ക്കഴിഞ്ഞ വാരാന്ത്യത്തിൽ വിൻഫ്രി ഓപറയെ സന്ദർശിക്കാൻ പോയ ഹാരിയുടെയും മേഗന്റെയും ചിത്രങ്ങൾ പുറത്തുവന്നു. ബ്രിട്ടീഷ് രാജകുടുംബത്തിനു നേരെ ആദ്യമായി ചെളിവാരിയെറിഞ്ഞുകൊണ്ടുള്ള അഭിമുഖത്തിലൂടെ ശ്രദ്ധേയയായി മറിയ ഓപറയെ ഇരുവരും സന്ദർശിച്ചത് വീണ്ടും പല സംശയങ്ങൾക്കും വഴിമരുന്നിട്ടിട്ടുണ്ട്. ശനിയാഴ്‌ച്ച ഉച്ച തിരിഞ്ഞായിരുന്നു ഹാരിയും മേഗനും വിൻഫ്രീ ഓപറയുടെ വീട്ടിലെത്തിയത്. കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇവരുടെ സുഹൃത്തും നടിയുമായ ജാനിന ഗവൻകർ ആണ് അതെന്നാണ് കരുതുന്നത്.

തങ്ങളുടെ വീട്ടിൽ നിന്നും വെറും അഞ്ച് മിനിറ്റുകൊണ്ട് എത്താവുന്ന ഓപ്പറയുടെ വീട്ടിലേക്ക് ഹാരിയും മേഗനും യാതയായത് ഒരു കൂട്ടം കാറുകളുടെ അകമ്പടിയോടെ ആയിരുന്നു എന്ന് ചില വിശ്വസനെയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. അതിൽ സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിക്കുന്ന റേഞ്ച് റോവറും ഉണ്ടായിരുന്നു.ഹാരിയായിരുന്നു ഏറ്റവും മുൻപിലെ കാർ ഓടിച്ചിരുന്നത്. പിൻ സീറ്റിലിരുന്ന മേഗൻ വഴിയിലുടനീളം കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേരുമായി സംസാരിക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ വംശീയാധിക്ഷേപം മുതലുള്ള കുറ്റങ്ങൾ ആരോപിക്കപ്പെട്ട അഭിമുഖത്തിനു ശേഷം മറ്റൊരു ബോംബു കൂടി വരികയാണോ എന്ന ആശങ്കയിലാണ് ഇപ്പോൾ രാജകുടുംബം. 2021 മാർച്ചിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ രാജകുടുംബത്തിലെ ഒരംഗം ആർച്ചിയുടെ ചർമ്മത്തിന്റെ നിറത്തെ പരാമർശിച്ച് കളിയാക്കിയിരുന്നു എന്ന് അവർ വെളിപ്പെടുത്തിയിരുന്നു. ഇത് ആഗോള തലത്തിൽ തന്നെ ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ നിരവധി പ്രതികരണങ്ങൾക്ക് കാരണമായിരുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് ചാൾസ് രാജകുമാരൻ രാജാവാകുന്നതു വരെ ആർച്ചിക്ക് രാജകുമാരൻ എന്ന പദവി ലഭിക്കില്ല. അത് അറിഞ്ഞിട്ടും മേഗൻ ആരോപിച്ചത് വംശീയ വിവേചനം മൂലമാണ് ആർച്ചിക്ക് ആ പദവി നിഷേധിക്കപ്പെട്ടത് എന്നായിരുന്നു. മാത്രമല്ല, ചാൾസ് രാജകുമാരൻ തങ്ങളെ സാമ്പത്തികമായി തളർത്തി എന്നും മെട്രോപോളിറ്റൻ പൊലീസിന്റെ സംരക്ഷണം പിൻവലിപ്പിച്ചെന്നും അന്ന് അവർ ആരോപിച്ചിരുന്നു. കൊട്ടാരത്തിനുള്ളിൽ കടുത്ത മാനസിക പീഡനം അനുഭവിക്കേണ്ടി വന്നതായും അന്ന് മേഗൻ പറഞ്ഞിരുന്നു.

ഈ അവസരത്തിൽ ഹാരിയും മേഗനും ഓപ്പറയെ സന്ദർശിച്ചത് ഏറെ സംശയങ്ങൾക്ക് വിത്തു പാകിയിട്ടുണ്ട്. രാജ്ഞിയുടെ പ്ലാറ്റിനം ജൂബിൽ ആഘോഷങ്ങളിൽ പങ്കെടുത്ത് ഇരുവരും മടങ്ങിയിട്ട് മൂന്നാഴ്‌ച്ചയിൽ താഴെ മാത്രമേ ആകുന്നുള്ളു. ലണ്ടനിൽ ഉണ്ടായിരുന്ന സമയത്ത് ഇരുവർക്കും വേണ്ടതുപോലെ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാനായില്ല എന്നു മാത്രമല്ല, സ്വകാര്യ ഫോട്ടോഗ്രാഫർമാരെ നിരോധിച്ച്, രാജ്ഞിയുമൊത്തുള്ള ചിത്രം എടുക്കുന്നതുപോലെ അസാധ്യമാക്കി. മാത്രമല്ല, തീർത്തും അപ്രധാനമായ ഒരു സ്ഥലത്തുള്ള കെട്ടിടത്തിന്റെ ജനലിലൂടെ കുതിരപ്പന്തയം ഇരുവരും കാണുന്ന ചിത്രവും പുറത്തുവന്നിരുന്നു.

പ്രതീക്ഷിച്ച രീതിയിൽ തിളങ്ങാൻ കഴിയാതെ വന്നതുകൊണ്ടായിരിക്കാം, പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ പൂർത്തിയാകാൻ കാത്തുനിൽക്കാതെ ഇരുവരും അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു. തിരിച്ചെത്തിയ ഹാരി സി ബി എസ് ചാനലിൽ രാജ്ഞിയുടെ സുരക്ഷയെ കുറിച്ച് ആശങ്കപ്പെട്ട് പ്രസ്താവന ഇറക്കുകയും ചെയ്തു.