- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി : ഭിന്നശേഷിക്കാരിയായ 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിനതടവും, 1,75,000 രൂപ പിഴയും. തൃക്കരിയൂർ തങ്ങളം കരയിൽ കാക്കനാട് വീട്ടിൽ വാവച്ചൻ മകൻ ബേസിൽ കെ വാവച്ചനെയാണ് (23) എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ. സോമൻ ശിക്ഷിച്ചത്.
2017 ജൂണിലായിരുന്നു കേസ്സിന് ആസ്പദമായ സംഭവം. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് വരുവാൻ ബസ് കാത്തുനിന്ന പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് പ്രതി തന്റെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ഒരു തെങ്ങിൻ തോപ്പിൽ എത്തിച്ച് ബലാൽസംഗം ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പിറ്റേദിവസം തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു.
പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ഏഴുവർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും, ലൈംഗികാതിക്രമം നടത്തിയതിന് മൂന്നുവർഷം കഠിനതടവും 25,000 രൂപ പിഴയും, ബലാൽസംഗം ചെയ്തതിന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത് . പ്രതിയുടെ പ്രായം പരിഗണിച്ചാണ് ഏറ്റവും കുറവ് ശിക്ഷ നൽകുന്നതെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.
പ്രതിക്ക് കുറ്റകൃത്യം ചെയ്ത സമയത്ത് 19 വയസ്സായിരുന്നു പ്രായം. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക പെൺകുട്ടിക്ക് നൽകുവാനും കോടതി ഉത്തരവിട്ടു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി നോർത്ത് പറവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മറ്റൊരു 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെയും പ്രതിയാണ്.
കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂവാറ്റുപുഴ ഡിവൈഎസ്‌പി ആയിരുന്ന കെ ബിജുമോനാണ് അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. എ ബിന്ദു, അഡ്വ: സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.