കൊട്ടിയം: വിവാഹവാഗ്ദാനം നൽകി സ്വർണവും പണവും തട്ടിയെടുക്കുകയും നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ശേഷം ഉപേക്ഷിച്ചെന്ന യുവതിയുടെ പരാതിയിൽ പഞ്ചായത്ത് അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ സിപിഎം. അംഗം വടക്കേ മൈലക്കാട് കാറ്റാടിമുക്കിൽ രതീഷ്‌കുമാർ (45) ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ.കൊട്ടിയം ഈസ്റ്റ് വില്ലേജ് കമ്മിറ്റി മുൻ സെക്രട്ടറിയും സിപിഎം. പുഞ്ചിരിച്ചിറ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ് രതീഷ്‌കുമാർ.

യുവതിയെ ഉപേക്ഷിച്ച് ശേഷം കടന്നുകളഞ്ഞ ഇയാളെ അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം മടങ്ങാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ഭാര്യയുടെ മരണത്തിന് ശേഷം വിവാഹാഭ്യർത്ഥനയുമായാണ് ഇയാൾ യുവതിയെ സമീപിക്കുന്നത്.ഏറെ നാളത്തെ അടുപ്പത്തിനിടെ പലപ്പോഴായി രണ്ട് ലക്ഷത്തിലേറെ രൂപയും നാല് പവൻ സ്വർണ്ണവും ഇയാൾ കൈക്കലാക്കിയിരുന്നതായി യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

മെയ്‌ മൂന്നിന് ഇയാൾ യുവതിയെ കൊണ്ടുപോയി വർക്കലയിലെ റിസോർട്ടിൽ രണ്ടുദിവസം താമസിപ്പിച്ചു. തുടർന്ന് കന്യാകുമാരിയിലേക്ക് പോയി. അവിടെവെച്ച് രതീഷ് തനിക്ക് താലികെട്ടിയതായി യുവതി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

ഇരുവരെയും കാണാതായതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പൊലീസ് ഇവരെ കന്യാകുമാരിയിൽനിന്ന് മെയ്‌ 10-ന് പിടികൂടി കോടതിയിൽ ഹാജരാക്കി. യുവതിയെ സംരക്ഷിച്ചുകൊള്ളാമെന്ന ഉറപ്പിൽ കോടതി പഞ്ചായത്ത് അംഗത്തിനൊപ്പം വിട്ടു. ഈ മാസം രണ്ടുവരെ യുവതിക്കൊപ്പം താമസിച്ചശേഷം ഇയാൾ കടന്നുകളഞ്ഞു.

ശാരീരികാവശതയെ തുടർന്ന് യുവതി ആറിന് ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. ഏഴിന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പരാതി നൽകിയശേഷം നിരന്തരം വധഭീഷണി ലഭിച്ചിരുന്നതായി യുവതി പറയുന്നു. കണ്ണനല്ലൂർ പൊലീസ് ഇൻസ്പെക്ടർ വിപിൻകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.