പത്തനംതിട്ട: വയനാട്ടിൽ രാഹുൽഗാന്ധി എംപി.യുടെ ഓഫീസ് ആക്രമിച്ച കേസിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും ഉൾപ്പെട്ടതിൽ പ്രതിഷേധം ശക്തം. മന്ത്രി വീണാ ജോർജിന് നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.

പത്തനംതിട്ട അങ്ങാടിക്കലിലെ വീട്ടിൽനിന്ന് മന്ത്രി അടൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി പ്രതിഷേധത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി. കണ്ണൻ ഉൾപ്പെടെയുള്ള നാലുപ്രവർത്തകരെയും പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

അടൂരിലെ ഫുട്ബോൾ ടർഫിന്റെ ഉദ്ഘാടനത്തിനായി വൈകിട്ട് നാലുമണിയോടെ മന്ത്രി വീട്ടിൽനിന്ന് യാത്രതിരിക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചാണ് എം.ജി. കണ്ണൻ ഉൾപ്പെടെ നാലുപേർ മന്ത്രിയുടെ വീടിന് സമീപമെത്തിയത്. യൂത്ത് കോൺഗ്രസ് പ്രതിഷേധമുണ്ടാകുമെന്ന വിവരത്തെത്തുടർന്ന് പൊലീസും സ്ഥലത്ത് എത്തിയിരുന്നു.

മന്ത്രിയുടെ വാഹനം പ്രധാന റോഡിലേക്ക് കയറിയതോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനത്തിന്റെ പിറകെ ഓടി കരിങ്കൊടി കാണിച്ചത്. പ്രതിഷേധം കാരണം മന്ത്രിയുടെ യാത്ര തടസ്സപ്പെടുകയോ മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാവുകയോ ചെയ്തില്ല.

വയനാട്ടിൽ രാഹുൽഗാന്ധി എംപി.യുടെ ഓഫീസ് ആക്രമിച്ച കേസിൽ ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും ഉൾപ്പെട്ടതായാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. ക്രിമിനലുകളെ ഒപ്പം കൊണ്ടുനടക്കുന്ന മന്ത്രിയെ വഴിയിൽ തടയുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎ‍ൽഎ. പ്രഖ്യാപിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് പത്തനംതിട്ടയിൽ മന്ത്രിക്ക് നേരേ പ്രതിഷേധം അരങ്ങേറിയത്. അതേസമയം, പേഴ്സണൽ സ്റ്റാഫ് അംഗമായ അവിഷിത്ത് ഈ മാസം ആദ്യം ജോലിയിൽനിന്ന് രാജിവെച്ചിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിൽ കാഞ്ഞങ്ങാട്ടും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകർ നഗരമധ്യത്തിൽ റോഡ് ഉപരോധിച്ചു. ടയറുകൾ കത്തിച്ചു. റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.