കണ്ണൂർ: പയ്യന്നൂർ എംഎൽഎ ഉൾപെട്ട സാമ്പത്തിക തിരിമറിയിൽ നിയമപരമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നിയമനടപടിക്ക് നീക്കം തുടങ്ങി. പയ്യന്നൂരിൽ എംഎൽഎ ഉൾപ്പെടെ സിപിഎം നേതാക്കൾ നടത്തിയ സാമ്പത്തിക തിരിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പയ്യന്നൂർ മണ്ഡലം കമ്മിറ്റി പയ്യന്നൂർ ഡിവൈഎസ്‌പിക്ക് പരാതി നൽകി.

മൂന്ന് ഫണ്ടുകളിലായി ഒരുകോടിയോളം രൂപ അപഹരിച്ചു എന്ന തെളിവ് സഹിതമുള്ള പരാതിക്ക് സിപിഎം ഇതുവരെ കൃത്യമായി മറുപടി നൽകിയിട്ടില്ല. ധൻരാജ് രക്തസാക്ഷി ഫണ്ടിലെ 42 ലക്ഷം നേതാക്കൾ പിൻവലിച്ചതിന് ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപെടെയുള്ള തെളിവുകളും വ്യാജ രസീതിന്റെ ചിത്രവുമുൾപ്പെടെ പുറത്തുവന്നിട്ടും സിപിഎം എംഎൽഎയെ സംരക്ഷിക്കുകയാണ്.

ഫണ്ട് മോഷണത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ടി.ഐ. മധുസൂദനൻ എംഎൽഎ സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. പയ്യന്നൂർ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ഫണ്ട് വെട്ടിപ്പിൽ നടപടി ആവശ്യപ്പെട്ട് ആദ്യ പടിയായിട്ടാണ് മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി പയ്യന്നൂർ ഡി.വൈ. എസ്‌പി പ്രേമചന്ദ്രന് പരാതി നൽകിയത്.വരുംദിനങ്ങളിൽ പ്രത്യക്ഷ സമരവുമായി മുന്നിട്ടിറങ്ങാനാണ് യൂത്ത് ലീഗിന്റെ തീരുമാനം.