തൃശൂർ: വിവാഹത്തിനായി അബുദാബിയിൽ നിന്നും നാട്ടിലെത്തിയ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. സംസ്ഥാന പാതയിൽ കൊരട്ടിക്കരയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പട്ടാമ്പി കൂട്ടുപാത തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (26) യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൊരട്ടിക്കര മസ്ജിദിനു സമീപത്തായിരുന്നു അപകടം. അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കും നിസ്സാര പരുക്കുണ്ട്.

മുഹമ്മദ് ഷാഫി സഞ്ചരിച്ച കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ കോഴിക്കോട് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണു പരുക്കേറ്റയാളെ പുറത്തെടുത്തത്. ഉടൻ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നിയന്ത്രണം വിട്ട ബസ് സമീപത്തു കാന നിർമ്മാണ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ നേരെയാണ് പാഞ്ഞെത്തിയത്. ഇവർ ഓടി മാറുകയായിരുന്നു.

അബുദാബിയിൽ ജോലിയുള്ള മുഹമ്മദ് ഷാഫി 10 ദിവസം മുൻപാണ് അവധിക്കു നാട്ടിലെത്തിയത്. വിവാഹം നടത്താനുള്ള ഒരുക്കത്തിനിടെയാണു ദുരന്തം. ഉമ്മ: നബീസ. സഹോദരങ്ങൾ: ഷംസുദ്ദീൻ, സുലൈമാൻ, ഷംല, ഷാജിത, ഷെജി.