കയ്‌റോ: വിവാഹാഭ്യർത്ഥന നിരസിച്ചതിന് സ്ത്രീകളെ അരുകൊല നടത്തുന്ന സംഭവങ്ങൾ ഏറുകയാണ്. ഈ സംഭവം കേരളത്തിലല്ല, അങ്ങ് ഈജിപ്റ്റിലെ കയ്‌റോയിൽ. പട്ടാപ്പകൽ കയ്‌റോയിലെ അൽമൻസൂറ സർവകലാശാലയുടെ മുന്നിൽ വച്ച് യുവതിയെ സഹപാഠി ക്രൂരമായി മർദ്ദിച്ച ശേഷം കുത്തി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും, നെഞ്ചിലും എല്ലാം കുത്തേറ്റ് 21 കാരിയായ വിദ്യാർത്ഥിനി നയ്‌റ പിടഞ്ഞുവീണു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.

സംഭവത്തിന്റെ സിസി ടിവി ഫുട്ടേജ് പുറത്തുവന്നിട്ടുണ്ട്. അക്രമിയെ വഴിപ്പോക്കരെല്ലാം കൂടി പിടികൂടുന്നതും പൊലീസ് അറസ്റ്റ് ചെയ്യുന്നതും കാണാം. മൊഹമ്മദ് ആദേൽ എന്ന വിദ്യാർത്ഥിയാണ് പിടിയിലായത്. തങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായും, തന്റെ വിവാഹാഭ്യർത്ഥന നിരസിച്ചതോടെയാണ് കടുംകൈക്ക് മുതിർന്നതെന്നും ആദേൽ പറഞ്ഞു. ആദേലിന്റെ വിവാഹാഭ്യർഥന നിരസിച്ച നയ്‌റയെ അയാൾ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ശല്യപ്പെടുത്തി. അതോടെ നയ്‌റ ആദേലിനെ സമൂഹമാധ്യമങ്ങളിൽ ബ്ലോക്ക് ചെയ്തു.

പലവട്ടം വിവാഹാഭ്യർത്ഥന നിരസിച്ചിട്ടും, ഇയാൾ യുവതിയുടെ പിന്നാലെ കൂടുകയായിരുന്നു. രണ്ടുമാസം മുമ്പ് ഇയാൾ നയ്‌റയുടെ അടുത്തുവരുന്നത് തടയാൻ പൊലീസ് ഉത്തരവും കുടുംബം വാങ്ങിയിരുന്നു. വിഡിയോകളിലൂടെ പ്രശസ്തയായിരുന്ന നയ്‌റയ്ക്ക് സമൂഹമാധ്യമങ്ങളിൽ ധാരാളം ഫോളോവേഴ്‌സുണ്ടായിരുന്നു.

വിവാഹിതയാകാൻ ആഗ്രഹിച്ചിരുന്നില്ല നയ്‌റ. എയർ ഹോസ്റ്റസ് ആകാനാണ് മോഹിച്ചത്. പ്രണയിച്ചയാളെ വിവാഹം കഴിക്കാൻ സാധിച്ചില്ലെങ്കിൽ ഇല്ലാതാക്കുകയാണോ ചെയ്യുന്നത് എന്ന് നയ്‌റയുടെ പിതാവ് അഷറഫ് അബ്ദുൽ ഖാദർ ചോദിക്കുന്നു, കുറ്റവാളിക്കു രക്ഷപ്പെടാൻ ഏറെ പഴുതുകളുള്ള നിയമസംവിധാനങ്ങൾ ഉള്ള നാടാണ്. ഒരു പോറൽ പോലും എൽക്കാതെ കുറ്റവാളി പുറത്തു വരുമെന്ന് ഭയപ്പെടുന്നു ഈ പിതാവ്. പെൺകുഞ്ഞുങ്ങൾ ഇനിയും കൊല്ലപ്പെട്ടുകൊണ്ടിരിക്കും. നഷ്ടം ഞങ്ങളെ പോലുള്ളവരുടേത് മാത്രമാകും, വധശിക്ഷയിൽ കുറഞ്ഞതൊന്നും തനിക്ക് ആശ്വാസമാകില്ലെന്നും അഷ്‌റഫ് പറഞ്ഞു.

സംഭവം ഈജിപ്റ്റിലെ സോഷ്യൽ മീഡിയയിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്. സ്ത്രീകൾക്ക് നേരേയുള്ള അതിക്രമങ്ങളെ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് അഭിഭാഷകനായ നെഹാദ് അബോൽ കോംസൻ അഭിപ്രായപ്പെട്ടു. നിരവധി യൂടൂബർമാരും നയ്‌റയുടെ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ചില വ്യക്തികൾ നയ്‌റയെ വസ്ത്രധാരണത്തെ വിമർശിച്ച് കൊലയെ ന്യായീകരിച്ചത് വിവാദമായിട്ടുണ്ട്.

കഴിഞ്ഞ വർഷം ഈജിപ്റ്റിൽ സ്ത്രീകൾക്കെതിരെയുള്ള 800 അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തലേവർഷത്തേക്കാൾ ഇരട്ടിയിലധികം. പല സ്ത്രീകളും പൊലീസിൽ റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നതിനാൽ, യഥാർത്ഥ കേസുകളുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്.