കണ്ണൂർ: ക്രിമിനൽ സംഘമായി മാറിയ എസ്.എഫ്.ഐ വിദ്യാർത്ഥി സമൂഹത്തിന് തന്നെ അപമാനമായി മാറിയിരിക്കുകയാണെന്നും ഗുണ്ടാ മാഫിയ സംഘങ്ങളായി അഴിഞ്ഞാടുന്ന ഈ സംഘം ഒരു സാമൂഹിക വിപത്തായിരിക്കുകയാണെന്നും ഡി.സി.സി അധ്യക്ഷൻ അഡ്വ.മാർട്ടിൻ ജോർജ്.കെ.എസ്.യു നേതാവ് കെ.പി സജിത്ത്‌ലാലിന്റെ 27-ാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കെ.എസ്.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരു പറ്റം ക്രിമിനൽ സംഘത്തിന്റെ നിയന്ത്രണത്തിലാണ് ഇന്ന് എസ്.എഫ്.ഐ പ്രവർത്തിക്കുന്നത്.സംസ്ഥാന ജനറൽ സെക്രട്ടറി തന്നെ നിരവധി അക്രമ കേസുകളിൽ പ്രതിയായി ഇപ്പോൾ ജയിലിലാണ്. കൊലപാതക ശ്രമങ്ങൾ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ സംസ്ഥാന സെക്രട്ടറി കോടതി നൽകിയ ജാമ്യത്തിലിരിക്കെ തുടർച്ചയായി ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാൽ കോടതി ജാമ്യം റദാക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചാണ് വീണ്ടും ജയിലിലടച്ചത്. അത്തരത്തിലുള്ള നേതൃത്വത്തിന്റെ അനുയായികളിൽ നിന്നും കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.യു പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായിരുന്നു സജിത്ത് ലാൽ. ജനങ്ങളുമായും വിദ്യാർത്ഥി സമൂഹവുമായും എന്നും നല്ല ആത്മബന്ധമുണ്ടായിരുന്ന സജിത്ത്‌ലാലിനെ സിപിഎം ക്രിമിനലുകൾ ഭീകരമായാണ് കൊലപ്പെടുത്തിയത്. സജീത്ത്‌ലാലിന്റെ പ്രവർത്തന പാത പിന്തുടർന്ന് കെ.എസ്.യു പ്രവർത്തനം ശക്തിപ്പെടുത്താനും പൊതു സമൂഹത്തിന്റെയും വിദ്യാർത്ഥികളുടേയും പ്രശ്നങ്ങൾ ഏറ്റെടുത്ത് മാതൃകാ പരമായ സംഘടനാ പ്രവർത്തനങ്ങൾ കാഴ്ചവെക്കാനും കെ.എസ്.യു പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് അധ്യക്ഷനായി. സതീശൻ പാച്ചേനി അനുസ്മരണ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി,കെ.സി മുഹമ്മദ് ഫൈസൽ,കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുൽ റഷീദ്,രാജീവൻ എളയാവൂർ, സുദീപ് ജയിംസ് തുടങ്ങിയവർ സംസാരിച്ചു.