- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുകാരണവശാലും കണക്കുകൾ പുറത്തുപോകരുത്; സ്കൂളുകളിലെ തലയെണ്ണലിന്റെ കണക്കുകൾ പുറത്തുവിടാതെ വിദ്യാഭ്യാസ വകുപ്പിന്റെ ഒളിച്ചുകളി; സമ്പൂർണ വെബ്പോർട്ടൽ വഴി വിവരം ശേഖരിച്ചിട്ടും പുതിയ കുട്ടികളുടെ എണ്ണം അറിയിക്കാതെ മുക്കി ഡിപിഐ
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമായിച്ച് 23 ദിവസമായെങ്കിലും, എത്ര കുട്ടികൾ എത്തിയെന്നത് രഹസ്യമാക്കി വച്ച് വിദ്യാഭ്യാസ വകുപ്പ്. ഇത്തവ കണക്ക് പുറത്തുപോകരുതെന്ന നിർദ്ദേശം വിദ്യാഭ്യാസ ജില്ലാ ഓഫീസർമാർക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്കും കിട്ടിയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇക്കാര്യം കാട്ടി പ്രത്യേക സർക്കുലർ അയയ്ക്കുകയും ചെയ്തു.
സാധാരണഗതിയിൽ ആറാം പ്രവൃത്തി ദിവസമാണ് വിദ്യാർത്ഥികളുടെ തലയെണ്ണുന്നത്. ഇത് പൂർത്തിയാക്കിയതായി വിവരമുണ്ടെങ്കിലും കണക്കു പുറത്തുവിടുന്ന പതിവ് രീതി ഈ വർഷം തെറ്റിച്ചു. തലയെണ്ണിക്കഴിഞ്ഞാൽ ഒന്നേകാൽ മാസത്തിനുള്ളിൽ തുടർനടപടികൾ പൂർത്തിയാക്കണം. ഈ വർഷം വിദ്യാഭ്യാസ ചട്ടത്തിൽ ഇതു സംബന്ധിച്ച് ചില ഭേദഗതികൾ വരുത്തിയിരുന്നു.
കുട്ടികളുടെ എണ്ണമനുസരിച്ച് വേണം ഡിവിഷനുകളുടെ എണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാൻ. ഇത് കണക്കാക്കിയാണ് അദ്ധ്യാപക തസ്തികകൾ നിർണയിക്കുന്നത്. എയ്ഡഡ് സ്‌കൂളുകളിലാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം മാനേജർക്ക് നൽകണം. ഇത്തരത്തിൽ വിവിധങ്ങളായ തലങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. വ്യാജ അഡ്‌മിഷൻ പിടിക്കപ്പെട്ടാൽ അതിന്റെ പൂർണ ഉത്തരവാദിത്വം ക്ലാസ് അദ്ധ്യാപകർക്കായിരിക്കുമെന്ന് വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തതുമായി ബന്ധപ്പെട്ട സർക്കുലറിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കിയിരുന്നു.
അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം കേന്ദ്രവിദ്യാഭ്യാസനിയമത്തിൽ ഷെഡ്യൂൾ പ്രകാരമാകണം. വിദ്യാർത്ഥികൾ കൂടുതലുണ്ടാകുകയും ഡിവിഷൻ കൂടുകയും ചെയ്യേണ്ട സാഹചര്യമുണ്ടാകുകയും ചെയ്താൽ വകുപ്പിന്റെ സൂപ്പർ ചെക്ക് സെൽ അന്വേഷണം നടത്തുമെന്നതടക്കമുള്ള കാര്യങ്ങളും ഡി.പി.ഐ.യുടെ സർക്കുലറിലുണ്ട്. അദ്ധ്യാപക-വിദ്യാർത്ഥി അനുപാതത്തിലും ഇക്കുറി വ്യത്യാസം വരുത്തിയിട്ടുണ്ട്.
എന്തായാലും കണക്കുകൾ അറിയിപ്പ് ലഭിക്കുന്നതു വരെ പുറത്തുവിടരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കർശന നിർദ്ദേശമുണ്ടെന്നും പറയപ്പെടുന്നു. ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ കഴിഞ്ഞ അധ്യയനവർഷം ഉണ്ടായിരുന്ന കുട്ടികളുടെ എണ്ണം, ഇപ്പോഴത്തെ വിദ്യാർത്ഥികൾ, ദാരിദ്ര്യ രേഖക്ക് മുകളിലും താഴെയും ഉള്ളവർ, ഭിന്നശേഷി വിദ്യാർത്ഥികൾ തുടങ്ങിയ വിവരങ്ങളും സമ്പൂർണ വെബ്‌പോർട്ടലിൽ ശേഖരിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ ആധാർ, യു.ഐ.ഡി നമ്പർ എന്നിവ ഉൾപ്പെടുത്തിയായിരുന്നു ഇത്തവണ പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. അല്ലാത്തവ എണ്ണത്തിൽ പരിഗണിച്ചിട്ടില്ല.
സമ്പൂർണ സോഫ്‌റ്റ്‌വെയർ വഴി യു.ഐ.ഡി അധിഷ്ഠിതമായി കുട്ടികളുടെ എണ്ണം ശേഖരിക്കുന്ന രീതി നിലവിൽ വരുന്നതിന് മുമ്പ് വിദ്യാഭ്യാസ ഓഫിസർമാർ ആറാം പ്രവൃത്തി ദിവസത്തിൽ സ്‌കൂളിൽ നേരിട്ടെത്തി നടത്തുന്ന 'തലയെണ്ണൽ' രീതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇതുവഴി സൃഷ്ടിക്കപ്പെടുന്ന തസ്തികകൾക്ക് പിന്നീട് ആ അധ്യയന വർഷം ഭീഷണി ഉയരാറുണ്ടായിരുന്നില്ല. എന്നാൽ ആറാം പ്രവൃത്തിദിനം കഴിയുന്നതോടെ നിരവധി സ്‌കൂളുകൾ കുട്ടികൾക്ക് വ്യാപകമായി വിടുതൽ സർട്ടിഫിക്കറ്റ് (ടി.സി) അനുവദിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. തസ്തിക സൃഷ്ടിക്കൽ നടപടി പൂർത്തിയായ ശേഷം കുട്ടികൾക്ക് ടി.സി നൽകുന്നത് പ്രവേശനത്തിലെ കൃത്രിമമാണെന്ന് കണ്ടെത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ