- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയുടെ തലപ്പത്തിരിക്കുന്നത് വിവരമില്ലാത്തവർ; വെറും ക്ലബ്ബായ അമ്മയിൽ അംഗത്വം വേണ്ട; ഷമ്മി തിലകൻ പറയുന്നതിലും കാര്യമുണ്ടെന്ന് ജോയ് മാത്യു: താര സംഘടനയിൽ ക്ലബ്ബ് വിവാദം കൊഴുക്കുന്നു
കൊച്ചി: 'ക്ലബ്ബ്' പരാമർശത്തിന്റെ പേരിൽ താര സംഘടനയായ 'അമ്മ'യിൽ വിവാദം കൊഴുക്കുന്നു. ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് നടൻ ജോയ് മാത്യു അംഗത്വം വേണ്ടെന്നു ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറിക്ക് കത്തെഴുതി. ക്ലബ്ബ് ആയ അമ്മയിൽ അംഗത്വം വേണ്ടെന്ന് ജോയ് മാത്യു പറഞ്ഞു. സന്നദ്ധ സംഘടനയായതു കൊണ്ടാണ് അംഗത്വമെടുത്തതെന്നും വേറെ നല്ല ക്ലബ്ബിൽ അംഗമാണെന്നും അദ്ദേഹം പറഞ്ഞു.
ക്ലബ്ബ് എന്നത് ഒരു മോശം വാക്കല്ലെന്നും ഇല്ലാത്ത അർഥങ്ങൾ ഉണ്ടാക്കി സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കരുതെന്നും ചൂണ്ടിക്കാട്ടി ഇടവേള ബാബു നടൻ ഗണേശ് കുമാറിനും കത്തയച്ചു. അംഗത്വ ഫീ ആയി നൽകിയ ഒരു ലക്ഷത്തോളം രൂപ തിരിച്ചു തരണമെന്നും ആവശ്യപ്പെട്ടു. സന്നദ്ധ സംഘടന ആണെന്നു കരുതിയാണ് ഒരു ലക്ഷം രൂപ നൽകി താൻ 'അമ്മ'യിൽ അംഗത്വം എടുത്തതെന്നു ജോയ് മാത്യു പറഞ്ഞു.
അമ്മ സെക്രട്ടറി വിവരക്കേട് പറയുകയാണ്, അത് തിരുത്തണം. നിർവാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. വിവരമില്ലാത്തവരാണ് സംഘടനയുടെ തലപ്പത്ത് ഇരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാൽ എന്തു ചെയ്യുമെന്നും ജോയ് മാത്യു ചോദിക്കുന്നു. ക്ലബ്ബിന്റെ നിയമാവലി വേറെ, സന്നദ്ധസംഘടനയുടേത് വേറെ. രണ്ടിനും ചിട്ടവട്ടങ്ങളും വ്യത്യസ്തമാണ്. മറ്റേതു സംഘടനയെടുത്താലും വേതനത്തിന്റെ കാര്യത്തിൽ വേർതിരിവ് കാണില്ല. എന്നാൽ തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല അമ്മ. ഇവിടെ അങ്ങനെയല്ല, വിരുദ്ധാഭിപ്രായങ്ങളും കുറവാണ്.
വിജയ് ബാബുവിന്റെ കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ അതിനെപ്പറ്റി അഭിപ്രായം പറയുന്നില്ലെന്നും ജോയ് മാത്യു പറഞ്ഞു. നടൻ ഷമ്മി തിലകൻ സംഘടനയെപ്പറ്റി പറയുന്നതിൽ കുറേ കാര്യമുള്ളപ്പോൾ കുറേ അപാകങ്ങളുമുണ്ടെന്നും ജോയ് മാത്യു പറഞ്ഞു. അച്ഛനെ വേട്ടിയാടിയ സംഘത്തോട് സമരസപ്പെടാൻ നല്ല മകന് പറ്റില്ല. കിരീടം സിനിമയുടെ മോഡലാണ് അത്. അദ്ദേഹത്തിന് അതിന്റെ പകയുണ്ടാകാം. ഇവരുടെ ഓരോ വീഴ്ചകളിലും ഷമ്മി തിലകൻ ശ്രദ്ധാലുവാണ് എന്നത് അവരെ അലോസരപ്പെടുത്തുന്നുണ്ടാകാം. പറയുന്ന കാര്യങ്ങളിലും ശ്രദ്ധയുണ്ട്. അത്തരം ശബ്ദങ്ങൾ വേണമെന്നും അങ്ങനെയൊന്നും ഷമ്മിയെ പുറത്താക്കാൻ പറ്റില്ല.
അതേസമയം, അമ്മ ക്ലബ്ബ് അല്ലെന്ന നടനും എംഎൽഎയുമായ ഗണേശ് കുമാറിന്റെ പരാമർശത്തിന് മറുപടിയുമായി ജനറൽ സെക്രട്ടറി ഇടവേള ബാബു. ഗണേശ് കുമാറിനുള്ള കത്തിലാണ് ഇടവേള ബാബുവിന്റെ മറുപടി. ക്ലബ്ബ് എന്നത് ഒരു മോശം വാക്കായി താൻ കാണുന്നില്ലെന്ന് പറഞ്ഞ ഇടവേള ബാബു 'ക്ലബ്ബ്' എന്നതിന്റെ വ്യാഖ്യാനവും വിക്കിപീഡിയയിൽ നൽകിയിരിക്കുന്ന നിർവചനവും കത്തിൽ ചേർത്തിട്ടുണ്ട്.
നേരത്തേ കേസിൽ പ്രതിയായ നടൻ ബിനീഷ് കോടിയേരിക്കെതിരേ ഗണേശ് കുമാർ സ്വീകരിച്ച നിലപാട് പരിശോധിക്കുമ്പോൾ ഇപ്പോൾ കാണിക്കുന്നത് ഇരട്ടത്താപ്പാണെന്നും ഇടവേള ബാബു കത്തിൽ പറയുന്നു. ജഗതി ശ്രീകുമാറിനെതിരേയും പ്രിയങ്കയ്‌ക്കെതിരേയും കേസ് വന്നപ്പോഴും താങ്കൾ ഉൾപ്പെട്ടിരുന്ന മുൻകാല കമ്മിറ്റിയും ഇതേ നിലപാടുകൾ തന്നെയല്ലേ എടുത്തിരുന്നതെന്നും ഇടവേള ബാബു കത്തിൽ ചോദിക്കുന്നു.
പ്രസിഡന്റ് മോഹൻലാലിന് ഗണേശ് അയച്ച കത്തുകൾക്ക് സമയക്കുറവു കൊണ്ട് ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം മറുപടികൾ തരാറില്ലേയെന്നും ഇടവേള ബാബു കത്തിൽ ചോദിക്കുന്നു. കഴിഞ്ഞ 27 വർഷമായി സംഘടന മുന്നോട്ടു കൊണ്ടുപോകാൻ എന്നും മുന്നിട്ടു നിന്നിരുന്ന താങ്കൾ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത് സംഘടനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നുണ്ട്. ചെയ്യാത്ത തെറ്റിന് തന്നെ ക്രൂശിക്കരുതെന്നും ഇടവേള ബാബു കത്തിൽ പറയുന്നു.
ഇന്നലെയാണ് കൊച്ചിയിൽ അമ്മയുടെ വാർഷിക ജനറൽ ബോഡി ചേർന്നത്. യോഗത്തിൽ വിജയ് ബാബുവും പങ്കെടുത്തിരുന്നു. യോഗത്തിനു ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമായ കാരണങ്ങളില്ലാതെ നടൻ വിജയ്ബാബുവിനെ പുറത്താക്കാനാവില്ലെന്നായിരുന്നു നേതൃത്വം പറഞ്ഞത്. വിവിധ ക്ലബ്ബുകളിൽ അംഗമായ അദ്ദേഹത്തെ മറ്റു ക്ലബ്ബുകൾ പുറത്താക്കിയിട്ടില്ലെന്നും അമ്മയും ഒരു ക്ലബ്ബാണെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ