കോട്ടയം: സുപ്രീം കോടതി വിധിയുടെ മറവിൽ കൃഷിഭൂമി കൈയേറി വന്യജീവി സങ്കേതങ്ങൾക്ക് ബഫർ സോൺ സൃഷ്ടിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെടുത്തി വ്യാപകമാക്കുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

ജൂൺ 23 മുതൽ സംസ്ഥാനത്തുടനീളം പ്രശ്നബാധിതപ്രദേശങ്ങളുൾക്കൊള്ളുന്ന വിവിധ ഇൻഫാം കാർഷിക ജില്ലകളിൽ കർഷക കൺവൻഷനുകളും പ്രതിഷേധ പ്രതിരോധ മാർച്ചുകളും നടക്കും. കർഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ആഭിമുഖ്യത്തിൽ എല്ലാ പ്രാദേശിക കർഷക സംഘടനകളും തങ്ങളുടെ പ്രദേശങ്ങളിൽ ബഫർ സോണിനെതിരെ ജനകീയ പങ്കാളിത്തത്തോടെയുള്ള സമരപ്രക്ഷോഭങ്ങൾ തുടരണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

നിലവിൽ പ്രശ്നബാധിതമായിട്ടുള്ള കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങളുൾക്കൊള്ളുന്ന പ്രദേശങ്ങളിലെ മലയോരജനതയുടെ ജനകീയ പ്രക്ഷോഭത്തിൽ സംസ്ഥാനത്തെ എല്ലാ കർഷകസംഘടനകളും തുടർദിവസങ്ങളിൽ പങ്കുചേരും. സംസ്ഥാനത്തെ കടലോര പ്രദേശങ്ങളിലെ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളും കൃഷിഭൂമി കൈയേറ്റത്തിനെതിരെ ജൂൺ 18ന് വിഴിഞ്ഞത്ത് ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിലെ കർഷകസംഘടനാ നേതാക്കളുടെ പ്രത്യേക സമ്മേളനം തുടർനടപടികൾക്കായി ജൂലൈ 6ന് തിരുവനന്തപുരത്ത് ചേരും. ബഫർ സോൺ വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തണമെന്നും കൃഷിഭൂമി കൈയേറാൻ ആരെയും അനുവദിക്കില്ലെന്നും ആവശ്യപ്പെട്ട് ഒരുലക്ഷം കർഷകരുടെ നിവേദനം കർഷക സംഘടനകൾ സംസ്ഥാന സർക്കാരിന് കൈമാറും.

വന്യജീവികളെ ഇറക്കിവിട്ട് മലയോരജനതയെ മരണത്തിന് വിട്ടുകൊടുക്കുന്ന വനംവകുപ്പ്, കോടതി വിധികളിലൂടെ കൃഷിഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്ന ക്രൂരതയ്ക്ക് ജനപ്രതിനിധികളും സർക്കാർ സംവിധാനങ്ങളും കുടപിടിക്കുന്നതും കൂട്ടുനിൽക്കുന്നതും അവസാനിപ്പിക്കണം. ബഫർ സോൺ വിഷയത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് സർക്കാർ നിലപാട് പ്രഖ്യാപിക്കണം.

സംസ്ഥാനത്ത് പാരിസ്ഥിതിക ദുരന്തങ്ങൾ ഉണ്ടാകുന്നത് കണക്കിലെടുത്ത് സംരക്ഷിത വനമേഖലകളോടും ദേശീയ ഉദ്യാനങ്ങളോടും ചേർന്നുകിടക്കുന്ന മനുഷ്യവാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ വരെ ഇക്കോ സെൻസിറ്റീവ് മേഖലയായി നിശ്ചയിച്ചുകൊണ്ട് കരട് വിജ്ഞാപന നിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ 2019 ഒക്ടോബർ 19ന് അംഗീകാരം നൽകിയ മന്ത്രിസഭാ തീരുമാനവും തുടർനടപടികളും ഉത്തരവുകളും അടിയന്തരമായി റദ്ദ് ചെയ്യണം. വനാന്തർഭാഗത്തും മലയോരങ്ങളിലും രൂപപ്പെടുന്ന ഉരുൾപൊട്ടലിന് കൃഷിഭൂമി വനമാക്കുകയല്ല വേണ്ടത്. മറിച്ച്, ക്വാറികളും ഖനനങ്ങളും നിലവിലുള്ള നിയമങ്ങളുടെ പശ്ചാത്തലത്തിൽ നിരോധിക്കുവാനുള്ള ആർജ്ജവം ഭരണാധികാരികൾക്കുണ്ടാകണം. മലയോരജനതയുടെ ജീവിതപോരാട്ടത്തിന്റെ പേരിൽ നേട്ടമുണ്ടാക്കാൻ ക്വാറി ഖനന മാഫിയകളെ അനുവദിക്കാനാവില്ലെന്നും സെപ്റ്റംബർ മൂന്നിനുള്ളിൽ ബഫർ സോൺ വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തി കേന്ദ്ര എംപവർ കമ്മറ്റിക്ക് സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിക്കണമെന്നും പൊതുജനങ്ങളുടെ അറിവിലേയ്ക്കും ആക്ഷേപങ്ങൾ സ്വീകരിക്കുന്നതിനുമായി പ്രസ്തുത റിപ്പോർട്ട് മുൻകൂറായി പരസ്യപ്പെടുത്തണമെന്നും വി സി, സെബാസ്റ്റ്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.