- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഴി ഗ്രന്ഥശാലയിൽ നമുക്ക് വായനയിലൂടെ വളരാം എന്ന പേരിൽ വായന പക്ഷാചരണത്തിന് തുടക്കമായി
കുന്നത്തൂർ:- ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നമുക്ക് വായനയിലൂടെ വളരാം എന്ന പേരിൽ വായന പക്ഷാചരണത്തിന് തുടക്കമായി.ഗ്രന്ഥശാല അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തംഗം ലതാ രവി ഉദ്ഘാടനം ചെയ്തു. ഹാരീസ് മുഹമ്മദ് അദ്ധ്യക്ഷനായി. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി.ബിനീഷ് വായനദിന സന്ദേശം നല്കി. താലൂക്ക് കൗൺസിൽ അംഗം അക്കരയിൽ ഹുസൈൻ ,ഗ്രന്ഥശാല സെക്രട്ടറി എം.സുൽഫിഖാൻ റാവുത്തർ, റ്റി എസ് നൗഷാദ്, സബീന ബൈജു എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന ലൈബ്രറി കൗൺസിൽ നിർദ്ദേശപ്രകാരം മിഴി ഗ്രന്ഥശാല സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണ പരിപാടി പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് ആരംഭിച്ച് ഐ വി ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴിന് സമാപിക്കും. 20നും 22നും എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികളുടെ വീട്ടിൽ ഗ്രന്ഥശാലാ ഭാരവാഹികൾ നേരിട്ടെത്തി അനുമോദിക്കും. 22 ന് ജി ശങ്കരപ്പിള്ളയെ അനുസ്മരിക്കും. 23നും 24നും പി എസ് പി റ്റി എം (അർത്തിയിൽ) സ്‌കൂളിൽ പുതിയ പുസ്തകങ്ങളുടെ പ്രദർശനം സംഘടിപ്പിക്കും. 25നും 26 നും അപൂർവ പുസ്തകങ്ങളുടെ പ്രദർശനം നടത്തും. 27 ന് ദസ്തയോവ്‌സ്‌കിയുടെ ഇരുന്നൂറാം ജന്മവാർഷികത്തിന്റെ ഭാഗമായി അനുസ്മരണം. 28 ന് കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രഭാഷണം. 29 ന് കുട്ടികൾ വായനാകുറിപ്പൊരുക്കും.
30 ന് ഇടപ്പള്ളി രാഘവൻപിള്ളയെ അനുസ്മരിക്കും. ജൂലൈ ഒന്നിന് പി കേശവദേവ്, എൻ പി മുഹമ്മദ് അനുസ്മരണവും നടത്തും. രണ്ടിന് പൊൻകുന്നം വർക്കിയേയും അനുസ്മരിക്കും. മൂന്നിന് മലബാർ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളായ കെ ദാമോദരനേയും നാലിന് വി സാംബശിവൻ അനുസ്മരണവും നടത്തും. ആറിന് ബാലവേദി കുട്ടികൾക്കായി ഹ്രസ്വചിത്ര നിർമ്മാണ മത്സരം. ഏഴിന് സമാപന നാളിൽ ഗ്രന്ഥശാലയിൽ ഐ വി ദാസ് അനുസ്മരണ പരിപാടിയും സംഘടിപ്പിക്കും.ജനപ്രതിനിധികൾ, എഴുത്ത് കാർ സാമൂഹിക സാംസ്‌കാരിക നായകർ, ലൈബ്രറി കൗൺസിൽ ഭാരവാഹികൾ തുടങ്ങിയവർ വിവിധ പരിപാടികളിൽ പങ്കെടുക്കും