ലക്‌നൗ: ഉത്തർപ്രദേശിൽ നിർമ്മാണത്തിലിരിക്കുന്ന കോളജ് കെട്ടിടത്തിന്റെ ഒരു ഭാഗം എംഎൽഎ വെറുംകൈ കൊണ്ടു തള്ളുമ്പോൾ നിലംപതിക്കുന്ന വിഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലാണ് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം എംഎൽഎ 'തള്ളി വീഴ്‌ത്തിയത്'.

ഉത്തർപ്രദേശ് സർക്കാരിന്റെ അഴിമതിയുടെ ഫലമെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് വിഡിയോ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്.

പ്രതാപ്ഗഡ് ജില്ലയിലെ റാണിഗഞ്ജിൽ ഗവൺമെന്റ് എൻജിനീയറിങ് കോളജിന്റെയും ഹോസ്റ്റലുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് സന്ദർശനത്തിനെത്തിയതായിരുന്നു സമാജ്വാദി പാർട്ടിക്കാരനായ എംഎൽഎ ഡോ. ആർ.കെ.വർമ. ഹോസ്റ്റൽ കെട്ടിടം സന്ദർശിക്കുന്ന സമയത്ത് നിർമ്മാണം പുരോഗമിക്കുന്ന ഒരു തൂണിൽ പിടിച്ച് അദ്ദേഹം തള്ളിയതോടെയാണ് അത് നിലംപൊത്തിയത്. നാലു നിലക്കെട്ടിടമാണ് ഇവിടെ പണിയുന്നതെന്ന് എംഎൽഎ പറയുന്നത് വിഡിയോയിൽ കേൾക്കാം.