ഇരിട്ടി: വാടകയ്ക്കെടുത്ത കാറിലെത്തി വള്ളിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അംഗവും റിട്ട.കായിക അദ്ധ്യാപികയുമായ ഫിലോമിന കക്കട്ടിലിന്റെ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞ സംഭവത്തിൽ സൈനികനെ ഇരിട്ടി സി. ഐയും സംഘവും അറസ്റ്റു ചെയ്തു. ഉളിക്കൽ കോയപറമ്പിലെ പരുന്തൻ മലയിൽ സെബാസ്റ്റ്യൻ എന്ന ഷാജിയെയാ(27)ണ് പൊലിസ് അറസ്റ്റു ചെയ്തത്.

ഇന്നലെ ഉച്ചയക്ക് 12.45ന് കിളിയന്തറിയിലുള്ള ഫിലോമിന ടീച്ചറുടെ വീടിന് സമീപം റോഡിൽ കാർ നിർത്തി ഷാജി ഏതോ ഒരു മേൽവിലാസം അന്വേഷിക്കുകയും അദ്ധ്യാപിക വളരെ അടുത്ത് നിന്ന് സംസാരിക്കുകയും ചെയ്തു. ഇതിനിടയിൽ ടീച്ചറുടെ അഞ്ചുപവന്റെ മാല ഇയാൾ പിടിച്ചു പറിക്കുകയായിരുന്നു. ഇതിനിടയിലുണ്ടായ പിടിവലിയിൽ മാലയുടെ കുരിശ് മാത്രമേ ഇയാൾക്ക് കിട്ടിയിരുന്നുള്ളൂ. അദ്ധ്യാപികയുടെ ബഹളംകേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴെക്കും പ്രതി കാറിൽ രക്ഷപ്പെടുകയായിരുന്നു. ഉടനെ പൊലിസിനെ വിവരമറിയിക്കുകയും അന്വേഷണമാരംഭിക്കുകയും ചെയ്തു.

ശ്രീകണ്ഠാപുരം, പയ്യാവൂർ പൊലിസിന് വിവരമറിയിക്കുകയും ഇതനുസരിച്ച് കാർ വാഹനപരിശോധനയ്ക്കിടെ ശ്രീകണ്ഠാപുരം പൊലിസ് പിടികൂടുകയായിരുന്നു. ഇതിനു ശേഷം പ്രതിയെയും കാറും ഇരിട്ടി പൊലിസിന് കൈമാറി. കാർഗിലിൽ ജോലി ചെയ്തുവരികയായിരുന്ന ഷാജി 40 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു. മാടത്തിയിലെ ഒരു ലോഡ്ജിൽ ഇയാൾ ഒരു യുവതിക്കൊപ്പം താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പയ്യാവൂരിൽ കഴിഞ്ഞ പത്തിന് വയോധികയുടെ വീട്ടിൽ കയറി ഇത്തരത്തിൽ മാല മോഷ്ടിച്ചത് താനാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലിസ് അറിയിച്ചു. ഇരിട്ടി പയഞ്ചേരി മുക്കിലെ ഒരാളുടെ കാർ മറ്റൊരാളിൽ നിന്നും വാടകയ്ക്കെടുത്താണ് പ്രതി കറങ്ങി നടന്നിരുന്നത്. പത്തുദിവസത്തേക്ക് വാങ്ങിയ കാറിന്റെ വാടക നൽകിയിരുന്നില്ലെന്നു മാത്രമല്ല ആഴ്ചകൾ കഴിഞ്ഞിട്ടും കാർ തിരിച്ചു നൽകിയില്ലെന്നുംഉടമ പൊലിസിന് വിവരം നൽകിയിട്ടുണ്ട്.

ഇരിട്ടി സി. ഐ കെ.ജെ ബിനോയിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. സി. ഐക്ക് പുറമേ എസ്. ഐ സുനിൽകുമാർ, സീനിയർ സിവിൽ പൊലിസ് ഓഫിസർ ബിനീഷ്, സി.പിഒ ഷിനോയ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയിൽ നിന്നുംതൊണ്ടി മുതലായ സ്വർണക്കുരിശ് കണ്ടെത്തിയിട്ടുണ്ട്. പായം പഞ്ചായത്ത്മുൻ പ്രസിഡന്റ് പരേതനായ സെബാസ്റ്റ്യൻ കക്കട്ടിലിന്റെ ഭാര്യയാണ്ഫിലോമിന. വിവരമറിയിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ തിരിച്ചറിയാനും പിടികൂടാനും പൊലിസ് കഴിഞ്ഞതിന്റെ ആശ്വാസത്തിലാണിവർ.