കണ്ണൂർ: അഗ്നിപഥ് വഴി പിൻവാതിൽ വഴി സൈനിക നിയമനം നടത്താനുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ഇടതുയുവജനസംഘടനകൾ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി.വസീഫ് ഉദ്ഘാടനം ചെയ്തു. ആർ. എസ്. എസ് വീരന്മാരെ അഗ്നിവീരറാക്കാനുള്ള കുറുക്കുവഴിയാണ് അഗ്നിപഥെന്ന് വസീഫ് ആരോപിച്ചു. തൊഴിലില്ലാത്ത ചെറുപ്പക്കാരെ സർക്കാർ വെല്ലുവിളിക്കുകയാണ്. സായുധസേനയിലേക്ക് ഇനി സ്ഥിരം നിയമനമില്ലെന്നാണ് പറയുന്നത്.

ഇന്ത്യൻ റെയിൽവേ, എൽ. ഐ.സി, ബി. എസ്. എൻ. എൽ തുടങ്ങിയ പൊതുമേഖലാസ്ഥാപനങ്ങൾ ഒന്നാകെ കോർപറേറ്റ് താൽപര്യങ്ങൾക്കായി ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. തൊഴിലില്ലാത്ത യുവജനങ്ങളെ വെല്ലുവിളിക്കുകയാണ് ബിജെപി സർക്കാർചെയ്യുന്നത്. സൈന്യത്തിന്റെ കെട്ടുറപ്പ് തകർക്കാനാണ് സ്വകാര്യവൽക്കരണം നടത്തുന്നത്. കർഷകസമരം പോലെ തന്നെ ജനകീയ പ്രക്ഷോഭത്തിന് മുൻപിൽ ഈ പദ്ധതിയും പിൻവലിക്കേണ്ടി വരുമെന്നും വസീഫ് മുന്നറിയിപ്പു നൽകി.

എ. ഐ.വൈ. എഫ് ജില്ലാസെക്രട്ടറി കെ.വി രജീഷ് അധ്യക്ഷനായി. ഡി.വൈ.വൈ. എഫ്. ഐ ജില്ലാ അധ്യക്ഷൻ സരിൻ ശശി, കെ.ടി രജീഷ്, റനീഷ് മാത്യു, ഒ.ടി സുരേഷ്, മുഹമ്മദ് അഫ്സൽ എന്നിവർ പ്രസംഗിച്ചു