- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേശികൾ അടിയേറ്റ് ചതഞ്ഞു; മാംസം നുറുങ്ങിയ നിലയിൽ; അരയ്ക്ക് താഴെ നിരവധി തവണ മർദിച്ച പാടുകൾ; സിദ്ദിഖിനേറ്റത് ക്രൂരമർദ്ദനം; പ്രവാസിയെ കൊലപ്പെടുത്തിയ ക്വട്ടേഷൻ സംഘത്തിലെ റയീസും ഷാഫിയും യുഎഇയിലേക്ക് കടന്നു
കാസർകോട്: ഡോളർ കടത്തുമായി ബന്ധപ്പെട്ട് കാസർകോട് ഉപ്പളയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ പ്രവാസി അബൂബക്കർ സിദ്ദിഖ് മരണത്തിന് മുമ്പ് നേരിട്ടത് ക്രൂര പീഡനമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കാൽപാദത്തിലും ശരീരത്തിന്റെ പിൻഭാഗത്തുമേറ്റ മർദ്ദനത്തിൽ മാംസം നുറുങ്ങിയ നിലയിലായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പേശികൾ അടികൊണ്ട് ചതഞ്ഞ് വെള്ളം പോലെ ആയിരുന്നു. ഇത്രയും ഭീകരമായ രീതിയിലുള്ള അക്രമം മുൻപ് കേട്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
അതേ സമയം പ്രവാസിയുടെ കൊലപാതകത്തിൽ ഉൾപ്പെട്ട ക്വട്ടേഷൻ സംഘാംഗങ്ങളിൽ ചിലർ രാജ്യം വിട്ടതായാണ് സൂചന. ക്വട്ടേഷൻ സംഘത്തിലെ പ്രധാനികളായ റയീസും ഷാഫിയും യുഎഇയിലേക്ക് കടന്നു. റയീസ് ദുബായിൽ എത്തിയത് തിങ്കളാഴ്ച്ചയാണ്.
കേസിലെ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് കാസർകോട് എസ്പി വൈഭവ് സക്സേന ഇന്ന് വ്യക്തമാക്കിയിരുന്നു. രണ്ട് പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നായിരുന്നു എസ്പി വൈഭവ് സക്സേന പറഞ്ഞത്. ക്വട്ടേഷൻ സ്വീകരിച്ച ഒരു പ്രതിയുടെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ പിടിച്ചെടുത്തെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
തലച്ചോറിനേറ്റ ക്ഷതമാണ് പ്രവാസി അബൂബക്കർ സിദ്ദീഖിന്റെ മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലകീഴായി കെട്ടിത്തൂക്കിയാണ് മർദ്ദിച്ചത്. അരയ്ക്ക് താഴെ നിരവധി തവണ മർദിച്ച പാടുകളുണ്ട്. പേശികൾ അടിയേറ്റ് ചതഞ്ഞു. ക്ഷതം മനസിലാക്കാൻ പ്രത്യേക പരിശോധന നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ക്വട്ടേഷൻ സംഘം ക്രൂരമായാണ് മർദ്ദിച്ചതെന്ന് കൊല്ലപ്പെട്ട അബൂബക്കർ സിദ്ദീഖിന്റെ സഹോദരൻ അൻവറും സുഹൃത്ത് അൻസാരിയും പ്രതികരിച്ചു.
പൈവളിഗ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചാണ് അൻവർ ഹുസൈനെയും അൻസാരിയേയും ക്വട്ടേഷൻ സംഘം ക്രൂരമായി മർദ്ദിച്ചത്. ബോളംകളയിലെ ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ചും തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചു. അൻസാരിയെക്കൊണ്ടും സിദ്ദിഖിനെ മർദിക്കാൻ ശ്രമമുണ്ടായി. വിസമ്മതിച്ചപ്പോൾ തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് അൻസാരി പറഞ്ഞു. മഞ്ചേശ്വരം സ്വദേശിയായ ഒരാൾ നൽകിയ ക്വട്ടേഷൻ പ്രകാരമാണ് പൈവളിഗയിലെ സംഘം, അബൂബക്കർ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
നാല് മണിക്കൂർ എടുത്താണ് പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയത്. കാൽപാദത്തിലും പിൻഭാഗത്തുമേറ്റ അടിയുടെ കനത്ത ആഘാതം തലയിലേക്ക് എത്തിയുണ്ടായ ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
പുത്തിഗെ മുഗു റോഡിലെ അബൂബക്കർ സിദ്ദീഖിനെ(31) കഴിഞ്ഞ ഞായറാഴ്ചയാണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ദുബായിലേക്ക് കടത്താനായി ഉപ്പളയിലെ ക്വട്ടേഷൻ സംഘം ഏൽപ്പിച്ച അരക്കോടിയോളം രൂപ വിലവരുന്ന ഡോളർ കാണാതായതാണ് കൊലപാതകത്തിന് കാരണം.
രഹസ്യമായി ഡോളർ തുന്നിപ്പിടിപ്പിച്ച ബാഗ് ദുബായിലെ ഏജന്റിനെ ഏൽപിച്ചുവെന്നാണ് സിദ്ദീഖ് പറഞ്ഞത്. എന്നാൽ പണം അവിടെ എത്തിയിട്ടില്ലെന്ന് ഏൽപ്പിച്ചവർ പറഞ്ഞു. ഇതോടെ ചർച്ചയ്ക്ക് എന്ന് പറഞ്ഞ് ദുബായിൽ നിന്നും വിളിച്ച് വരുത്തിയ ശേഷം ഇവർ സിദ്ദിഖിനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ