മണ്ണാർക്കാട്: 28കാരിയായ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നത് പെട്ടന്നുണ്ടായ പ്രകോപനത്തിൽ. പല്ലുതേക്കാതെ ഒന്നര വയസ്സുള്ള മകനെ ഉമ്മവെക്കാൻ ശ്രമിച്ച ഭർത്താവിനെ വിലക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ബെംഗളൂരുവിൽ വ്യോമസേനയിലെ സാങ്കേതിക വിഭാഗം ജീവനക്കാരനായ കാരാകുറിശ്ശി കുണ്ടുകണ്ടം വീട്ടിൽക്കാട്ടിൽവീട്ടിൽ അവിനാഷാണ് ഭാര്യ കോയമ്പത്തൂർ സ്വദേശിനി ദീപികയെ (28) വെട്ടി കൊലപ്പെടുത്തിയത്.

സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരാകുറിശ്ശി കുണ്ടുകണ്ടത്ത് ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. സംഭവ സമയം ദീപികയും അവിനാഷും മകൻ ഐവിനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അവിനാഷ് പല്ലുതേക്കാതെ ഒന്നരവയസ്സുള്ള മകൻ ഐവിനെ ഉമ്മവെക്കാൻ ശ്രമിച്ചു. ദീപിക ഇത് തടയുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. തുടർന്നുണ്ടായ വഴക്കിനിടയിൽ ദേഷ്യം സഹിക്കാനാവാതെ അവിനാഷ് മടവാളുപയോഗിച്ച് ദീപികയെ വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു.

കഴുത്തിലും കൈയിലും കാലിലും വെട്ടേറ്റ ദീപിക കുഴഞ്ഞു വീണു. ദീപികയുടെ ശബ്ദംകേട്ട് പരിസരവാസികളും അടുത്തുതാമസിക്കുന്ന ബന്ധുക്കളും എത്തിയപ്പോഴാണ് ദീപികയ്ക്ക് വെട്ടേറ്റ വിവരമറിയുന്നത്. മകൻ ഐവിൻ അമ്മയ്ക്കുസമീപം ഇരുന്ന് ഉച്ചത്തിൽ കരയുകയായിരുന്നു. തുടർന്ന്, പൊലീസിൽ വിവരമറിയിക്കയും ദീപികയെ പെരിന്തൽമണ്ണയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കയും ചെയ്തു. ദീപിക ആശുപത്രിയിൽ മരിച്ചു.

മൂന്നുവർഷം മുമ്പാണ് ദീപികയുടെയും അവിനാഷിന്റെയും വിവാഹം കഴിഞ്ഞത്. ബെംഗളൂരുവിൽ താമസമാക്കിയ ഇരുവരും രണ്ടുമാസമായി കുണ്ടുകണ്ടത്ത് തറവാട്ട് വീട്ടിലാണ് താമസിക്കുന്നത്. ജോലിയിൽനിന്ന് അവധിയെടുത്താണ് അവിനാഷ് നാട്ടിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. അവിനാഷ് പെട്ടെന്ന് ദേഷ്യംവരുന്ന പ്രകൃതക്കാരനാണെന്നും ഇതാവാം കൊലപാതകത്തിൽ കലാശിച്ചതിന് കാരണമെന്നും പൊലീസ് പറയുന്നു. ദീപികയുടെ ബന്ധുക്കൾ പാലക്കാട്ടേക്ക് തിരിച്ചിട്ടുണ്ട്. ദീപികയുടെ മൃതദേഹം മണ്ണാർക്കാട് താലൂക്കാശുപത്രിയിലേക്ക് മാറ്റി.