- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഎൻജിസിയുടെ കോപ്റ്റർ അപകടം; കണ്ണൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും; മരണമടഞ്ഞത് ചാലാട് പടന്നപ്പാലം സ്വദേശി സഞ്ജു ഫ്രാൻസിസ്
കണ്ണൂർ: എണ്ണ, പ്രകൃതി വാതക കോർപറേഷന്റെ (ഒഎൻജിസി) ഹെലികോപ്റ്റർ കടലിൽ വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ചാലാട് പടന്നപ്പാലം കൃപയിൽ കെ. സഞ്ജു ഫ്രാൻസിസ് (38) ആണ് മരിച്ചത്. ഒഎൻജിസിയുടെ കാറ്ററിങ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് സഞ്ജു.
ചൊവ്വാഴ്ച രാവിലെ 11.45 ഓടെ ജുഹുവിലെ ഹെലിപാഡിൽ നിന്ന് എണ്ണപ്പാടങ്ങളുള്ള മുംബൈ ഓഫ്ഷോറിലെ സാഗർ കിരൺ എന്ന റിഗ്ഗിലേക്കുള്ള യാത്രമധ്യേയാണ് അപകടം നടന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് കടലിൽ അടിയന്തിര ലാൻഡിങ് നടത്താൻ ശ്രമിച്ചപ്പോൾ അപകടത്തിൽ പെടുകയായിരുന്നു.
പടന്നപ്പാലത്തെ പരേതനായ സണ്ണി ഫ്രാൻസിസ്- മേരി അംബിക ദമ്പതികളുടെ മകനാണ്. മൃതദേഹം മുംബൈയിലെ നാനാവതി ആശുപത്രി മോർച്ചറിയിലാണ്. അമ്മയും സഹോദരനും മുംബൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അവിടുത്തെ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കും. സഹോദരൻ: ഡിക്സൺ ഫ്രാൻസിസ്.




