- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാത്സ് പ്രാക്ടിക്കലിന് 40 മാർക്കിന് പകരം 20 മാർക്കിന്റെ മൂല്യ നിർണയം; കണ്ണൂരിൽ പ്ലസ്ടൂ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയെന്ന് പരാതി
കണ്ണൂർ: കണ്ണൂർ നഗരത്തിലെ എയ്ഡഡ് സ്‌കൂളിൽ പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ നടത്തിയതിൽ ഗുരുതര വീഴ്ചയെന്ന് പരാതി. സെന്റ് തെരെസാസ് ഹയർസെക്കൻഡറി സ്‌കൂളിലെ നിരവധി കുട്ടികൾക്കാണ് അർഹതപ്പെട്ട മാർക്ക് നഷ്ടമായെന്ന ആരോപണവുമായി സ്‌കൂൾ അധികൃതർ രംഗത്തെത്തിയത്.
മാത്സ് പ്രാക്ടിക്കൽ പരീക്ഷയുടെ എക്സ്റ്റേണൽ എക്സാമിനർക്കാണ് പിഴവ് പറ്റിയത്. പ്രാക്ടിക്കലിന് 40 മാർക്കിന്റെ മൂല്യനിർണയത്തിന് പകരം എക്സാമിനർ നടത്തിയത് 20 മാർക്കിന്റെ മൂല്യനിർണയമാണെന്ന് പ്രിൻസിപ്പൽ സിസ്റ്റർ വിനയ റോസ് ആരോപിച്ചു. ഇതുസംബന്ധിച്ച് ജോ. ഡയറക്ടർക്ക് പരാതി നൽകിയതായി പ്രിൻസിപ്പൽ അറിയിച്ചു.
ഇതിനിടെ എസ്. എസ്. എൽ.സി പരീക്ഷയിൽ ഒന്നാംസ്ഥാനത്തെത്തിയ കണ്ണൂരിന് ഈ വർഷത്തെ പ്ലസ് ടു പരീക്ഷാ ഫലത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് ലഭിച്ചത്.86.86 ആണ് വിജയശതമാനം. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 156 സ്‌കൂളുകളിലെ ആകെ 30240 കുട്ടികൾ പരീക്ഷ എഴുതിയതിൽ 26267 പേർ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.
2536 പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. ഓപ്പൺ സ്‌കൂളിൽ 2065 പേർ പരീക്ഷയെഴുതിയതിൽ 935 പേർ വിജയിച്ചു. 45.28 ആണ് വിജയശതമാനം. 36 പേർ മുഴുവൻ വിഷയത്തിലും എപ്ലസ് നേടി. വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 73.79 ആണ് വിജയശതമാനം.മാഹിയിൽ 670 കുട്ടികൾ പരീക്ഷയെഴുതിയപ്പോൾ 594 പേർ വിജയിച്ചു. 88.66 ശതമാനമാണ് വിജയശതമാനം. ഇവിടെ 77 കുട്ടികൾക്ക് ഫുൾ എ പ്ലസുണ്ട്.




