ചങ്ങനാശ്ശേരി: വിശുദ്ധ ജോൺ ബെർക്കുമാൻസിന്റെ തിരുശേഷിപ്പ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് ചാപ്പലിൽ എത്തിച്ചു. ഇറ്റലിയിൽനിന്ന് ലഭിച്ച തിരുശേഷിപ്പുകൾ കോളേജിന്റെ ശതാബ്ദിവർഷത്തിലാണ് എത്തിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി അതിരൂപതാ കേന്ദ്രത്തിൽ എത്തിച്ച തിരുശേഷിപ്പ്, പൊന്തിഫിക്കൽ എക്യുമെനിക്കൽ കമ്മിഷനംഗം ഫാ. ജിജി പുതുവീട്ടിക്കളം ആർച്ചുബിഷപ്പ് മാർ. ജോസഫ് പെരുന്തോട്ടത്തിന് കൈമാറി.

പിന്നീട് വാഹനങ്ങളുടെ അകമ്പടിയോടെ അരമന ചാപ്പലിൽ എത്തിച്ചു. ആർച്ചുബിഷപ്പിന്റെയും വൈദികരുടെയും കാർമികത്വത്തിൽ പ്രാർത്ഥന നടന്നു. പ്രദക്ഷിണവും ഉണ്ടായിരുന്നു. വിശുദ്ധ ബെർക്കുമാൻസിന്റെ ഓർമദിനമായ ഓഗസ്റ്റ് 13-ന് ചാപ്പലിൽ പ്രത്യേകം തയ്യാറാക്കുന്ന പീഠത്തിൽ തിരുശേഷിപ്പ് പ്രതിഷ്ഠിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

പ്രിൻസിപ്പൽ ഫാ.റെജി കുര്യൻ, വൈസ് പ്രിൻസിപ്പൽമാരായ ഡോ.ബെന്നി മാത്യു, റവ.ഡോ.ജോസ് ജോർജ്, ഡോ.ജോസഫ് ജോബ്, ബർസാർ ഫാ.മോഹൻ മാത്യു, റവ.ഡോ.ടോം പുതുപ്പറമ്പിൽ, പ്രൊഫ. ജാൻസൻ ജോസഫ്, പ്രൊഫ. അനീഷ് ജോസഫ് തുടങ്ങിയവർ നേതൃത്വം നല്കി.