- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി ഭരണത്തിൽ കേരളത്തിൽ നടക്കുന്നത് സഞ്ചരിക്കുന്ന അടിയന്തരാവസ്ഥ; സമരം ചെയ്യുന്നവരെ അടിച്ചമർത്താൻ ശ്രമിക്കുകയാണ് ഫാസിസ്റ്റ് ഭരണാധികാരികൾ എന്നും കെ.കെ രമ എംഎൽഎ
കണ്ണൂർ: കേരളത്തിൽ നടക്കുന്നത് സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയാണെന്ന് കെ.കെ രമ എംഎൽഎ ആരോപിച്ചു. കണ്ണൂർ ഗുരുഭവനിൽ മനുഷ്യാവകാശ സമിതി നടത്തിയ അടിയന്തരാവസ്ഥയുടെ വർത്തമാനമെന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ഇന്ത്യയിൽ നരേന്ദ്ര മോദി നടപ്പിലാക്കുന്നതു പോലെ കേരളത്തിലും പിണറായി വിജയന്റെ ഭരണത്തിലും സഞ്ചരിക്കുന്ന അടിയന്തരാവസ്ഥയാണ് നടപ്പിലാക്കുന്നത്. ജനകീയ പ്രതിഷേധത്തെ ഭയക്കുകയാണ് കേരളത്തിലെ ഭരണാധികാരികൾ. പൊതു ഇടങ്ങളിൽ നിന്നും കറുത്ത മാസ്‌ക് പോലും വിലക്കുന്നു. എത്രഭീകരമായ സാഹചര്യത്തിലാണ് കേരളം കടന്നു പോകുന്നത്. ഒരു എംപിയുടെ ഓഫിസ് പോലും ബഫർ സോൺ വിഷയത്തിൽ അക്രമിക്കപ്പെടുകയാണ്. സമരം ചെയ്യാൻ പോലും അവകാശമില്ലാത്ത രീതിയിലേക്ക് നമ്മുടെ നാട് മാറിയിരിക്കുകയാണ്. സമരം ചെയ്യുന്നവരെ അടിച്ചമർത്താൻ ശ്രമിക്കുകയാണ് ഫാസിസ്റ്റ് ഭരണാധികാരികൾ.
ഇതിനെതിരെയുള്ള പ്രതിഷേധമുണ്ടായില്ലെങ്കിൽ എങ്ങനെയാണ് ജനാധിപത്യസമൂഹം മുൻപോട്ടു പോവുകയെന്നും കെ.കെ രമ പറഞ്ഞു. ഒരു ഭരണാധികാരി പോകുന്നയിടത്തെല്ലാം പൊലിസിനെകൊണ്ടു പൗരന്റെ അവകാശങ്ങൾ അടിച്ചമർത്തുകയാണ്. രാജ്യത്ത് നരേന്ദ്ര മോദി സർക്കാർ അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കുകയാണ് ചെയ്യുന്നത്.
ടാഡയും പോട്ടയും പോലെയുള്ള കരിനിയമങ്ങൾ ബുൾഡോസർരാജിലൂടെ ആവർത്തിക്കുകയാണ് ചെയ്യുന്നത്. പൗരത്വനിർണയം പോലെ മതവും ജാതിയും നോക്കിയാണ് രാജ്യത്ത് പൗരന്റെ ജനാധിപത്യ അവകാശങ്ങൾ നിർണയിക്കപ്പെടുന്നതെന്നും കെ.കെ രമ ചൂണ്ടിക്കാട്ടി. പരിപാടിയിൽ ഡോ.ഡി.സുരേന്ദ്രനാഥ് അധ്യക്ഷനായി. കെ.സി ഉമേഷ്ബാബു, പ്രൊഫ. കെ.പി സജി, അഡ്വ.വിനോദ് പയ്യട, കെ.സുനിൽകുമാർ, എന്നിവർ സംസാരിച്ചു. പി.ടി ഭാസ്‌കരൻ സ്വാഗതം പറഞ്ഞു.




