കണ്ണൂർ: കേൾവി ശക്തി കുറഞ്ഞ വയോധികൻ റെയിൽ പാളത്തിലൂടെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ വൈദ്യുതി തീവണ്ടി തട്ടിത്തെറിച്ചു മരണപ്പെട്ടു. തലശേരിപാറാൽ മാടപ്പീടികയിലെ കല്ലാട്ട് പനോളി പ്രകാശനാണ് (64) ദാരുണമായി മരിച്ചത്.

മദ്രാസിൽ കച്ചവടക്കാരനായ പ്രകാശൻ കുടുംബത്തോടൊപ്പം അവിടെയാണ് താമസിക്കുന്നത്. ഏതാനും ദിവസം മുൻപ് മൂത്ത സഹോദരി പ്രസന്ന മരണപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് വരികയായിരുന്നു. വൃക്ക രോഗിയായ പ്രകാശൻ ഈയ്യിടെ ഓപറേഷന് വിധേയനായിരുന്നു. വീര്യമേറിയ മരുന്നു് കഴിച്ചതിനാൽ നാട്ടിലേക്കുള്ള യാത്രയിൽ തീവണ്ടിയിൽ മയങ്ങിപോവുകയായിരുന്നു.

ഉറക്കത്തിലായ ഇദ്ദേഹം വണ്ടി മംഗലാപുരത്ത് എത്തിയപ്പോഴാണ് ഉണർന്നത്. അവിടെ സ്റ്റേഷനിലുണ്ടായ തലശ്ശേരി സ്വദേശികൾ വിവരമറിഞ്ഞ് പ്രകാശനെ തിരികെ മംഗളാ എക്സ്പ്രസിൽ ഇന്ന് തിരികെ കയറ്റി വിട്ടു. വിവരം നാട്ടിലുള്ള ബന്ധുക്കളെയും അറിയിച്ചിരുന്നു.

ബന്ധുക്കൾ കാത്തിരിക്കുന്നതിനിടയിലാണ് ന്യൂ മാഹി പെരിങ്ങാടി റെയിൽ പാലത്തിനടുത്ത് പ്രകാശൻ തീവണ്ടി തട്ടി മരിച്ചതായി വിവരം ലഭിച്ചത്. ഉറക്കച്ചടവിൽ തലശ്ശേരിയിൽ ഇറങ്ങാൻ വിട്ടു പോയ ഇദ്ദേഹം തൊട്ടടുത്ത സ്റ്റേഷനിൽ ഇറങ്ങി പാളത്തിനരികിലൂടെ വീട്ടിലേക്ക് നടക്കുന്നതിനിടയിലാവാം അപകടം സംഭവിച്ചതെന്ന് കരുതുന്നു. മൃതദേഹം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഭാര്യ : ലീല. മക്കൾ - ആര്യ, അമൃതസഹോദരങ്ങൾ :ഹേമൻ, ഹേമലത, വസന്ത, പരേതയായ പ്രസന്ന