കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസിനു നേരെ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ, മുൻപ് സീതാറാം യെച്ചൂരിക്കെതിരെ നടന്ന ആക്രമണത്തിന്റെ കാര്യം ഓർമിപ്പിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്.

പണ്ട് നാലുപേർ ചേർന്ന് സീതാറാം യെച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോൾ ആശ്വസിപ്പിക്കാൻ രാഹുൽ ഗാന്ധിയെ ഉണ്ടായിരുന്നുള്ളുവെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. ബാലുശേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനെ ആക്രമിച്ച എസ്ഡിപിഐക്കാരനോട് ഒരു വാക്കുകൊണ്ടു പോലും പ്രതിഷേധിക്കാൻ സാധിച്ചില്ലെന്നും രാഹുൽ പരിഹസിച്ചു.

രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്എഫ്‌ഐ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും തള്ളിക്കളഞ്ഞിരുന്നു. അകത്തുകയറിയ പ്രവർത്തകർ ഓഫിസിനുള്ളിലെ സാധനങ്ങൾ അടിച്ചുതകർക്കുകയും സ്റ്റാഫിനെ മർദിക്കുകയും ചെയ്‌തെന്നാണ് കോൺഗ്രസിന്റെ ആരോപണം. ബഫർ സോൺ വിഷയത്തിൽ വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്എഫ്‌ഐ നടത്തിയ മാർച്ചിനിടെയാണ് അക്രമമുണ്ടായത്.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്:

ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ സമരം ചെയ്യാൻ പേടിച്ച് രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്കു മാർച്ച് നടത്തുകയും ഓഫിസ് അടിച്ചു തകർക്കുകയും ചെയ്ത എസ്എഫ്‌ഐക്കാരോട് രണ്ടു കാര്യം പറയാം.

1) ആ ഓഫിസിൽ നിന്ന് ഏറെ അകലമില്ലാത്ത ബാലുശേരിയിൽ നിങ്ങളുടെ കൂട്ടത്തിൽ ഒരുത്തനെ എസ്ഡിപിഐക്കാരൻ അടിച്ചു പഞ്ഞിക്കിട്ടിട്ട് ഒരു വാക്ക് കൊണ്ട് പ്രതിഷേധിക്കാൻ പറ്റാത്ത നാണമില്ലാത്തവന്മാരാണ് നിങ്ങൾ.

2) പണ്ട് നാലു പേർ ചേർന്ന് സീതാറാം യച്ചൂരിയുടെ കരണം പൊട്ടിച്ച് കവിളിന് നീരടിച്ചപ്പോൾ ആശ്വസിപ്പിക്കാൻ രാഹുൽ ഗാന്ധിയെ ഉണ്ടായിരുന്നുള്ളു.