കണ്ണൂർ: കേരളത്തിന് മേൽ വന്ന് വീണ വെള്ളിടിയാണ് കെ.റെയിലെന്ന് ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിയണമെന്ന് രാഷ്ട്രീയനിരീക്ഷകൻ ജോസഫ് സി.മാത്യു പറഞ്ഞു. സിൽവർ ലൈൻ പദ്ധതി സമ്പൂർണ്ണമായി പിൻവലിച്ച് സർക്കാർ ഉത്തരവിറക്കുക, സമരം ചെയ്തവർക്കെതിരെ യെടുത്ത കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.റെയിൽവിരുദ്ധ സമരസമിതി പ്രവർത്തകർ കലക്ടറേറ്റിലേക്ക് നടത്തിയ ബഹുജനമാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിൽവർ ലൈൻ പദ്ധതി അന്തിമമായി പിൻവലിക്കാതെ സമരത്തിൽ നിന്നും ഒരിഞ്ചു പോലും പിന്നോട്ടുപോകാൻ പാടില്ല. വിദേശപര്യടനം കഴിഞ്ഞെത്തിയാൽ പ്രധാനമന്ത്രിയിൽ നിന്നും പദ്ധതിക്കുള്ള അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി. ഇപ്പോൾ കെ.റെയിൽ പദ്ധതി കേന്ദ്ര അനുമതിയില്ലാതെ നടത്താൻ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഒരടി പിന്നോട്ടുമാറി വീണ്ടും പദ്ധതിയുമായി മുൻപോട്ടു പോകാനുള്ള തന്ത്രമാണ്. ഈ കെണിയിൽ സമരസമിതി പ്രവർത്തകർ വീണുപോകരുന്നത്. സർവേകുറ്റിയിടാത്ത കാലങ്ങളിൽ പരമാവധി ജനങ്ങളെ പദ്ധതിക്കെതിരെ ബോധവൽകരിക്കണം.

ഇതു സിൽവർ ലൈൻ പദ്ധതി കടന്നു പോകുന്ന ഭാഗത്തെ ജനങ്ങളുടെ പ്രശ്നം മാത്രമല്ല.മുഴുവൻ ജനങ്ങളുടെതുമാണ്. അതുകൊണ്ടു തന്നെ ഈ സമരം വിജയിക്കുകയെന്നത് അനിവാര്യമാണ്. ഒരു കാരണവശാലും പദ്ധതി നടപ്പിലാവില്ലെന്ന കാര്യം ഉറപ്പാണ്. എന്നാൽ സർക്കാർ ഇതിൽ നിന്നും പുറകോട്ടുപോവില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. തൽക്കാലം സർക്കാർ പുറകോട്ടടിച്ചതിന് കാരണം മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ എതിർപ്പും തൃക്കാക്കരയിലെ അനുഭവവുമാണ്. കല്ല് പറിച്ചന്റെ പല്ല് പോകുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാലിപ്പോൾ കല്ലിട്ടവന്റെ പല്ല് പോകുന്ന അവസ്ഥയാണെന്നും ജോസഫ് സി.മാത്യു പറഞ്ഞു. ബഹുജനധർണയിൽഎ.പി.ബദറുദ്ദീൻ അദ്ധ്യക്ഷനായി..വിവിധ രാഷ്ട്രീയ സാമൂഹ്യ- പരിസ്ഥിതി പ്രവർത്തകരായഅഡ്വ.പി.സി. വിവേക് അബ്ദുൾ കരീംചേലേരി, സാദിഖ് ഉളിയിൽ, അഡ്വ.റഷീദ് കവ്വായി, കെ.ഷമീമ ടീച്ചർ, ഷൈമ പ്രസാദ്, മറിയ അബു, ഡോ.ഡി.സുരേന്ദ്രനാഥ്, ഷൈല കെ ജോൺ, പി.ടി.മാത്യു, രാധാകൃഷ്ണൻ ,കെ .ജി.ബാബു, തുടങ്ങിയവർ സംസാരിച്ചു