരേഷും പി.എസ്. സരിത്തും കസ്റ്റംസിനു നൽകിയ രഹസ്യ മൊഴി ഇഡിക്ക് നൽകാൻ കോടതി അനുമതി നൽകിയിരുന്നു. .സ്വർണ്ണക്കടത്തു കേസിൽ ഇരുവരുടെയും മൊഴി ആവശ്യപ്പെട്ട് ഇഡി നേരത്തേ കോടതിയെ സമീപിച്ചിരുന്നു. സ്വർണക്കടത്തു കേസിലെ കസ്റ്റംസിന്റെ അന്വേഷണം അവസാനിച്ച സാഹചര്യത്തിലാണു രഹസ്യമൊഴി നൽകാൻ കോടതി അനുമതി നൽകിയിരിക്കുന്നത്.

അതേസമയം, ഡോളർ കടത്ത് കേസിൽ 164 മൊഴി ആവശ്യപ്പെട്ടുള്ള ഇഡി ഹർജിയിൽ ഇന്ന് തന്നെ വാദം നടക്കും. കസ്റ്റസിന്റെ വിശദീകരണം കേൾക്കാനായി കേസ് മറ്റന്നാളേക്ക് മാറ്റിയിരുന്നു. എന്നാൽ കസ്റ്റംസ് അഭിഭാഷകൻ ഹാജരായതോടെയാണ് ഇന്ന് തന്നെ വാദം നടത്താൻ തീരുമാനമായത്. മൊഴി വിശദമായി പരിശോധിച്ചാകും സ്വപ്ന സുരേഷിന്റെ ചോദ്യം ചെയ്യൽ, ബുധനാഴ്ചയാണ് കൊച്ചി ഇഡി ഓഫീൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുക.

സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും 2020-ലാണ് സ്വപ്ന സുരേഷ് കസ്റ്റംസിന് രഹസ്യമൊഴി നൽകിയിരുന്നത്. ഈ മൊഴികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പി. ശ്രീരാമകൃഷ്ണൻ തുടങ്ങിയവർക്കെതിരേ പരാമർശങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മീഷണറായിരുന്ന സുമിത്ത്കുമാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും വെളിപ്പെടുത്തിയിരുന്നു.

രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി. നേരത്തെ കോടതിയെ സമീപിച്ചിരുന്നെങ്കിലും കസ്റ്റംസിന്റെ എതിർപ്പിനെ തുടർന്ന് ഈ അപേക്ഷകൾ കോടതി തള്ളിയിരുന്നു. നിലവിൽ സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് രഹസ്യമൊഴിയുടെ പകർപ്പ് ഇ.ഡി.യ്ക്ക് കൈമാറിയത്.