- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്പാദ്യവും സ്വത്തുക്കളുമെല്ലാം റവന്യൂ റിക്കവറിയിലൂടെ കണ്ടുകെട്ടി; ശേഷിച്ച പണം കൊണ്ട് കോടതി കയറി ഇറങ്ങി; 30 ലക്ഷം രൂപ പിഴയടക്കാനില്ലെന്ന് മണിച്ചന്റെ കുടുംബം: ജയിലിൽ നിന്നിറങ്ങാനാവാതെ കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി
തിരുവനന്തപുരം: ജയിലിൽ നിന്നും മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടെങ്കിലും കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചൻ ഇപ്പോഴും ജയിലിൽ തന്നെ. പിഴ ശിക്ഷയായ 30.45 ലക്ഷം രൂപ അടയ്ക്കാനില്ലാത്തതാണ് ചന്ദ്രൻ എന്ന മണിച്ചന്റെ ജയിൽ മോചനം അനന്തമായി നീളുന്നതിന് കാരണം. ഇത്രയും വലിയ തുക പിഴയായി അടക്കാൻ തക്ക സമ്പാദ്യമൊന്നും തങ്ങൾക്കില്ലെന്ന് മണിച്ചന്റെ കുടുംബം വ്യക്തമാക്കി. ഉണ്ടായിരുന്ന പണമെല്ലാം കേസ് നടത്തി തീർന്നെന്നും ഇത്രയും വലിയ തുക പിഴയടക്കാൻ തങ്ങൾക്ക് സമ്പാദ്യമില്ലെന്നും മണിച്ചന്റെ കുടുംബം പറഞ്ഞു.
പിഴശിക്ഷ അടയ്ക്കാത്ത സാഹചര്യത്തിൽ മണിച്ചന് 22 വർഷത്തോളം ജയിൽവാസം അനുഭവിക്കേണ്ടി വരും. മണിച്ചൻ അടക്കം വിവിധ കേസുകളിൽപ്പെട്ട 33 പ്രതികളെ ജയിലിൽ നിന്നും മോചിപ്പിക്കാൻ രണ്ടാഴ്ച മുമ്പാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതിൽ 31 പേർ ജയിൽ മോചിതനായി. എന്നാൽ പിഴയടക്കാൻ പൈസ ഇല്ലാത്തതിനാൽ മണിച്ചൻ ജയിലിൽ തുടരുകയാണ്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് മണിച്ചന്റെ കുടുംബം.
30 ലക്ഷം രൂപയെന്ന ഭീമമായ തുക സ്വരൂപിക്കാവുന്ന സാമ്പത്തിക സ്ഥിതിയിലല്ലെന്ന് മണിച്ചന്റെ വീട്ടുകാർ പറയുന്നു. മദ്യദുരന്തക്കേസിനെ തുടർന്ന് തങ്ങളുടെ സമ്പാദ്യവും സ്വത്തുക്കളുമെല്ലാം റവന്യൂ റിക്കവറിയിലൂടെ കണ്ടുകെട്ടി. ശേഷിക്കുന്ന സമ്പാദ്യം ഉപയോഗിച്ചാണ് കോടതികളിൽ നിയമ പോരാട്ടം നടത്തിയത്. സാമ്പത്തികമായി തകർന്ന തങ്ങൾക്ക് ഇത്രയും വലിയ തുക അടയ്ക്കാൻ ശേഷിയില്ല. കേസിൽ ഇത്രകാലം ജയിൽശിക്ഷ അനുഭവിച്ചത് പരിഗണിച്ചും സാമ്പത്തികസ്ഥിതി കണക്കിലെടുത്തും മണിച്ചനെ ജയിൽമോചിതനാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും വീട്ടുകാർ സൂചിപ്പിച്ചു.
മണിച്ചനെ ജയിൽ മോചിതനാക്കണമെന്നും പിഴശിക്ഷ എഴുതി തള്ളണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. ജൂലൈ 11 ന് ഇതുസംബന്ധിച്ച ഹർജി സമർപ്പിക്കുമെന്നാണ് വിവരം. മദ്യദുരന്ത കേസുമായി ബന്ധപ്പെട്ട് 65 കാരനായ മണിച്ചൻ 22 വർഷമാണ് ജയിലിൽ കഴിഞ്ഞത്. വീണ്ടും ഇത്രയും കാലം കൂടി ജയിലിൽ കഴിയണമെന്നാണോ ആവശ്യപ്പെടുന്നതെന്നും വീട്ടുകാർ ചോദിക്കുന്നു.
സർക്കാർ മോചന ഉത്തരവിറക്കിയ 33 പേരിൽ 31 പേർ ജയിൽ മോചിതനായി. 2003 ലെ കുപ്പണ വിഷമദ്യദുരന്തക്കേസിലെ പ്രതിയായ തമ്പിയും മണിച്ചന്റേതിന് സമാന അവസ്ഥയിൽ ജയിലിൽ കഴിയുകയാണ്. 10 ലക്ഷം രൂപ പിഴ അടച്ചാലേ തമ്പിക്കും ജയിൽ മോചിതനാകാൻ കഴിയൂ. 2000 ഒക്ടോബറിലാണ് കല്ലുവാതുക്കൽ വിഷ മദ്യ ദുരന്തമുണ്ടായത്. ദുരന്തത്തിൽ 33പേർ മരിക്കുകയും നിരവധിപേർക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.
അബ്കാരിയായ മണിച്ചന്റെ ഗോഡൗണിൽ നിന്ന് എത്തിച്ച മദ്യം കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്. മണിച്ചൻ, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാർ, എന്നിവരായിരുന്നു പ്രധാന പ്രതികൾ. ഹയറുന്നിസ ജയിൽ ശിക്ഷ അനുഭവിക്കവേ മരിച്ചു.
മറുനാടന് മലയാളി ബ്യൂറോ