മയ്യിൽ: കാർ വർക്ക് ഷോപ്പിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതിയെ മയ്യിൽ പൊലിസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശി മുജീബ്റഹ്മാനാണ് പിടിയിലായത്. കുറ്റിയാട്ടൂർ സൂപ്പി പീടികയിലെ മെട്രോ കാർ വർക്ക് ഷോപ്പിൽ കഴിഞ്ഞ ദിവസം രാത്രി ഗേറ്റ് തകർത്ത് അകത്തുകയറി കളവ് നടത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റു ചെയ്തത്. ഉടമ നൽകിയ പരാതിയിൽ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. പ്രതി സഞ്ചരിച്ച സുമോ വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മയ്യിൽ ഇൻസ്പെക്ടർ ടി.പി സുമേഷ്, എസ്. ഐ സുരേഷ്, എ. എസ്. ഐമാരായ രാജേഷ്, അസ്‌കർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ബലാത്സംഗം, വധശ്രമം, മോഷണം, ഉൾപ്പെടെയുള്ള കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. കോഴിക്കോട്, മലപ്പുറം, കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ പ്രതിക്കെതിരെ ധാരാളം കേസുകൾ നിലവിലുണ്ട്. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു