- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടത്തോടെ ഗസ്റ്റ് അദ്ധ്യാപകരെ പിരിച്ചുവിടുന്നതിന് എതിരെ കാലടി സർവകലാശാലയിലെ ഗസ്റ്റ് അദ്ധ്യാപകർ പ്രക്ഷോഭത്തിനൊരുങ്ങുന്നു
തൃപ്പൂണിത്തുറ:സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുവാൻ താത്കാലിക അദ്ധ്യാപകരുടെ എണ്ണം കുറച്ച് പകരം ഗവേഷക വിദ്യാർത്ഥികളെ അദ്ധ്യാപനത്തിനും, മൂല്യനിർണ്ണയത്തിനും നിയോഗിക്കണമെന്നാണ് കാലടി സംസ്‌കൃത സർവകലാശാലയുടെ തീരുമാനം . ഉന്നത വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്ന ഒന്നാണിത്. നിലവിൽ തന്നെ 2020 ഏപ്രിൽ-1 ന്റെ ഉത്തരവിലൂടെ 3500 ഓളം വരുന്ന അദ്ധ്യാപക തസ്തികകളാണ് സംസ്ഥാനത്ത് ഇല്ലാതാക്കിയത്.
രൂക്ഷമായ തൊഴിലില്ലായ്മയുടെ ഈ സാഹചര്യത്തിൽ ഉന്നത യോഗ്യതകൾ നേടി നിയമനം കാത്തിരിക്കുന്നവർ താല്കാലിക നിയമനത്തെ ആശ്രയിച്ചാണ് മുന്നോട്ടു പോകുന്നത്.ഗവേഷകരെ ഉപയോഗപ്പെടുത്തികൊണ്ട് വർക്ക് ലോഡ് നിശ്ചയിക്കപ്പെടുമ്പോൾ ഈ മേഖലയിൽ നിന്ന് യോഗ്യരായവർ തുടച്ചു നീക്കപ്പെടും.അദ്ധ്യാപകരുടെ എണ്ണം കുറച്ചു കൊണ്ട് ഗവേഷകരെ കൊണ്ടു പണിയെടുപ്പിക്കാമെന്നത് ഗവേഷണത്തിന്റെയും അദ്ധ്യാപനത്തിന്റെയും ആകെ തുകയിൽ വിദ്യാഭ്യാസത്തിന്റെയും അന്ത:സത്ത നഷ്ടപ്പെടുവാൻ കാരണമാകും.
നിലവിൽ സംസ്‌കൃത സർവകലാശാലയിൽ സ്ഥിരാദ്ധ്യാപക തസ്തികകൾ കുറവാണ്. ഗസ്റ്റ് അദ്ധ്യാപകരുടെ സേവനം ഉപയോഗിച്ചുകൊണ്ടാണ് സർവകലാശാലയിലെ പ്രവർത്തനം നടക്കുന്നത്. വർക്ക്‌ലോഡ് ഗവേഷകരുടെ തലയിൽ കെട്ടിവെയ്ക്കപ്പെടുന്നതോടെ വീണ്ടും നിരവധി തസ്തികകൾ സർവകലാശാലയിൽ ഇല്ലാതാകും.
സംസ്ഥാന സർക്കാർ പിജി വെയ്‌റ്റേജില്ലാതാക്കിയും വർക്ക്‌ലോഡ് പുനഃനിർണ്ണയിച്ചുമിറക്കിയ ഏപ്രിൽ ഒന്നിന്റെ ഉത്തരവിലൂടെ നിരവധി അദ്ധ്യാപക തസ്തികകൾ ഇല്ലാതാകുകയും പിഎച്ച്ഡി പൂർത്തിയായവരുടെ തൊഴിലില്ലായ്മ അധികരിക്കുകയും ചെയ്തു. ഈയൊരു സാഹചര്യത്തിൽ നിലവിലുള്ള ഗസ്റ്റ് അദ്ധ്യാപനത്തിനു കൂടി ഭീഷണിയായിക്കൊണ്ട് ഗവേഷകരെ കൊണ്ടു തൊഴിലെടുപ്പിക്കുന്നത് സ്വതന്ത്ര ഗവേഷണത്തെയും ഗസ്റ്റ് അദ്ധ്യാപക മേഖലയെയും ഒന്നടങ്കം ബാധിക്കും.
ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലവാരത്തെ തന്നെ ബാധിക്കുന്ന ഈ തീരുമാനം കാലടി സർവകലാശാല ഉടനടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് ആക്ഷൻ ഗസ്റ്റ് ലക്‌ച്ചേർസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഗസ്റ്റ് അദ്ധ്യാപകർ സിൻഡിക്കേറ്റ് യോഗത്തിലേക്ക് മാർച്ച് നടത്തി.. പ്രാഫ: കുസുമം ജോസഫ് മാർച്ച് ഉദ്ഘാടനം ചെയ്തു.