കാഞ്ഞങ്ങാട്: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ കോടതി റിമാന്റ് ചെയ്തു. ബേക്കൽ പള്ളിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവർ ഷെഫീ ക്ക്, പള്ളിക്കര സിഎച്ച് നഗറിൽ താമസിക്കുന്ന പടന്നക്കാട് അനന്തംപള്ളയിലെ ജാസ്മിന്റെ മകൾ സൈനബ എന്നിവരെയാണ് ഹോസ്ദുർഗ് കോടതി റിമാന്റ് ചെയ്തത്.

കഴിഞ്ഞ മാസം 31 നാണ് ഇരുവരും ഒളിച്ചോടിയത്. സൈനബയ്ക്ക് മൂന്നും ഷെഫീക്കിന് രണ്ടും കുട്ടികളുണ്ട്. ഷെഫീക്ക് ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ചും, സൈനബ ഗൾഫിലുള്ള ഭർത്താവിനേയും മൂന്ന് കുട്ടികളേയും ഉപേക്ഷിച്ചാണ് നാടു വിട്ടത്. സൈനബയുടെ ഭർതൃസഹോദരന്റെ പരാതിയിലും ഷഫീക്കിന്റെ പിതാവിന്റെ പരാതിയിലും ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയിൽ എറണാകുളത്ത് വെച്ച് ബേക്കൽ എസ്‌ഐ സി.രാമചന്ദ്രനും സംഘവുമാണ് ഇരുവരേയും അറസ്റ്റുചെയ്തത്.

ഒളിച്ചോടിയതിനുശേഷം പടന്നക്കാട് അനന്തംപള്ളയിലെ വീട്ടിലെത്തി സൈനബ നാലുവയസുള്ള മകനെ എടുത്തുകൊണ്ടുപോയിരുന്നു. ഇതുസംബന്ധിച്ച് കൊച്ചുമകനെ കാണാനില്ലെന്ന സൈനബയുടെ മാതാവ് ജാസ്മിന്റെ പരാതിയിൽ ഹോസ്ദുർഗ് പൊലീസും കേസെടുത്തിരുന്നു. സൈനബയേയും ഷഫീക്കിനേയും പൊലീസ് അറസ്റ്റുചെയ്യുമ്പോൾ കൂടെ നാലുവയസുള്ള കുഞ്ഞും കൂടെയുണ്ടായിരുന്നു. സൈനബയേയും ഷഫീക്കിനേയും റിമാന്റ് ചെയ്തപ്പോൾ കുഞ്ഞിനെ കോടതി സൈനബ യുടെ ഭർതൃസഹോദരന്റെ സംരക്ഷണയിൽ ഏൽപ്പിച്ചു.