- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൗർഭാഗ്യകരവും ബിജെപിയെ സന്തോഷിപ്പിക്കുന്നതും; കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചാൽ തടയില്ല: കെ മുരളീധരൻ
കോഴിക്കോട്: രാഹുൽഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടത്തിയ എസ്എഫ്ഐ മാർച്ചും തുടർന്നുണ്ടായ ആക്രമണത്തേയും അപലപിച്ച് കെ മുരളീധരൻ എംപി രംഗത്തെത്തി. സംഭവം ദൗർഭാഗ്യകരവും ബിജെപിയെ സന്തോഷിപ്പിക്കുന്നതാണെന്നും കെ മുരളീധരൻ കോഴിക്കോട് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ തിരിച്ചടിച്ചാൽ ഞങ്ങൾ തടയില്ല. കേരള പൊലീസ് ഗുണ്ടാസംഘമായി മാറിയെന്നും മുരളീധരൻ പറഞ്ഞു.
ആക്രമണത്തിൽ കേസെടുത്തതല്ലാതെ ഒരാളെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ദേശീയ തലത്തിൽ ബിജെപിക്ക് ഒപ്പമാണെന്ന് പ്രഖ്യാപിക്കുകയാണ് സിപിഐഎം എന്നും കെ മുരളീധരൻ പറഞ്ഞു. മാർകിസ്റ്റ് പാർട്ടിയിൽ എന്ത് കാര്യം നടക്കുമ്പോഴും സംസ്ഥാന നേതൃത്വം അറിയാതിരിക്കില്ലായെന്നതാണ് അതിന്റെ ഘടന പരിശോധിച്ചാൽ മനസ്സിലാവുക. മൂന്നൂറോളം പേരുടെ ജാഥ എന്തിനാണ് രാഹുലിന്റെ ഓഫീസിലേക്ക് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു.
സ്വർണക്കടത്ത് കേസിൽ നിന്ന് രക്ഷപെടാനാണിതെല്ലാം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിക്കുന്നത് ഉൾപ്പടെ തീരുമാനിക്കുമെന്നും മുരളീധരൻ പറഞ്ഞു. മഹാത്മാഗാന്ധിയോടുള്ള ആർഎസ്എസ് നിലപാടിനേക്കാൾ രൂക്ഷമായാണ് സിപിഐഎം പ്രതികരിക്കുന്നത്. പയ്യന്നൂരിൽ ഗാന്ധിയുടെ തല വെട്ടിവെച്ചതാണെങ്കിൽ ഇന്നലെ അദ്ദേഹത്തിന്റെ ഛായാചിത്രവും നശിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴവെച്ച സംഭവം വരെയുണ്ടായെന്നും മുരളീധരൻ ഓർമ്മിപ്പിച്ചു.
അതേസമയം ആക്രമണത്തെ അപലപിച്ച് എസ്എഫ്ഐ രംഗത്തെത്തി. ബഫർ സോണുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം ഉണ്ടാവുമെന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റിക്ക് അറിവുണ്ടായിരുന്നതെന്ന് ദേശീയാധ്യക്ഷൻ വി പി സാനു പറഞ്ഞു. ഒരു വ്യക്തിക്കെതിരെയല്ല മറിച്ച്, വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ്. അത് സ്വാഭാവികമാണ്. മാർച്ച് എസ്എഫ്ഐ തീരുമാനിച്ചതല്ലെന്നും വി പി സാനു പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും വി പി സാനു പറഞ്ഞു.എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ അറിവോടെയോ അനുവാദത്തോടെയോ അല്ല മാർച്ച് സംഘടിപ്പിച്ചതെന്ന് സംസ്ഥാന പ്രസിഡണ്ട് അനുശ്രിയും മാധ്യമങ്ങളോട് പറഞ്ഞു. പൊതുവിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തും എന്ന് അറിയിച്ചിരുന്നു. എന്നാൽ അത് അക്രമാസക്തമായത് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ല. അക്രമത്തെ അപലപിക്കുന്നതായും അനുശ്രി പറഞ്ഞു.