തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിലായ ഒരു വൃക്കരോഗി, വൃക്കമാറ്റ ശസ്ത്രക്രിയയെ തുടർന്ന് മരിച്ചത് ഡോക്ടർമാരുടെ അനാസ്ഥയാണെന്ന രീതിയിൽ പ്രചാരണം നടത്തി യാതൊരു അന്വേഷണവും നടത്താതെ സസ്‌പെൻഡ് ചെയ്ത സർക്കാർ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും സസ്‌പെൻഷൻ ഉടൻ പിൻവലിക്കണമെന്നും മെഡിക്കൽ സർവീസ് സെന്റർ സംസ്ഥാന കമ്മറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.

വളരെ സങ്കീർണതകളുള്ള ഇത്തരം അവയവമാറ്റശാസ്ത്രക്രിയകളിൽ പരാജയസാധ്യതകൂടെ ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുള്ളതാണ് എന്ന കാര്യം ഇവിടെ തീരെ പരിഗണിച്ചിട്ടില്ല.140ലേറെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള സ്ഥാപനമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ്. സ്വകാര്യ ആശുപത്രികളിൽ നാൽപ്പതും അമ്പതും ലക്ഷം രൂപ ഫീസിനത്തിൽ വാങ്ങുന്ന ഇത്തരം ശസ്ത്രക്രിയകൾ, അങ്ങേയറ്റം പരിമിതമായ സൗകര്യങ്ങൾ വച്ചുകൊണ്ടാണ് മെഡിക്കൽ കോളജിൽ നടത്തി വരുന്നത്.

സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭ്യമാകാതെ രോഗികൾ മരിച്ചുപോകുമെന്ന ഒരു പ്രതീതി സൃഷ്ടിക്കുന്നത് സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂ. സർക്കാർ സംവിധാനങ്ങളിലെ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം തകർക്കാനും ഡോക്ടർമാരെ ഈ സേവന മേഖലയിൽ നിന്നും ആട്ടി അകറ്റാനും മാത്രമേ മന്ത്രിയുടെ ഇപ്പോഴത്തെ നടപടി സഹായിക്കൂ. വസ്തുതാന്വേഷണം നടത്തുന്നതിന് പകരം കയ്യടി വാങ്ങുന്നതിനായി നടത്തുന്ന ഇത്തരം ഗിമ്മിക്കുകൾ അവസാനിപ്പിക്കണമെന്നും മെഡിക്കൽ സർവീസ് സെന്റർ ആവശ്യപ്പെട്ടു.

വളരെ പരിമിതമായ സൗകര്യങ്ങളുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളാണ് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകൾ. ഗുരുതര രോഗം ബാധിച്ച ആയിരക്കണക്കിന് രോഗികൾ ദിവസവും മെഡിക്കൽ കോളേജുകളിൽ വിദഗ്ധ ചികിത്സ തേടിയെത്തുമ്പോൾ ആവശ്യകതയുമായി തട്ടിച്ചു നോക്കുമ്പോൾ വളരെ കുറച്ചു ഡോക്ടർമാരും ജീവനക്കാരും ചേർന്നാണ് ചികിത്സ നിർവഹിക്കുന്നത്. ഈ പരിമിതികൾക്കകത്തു നിന്നാണ് കോവിഡ് മഹാമാരിയെ മറികടക്കാൻഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ കഠിന പരിശ്രമം നടത്തിയത്.സർക്കാർ ആശുപത്രികളിലെ പരാധീനതകളുടെ പൂർണ്ണമായ ഉത്തരവാദിത്വം സർക്കാരിനാണ്.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിശോധനാ വേളകളിൽ കോളേജുകളുടെ അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ഡോക്ടർമാരെ അങ്ങോട്ട് സ്ഥലംമാറ്റി, പരിശോധന കഴിയുമ്പോൾ തിരിച്ചും സ്ഥലംമാറ്റി കൗൺസിലിന്റെ കണ്ണിൽ പൊടിയിടുന്ന പരിപാടി ഉടൻ അവസാനിപ്പിച്ച് എല്ലാ മെഡിക്കൽ കോളേജുകളിലും കൗൺസിൽ നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് ഡോക്ടർമാരെയും ഇതര ജീവനക്കാരെയും സ്ഥിരനിയമനം നടത്തണം. ആവശ്യമായ എല്ലാ ചികിത്സാ സംവിധാനങ്ങളും സർക്കാർ ആശുപത്രികളിൽ ഏർപ്പെടുത്തണം. എന്നാൽ മാത്രമേ ജനങ്ങൾക്ക് യഥാസമയം ചികിത്സ ലഭിക്കുകയുള്ളൂ.

ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്ന പ്രവണത കൂടിക്കൂടി വരുമ്പോഴും അതിനെതിരെ യഥാസമയം നടപടിയെടുക്കാനും സർക്കാർ തുനിയുന്നില്ല. സ്വന്തം വീഴ്ചകൾ മറച്ചു വച്ച് പരാധീനതകളുടെ ഉത്തരവാദിത്വം മുഴുവൻ ഡോക്ടർമാരുടെയും ജീവനക്കാരുടെയും തലയിൽ കെട്ടി വെച്ച് കൈയൊഴിയാനുള്ള സർക്കാരിന്റെ ശ്രമത്തിനെതിരെ ജനങ്ങൾ രംഗത്തുവരണം. സർക്കാർ ആശുപത്രികളും അതിലെ ആരോഗ്യപ്രവർത്തകരും നിലനിൽക്കേണ്ടത് ഇവിടുത്തെ സാധാരണക്കാരുടെ ആവശ്യമാണ്. യാതൊരു അന്വേഷണവും ഇല്ലാതെ ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്ത നടപടി സ്വകാര്യ ആശുപത്രി ശൃംഖലയെ സഹായിക്കുവാൻ മാത്രമേ ഉപകരിക്കൂ.

അതിനാൽ ഇക്കാര്യത്തിൽ സർക്കാർ അടിയന്തിര നടപടിയെടുത്ത് ഡോക്ടർമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നും സർക്കാർ അതിനു തുനിയുന്നില്ലെങ്കിൽ മെഡിക്കൽ സമൂഹവും പൊതുജനങ്ങളും രംഗത്തിറങ്ങണമെന്നും മെഡിക്കൽ സർവീസ് സെന്റർ അഭ്യർത്ഥിച്ചു.