- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലാ ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
പാലാ: മന്ത്രിയെ കാത്തു നിൽക്കാതെ പാലാ ജനറൽ ആശുപത്രിയിൽ സജ്ജമായ ഡയാലിസിസ് സൗകര്യം ജനങ്ങൾക്കായി മാണി സി കാപ്പൻ എം എൽ എ സമർപ്പിച്ചു. രണ്ടു വർഷം മുമ്പ് പാലായിൽ എത്തിച്ച ഡയാലിസിസ് മെഷ്യനുകൾ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചിരുന്നില്ല. അതിനാൽ ഇന്നലെ ചേർന്ന ആശുപത്രി മാനേജ്‌മെന്റ് യോഗം മന്ത്രിയുടെ സൗകര്യം കാത്തു നിൽക്കാതെ ഡയാലിസിസ് സൗകര്യം ജനങ്ങൾക്കായി തുറന്നുകൊടുക്കാൻ ഐക്യകണ്‌ഠേന തീരുമാനിക്കുകയായിരുന്നു.
തുടർന്നു മുനിസിപ്പൽ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കരയുടെ അധ്യക്ഷതയിൽ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജനറൽ ആശുപത്രിയിൽ നെഫ്രോളജി വിഭാഗത്തിലേക്ക് സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു. ഇതിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും മാണി സി കാപ്പൻ പറഞ്ഞു.
ഡോ ശബരീനാഥ്, ബൈജു കൊല്ലംപറമ്പിൽ, ഷാർലി മാത്യു, ഷാജകുമാർ, അഡ്വ ജോബി കുറ്റിക്കാട്ട്, പീറ്റർ പന്തലാനി, ജിമ്മി ജോസഫ്, രമേശ് ബാബു, എം പി കൃഷ്ണൻനായർ, ബിജു പാലൂപ്പടവിൽ, നീന ജോർജ്കുട്ടി, പ്രൊഫ സതീഷ് ചൊള്ളാനി, പ്രശാന്ത് മോനിപ്പള്ളി, ജോസ് കുറ്റിയാനിമറ്റം, അനസ് കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ചില സൗകര്യങ്ങളുടെ അപര്യാപ്തമൂലം അതിസങ്കീർണ്ണ അവസ്ഥയിലല്ലാത്ത വൃക്കരോഗികൾക്കു പാലാ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് സൗകര്യം പ്രയോജനപ്പെടും. പൂർണ്ണമായും ശീതീകരിച്ച മുറിയിൽ പ്രത്യേകം കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരേ സമയം 10 പേർക്കും രണ്ട് ഷിഫ്റ്റുകളിലായി ആദ്യഘട്ടത്തിൽ 20 പേർക്കും ഡയാലിസിസ് സൗകര്യം ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആദ്യഘട്ടത്തിൽ പ്രതിമാസം 500 പേർക്കു സർക്കാർ നിരക്കിൽ ഡയാലിസിസ് സൗകര്യം ലഭ്യമാക്കും. തുടർന്നു ഒരു ഷിഫ്റ്റുകൂടി ക്രമീകരിച്ച് കൂടുതൽ പേർക്കു സൗകര്യം നൽകും.
പുതിയ മന്ദിരത്തിന്റെ ഒന്നാം നില മുഴുവൻ നെഫ്രോളജി വിഭാഗത്തിനായി മാറി വച്ചിട്ടുണ്ട്. കിടത്തി ചികിത്സയ്ക്കുള്ള വാർഡ് സജ്ജീകരിച്ചു ജീവനക്കാരെ നിയോഗിച്ചെങ്കിലും നെഫ്രോളജി വിഭാഗത്തിനു സ്ഥിരം ഡോക്ടർ ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കും. ഇതു മൂലം വൃക്കരോഗ ഒ പി യും കിടത്തി ചികിത്സയും നടത്താനാവുന്നില്ല. നിർധന രോഗികൾക്കു ഡയാലിസിസ് കിറ്റുകൾ സൗജന്യമായി ലഭ്യമാക്കാൻ സ്‌പോൺസർമാരെ കണ്ടെത്താനുള്ള നീക്കത്തിലാണ് നഗരസഭ. ചികിത്സാ സമയക്രമം നിശ്ചയിക്കുന്നതിനായി മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവരങ്ങൾ രാവിലെ 10 മുതൽ ഒരു മണി വരെ 8113007601 നമ്പരിൽ ലഭിക്കും.