ആലപ്പുഴ: ആലപ്പുഴയിലെ അന്ധകാരനഴി ബീച്ചിലും ചെല്ലാനത്തുമായി കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് മൂന്ന് യുവാക്കൾ മുങ്ങിമരിച്ചു. കോട്ടയം ശാന്തിപുരം അമ്പാടിയിൽ ചന്ദ്രന്റെയും തങ്കമ്മയുടെയും മകൻ ആകാശ് (26), എരമല്ലൂർ പാണപറമ്പ് ശിവശങ്കരന്റെ മകൻ ആനന്ദ് (25) എന്നിവരാണ് അന്ധകാരനഴിയിൽ തിരയിൽപെട്ട് മരിച്ചത്.

എഴുപുന്ന മുണ്ടുപറമ്പിൽ മധുവിന്റെ മകൻ ആശിഷ് (18) ആണ് ചെല്ലാനത്ത് അപകടത്തിൽ മരിച്ചത്. ചങ്ങനാശേരി സ്വദേശി അനൂപി (25)നെ ഗുരുതരാവസ്ഥയിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ആറിനായിരുന്നു രണ്ട് അപകടങ്ങളും ഉണ്ടായത്.

ഏഴ് പേരടങ്ങുന്ന സംഘമാണ് ചെല്ലാനത്ത് കടലിൽ കുളിക്കാനിറങ്ങിയത്. തിരയിൽപെട്ട ആശിഷിനെ രക്ഷപ്പെടുത്തി തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുറവൂരിലെ സാരഥി ഇലക്ട്രിക്കൽസിലെ ജീവനക്കാരായ ആകാശും ആനന്ദും അനൂപും ശ്രീരാജും ഒന്നിച്ച് വാടകയ്ക്ക് താമസിക്കുകയാണ്. ഞായറാഴ്ച വൈകിട്ട് 5.45 നാണ് നാലുപേരും അന്ധകാരനഴി ബീച്ചിലെത്തിയത്. ബീച്ചിൽ നിന്ന് തെക്കുമാറി ശ്രീരാജ് ഒഴികെയുള്ള മൂന്നു പേരും കുളിക്കാനിറങ്ങുകയും തിരയിൽപ്പെടുകയുമായിരുന്നു. ശ്രീരാജ് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ബീച്ചിലുണ്ടായിരുന്നവരും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

ആദ്യം ആകാശിനെയാണ് കരയ്ക്കെത്തിച്ചത്. വിവരമറിയിച്ചതിനെത്തുടർന്ന് പട്ടണക്കാട് സിഐ. ആർ.എസ്.ബിജു, എസ്‌ഐ.മിഥുൻരാജ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി. അൽപസമയത്തിനു ശേഷം ആനന്ദിനെയും അനൂപിനെയും കിട്ടി. മൂന്ന് പേരെയും തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ആകാശും ആനന്ദും മരിച്ചു. ഗുരുതരാവസ്ഥയിലുള്ള അനൂപിനെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.