തിരുവല്ല: തിരുവല്ല സ്റ്റേഷനിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും പ്ലാറ്റ് ഫോമിലേക്ക് തലയടിച്ചു വീണ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനിയായ അദ്ധ്യാപിക മരിച്ചു. സംഭവത്തിൽ അടിമുടി ദുരൂഹതയെന്ന് ബന്ധുക്കളും ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മയും ആരോപിക്കുന്നു. വർക്കല ജി.എച്ച്.എസ് അദ്ധ്യാപിക കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി ജോൺ (37) ആണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരിച്ചത്.

തിരുവല്ല റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച വൈകീട്ട് ഏഴു മണിയോടെ ആയിരുന്നു ജിൻസിയുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. നാഗർകോവിലിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ട്രെയിനിലെ യാത്രക്കാരിയായിരുന്നു ജിൻസി. സ്റ്റേഷനിൽ നിന്നും ട്രെയിൻ വിട്ടതിന് പിന്നാലെ പ്ലാറ്റ് ഫോമിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി പ്ലാറ്റ് ഫോമിലേക്ക് വീെണന്നാണ് പൊലീസിന്റെ വിശദീകരണം.

എന്നാൽ, കോട്ടയം ഇറങ്ങേണ്ട ഇവർ തിരുവല്ല സ്റ്റേഷനിൽ ട്രെയിൻ നല്ല സ്പീഡ് ആയതിനു ശേഷം എന്തിന് ചാടിയിറങ്ങണമെന്ന് ബന്ധുക്കൾ ചോദിക്കുന്നു. ട്രെയിൻ പ്ലാറ്റ്‌ഫോമിൽ നിന്നും എടുത്ത് നല്ല സ്പീഡ് ആയതിന് ശേഷമാണ് വീണതെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. അതുകൊണ്ട് തന്നെ പൊലീസ് പറയുന്നതിൽ കഴമ്പില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വീഴുന്നതിന് കുറച്ചു മുൻപ് വരെ ബന്ധുക്കളുമായി ടീച്ചർ ഫോണിൽ സംസാരിച്ചിരുന്നു. ആ സമയത്ത് നല്ല സന്തോഷവതിയായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. അതുകൊണ്ട് തന്നെ ആത്മഹത്യയെന്നും പറയാൻ സാധിക്കില്ല

അതിനിടെ, തിരുവല്ല സ്റ്റേഷനിൽനിന്ന് ട്രെയിൻ നീങ്ങിയപ്പോൾ മുഷിഞ്ഞ വസ്ത്ര ധാരി ആയ ഓരാൾ ലേഡീസ് കമ്പാർട്ട്‌മെന്റിൽ ഓടി കയറുന്നത് കണ്ടതായി ചിലർ പറയുന്നതായി ഫ്രണ്ട്‌സ് ഓൺ റെയിൽ എന്ന കൂട്ടായ്മ ചൂണ്ടിക്കാട്ടി. അസ്വാഭാവിക മരണത്തിന് റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. സി.സി.ടി.വി ദൃശ്യം പരിശോധിച്ചപ്പോൾ ട്രെയിൻ നല്ല സ്പീഡ് ആയ ശേഷം തിരുവല്ല പ്ലാറ്റ്‌ഫോം തീരുന്ന ഭാഗത്താണ് യാത്രക്കാരി വീഴുന്നതായി കാണുന്നതെന്നും ഫ്രണ്ട്‌സ് ഓൺ റെയിൽ പറയുന്നു. ഈ കാര്യത്തിൽ വിശദമായ അന്വേഷണം റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു.