- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രൂവറിയിൽ ജോലി ചെയ്ത ചെറുപ്പകാലം; ഓട്ടോ ഓടിച്ചെത്തിയത് ആനന്ദ് ഡിഗെയുടെ മനസ്സിലേക്ക്; താനെയിൽ കൗൺസിലറായി രാഷ്ട്രീയ തുടക്കം; രണ്ട് മക്കളുടെ വിയോഗത്താൽ വനവാസം; തിരിച്ചുവരവിൽ എംഎൽഎയും മന്ത്രിയുമായി; 'വില്ലനിൽ നിന്നും മഹാരാഷ്ട്രയുടെ 'നാഥൻ' ആയി ഷിൻഡെ
മുംബൈ: ബാലാസാഹെബ് താക്കറെയുടെയും പിന്നീട് ഉദ്ധവ് താക്കറെയുടെയും വീടായ, ശിവസൈനികരുടെ ആരാധനാകേന്ദ്രമായിപ്പോലും കണക്കാക്കപ്പെടുന്ന 'മാതോശ്രീ'യിലെത്തി താക്കറെമാരുടെ ഒരു കൂടിക്കാഴ്ച പാർട്ടിയിലെ എംഎൽഎമാർക്ക് പോലും എളുപ്പമല്ല. ഏകനാഥ് ഷിൻഡെയാകട്ടെ, ഏത് എംഎൽഎമാർക്കും ഏത് രാത്രിയും വിളിക്കാവുന്ന എന്നും എപ്പോഴും ഒപ്പമുള്ള ഒരാൾ. ഈ ഒരു വ്യത്യാസം തന്നെയാണ് കഴിഞ്ഞ രണ്ടാഴ്ചക്കാലം മഹാരാഷ്ട്രയിൽ അരങ്ങേറിയ രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ ഭരണ സാരഥ്യത്തിലേക്ക് ഷിൻഡെയെ കൈപിടിച്ച് ഉയർത്താൻ, ഒപ്പം നിൽക്കാൻ ആ വിമത എംഎൽഎമാരെ പ്രേരിപ്പിച്ചത്.
ഛഗൻ ഭുജ്ബലിനെയും നാരായൺ റാണെയെയും പോലെ, ശിവസേനയിലിനിയൊരു പിളർപ്പുണ്ടാക്കുക എന്നതായിരുന്നില്ല ഏകനാഥ് ഷിൻഡെ ലക്ഷ്യമിട്ടത്. ശിവസേന അധികാരത്തിലേക്കുള്ള യാത്രയ്ക്കിടെ കൈവിട്ട് തുടങ്ങിയ പാർട്ടിയുടെ ചില മൂല്യങ്ങൾ തിരികെപ്പിടിക്കാനുള്ള പരിശ്രമത്തിൽ ആ 'വിമതർ' ഒന്നിക്കുകയായിരുന്നു.
ബാൽ താക്കറെ ഒരിക്കലും ഒരു അധികാരപദവിയിലിരുന്നിട്ടില്ല. എന്നാൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്വയം അവരോധിച്ച, ആദിത്യതാക്കറെയെന്ന മകനെ രാഷ്ട്രീയത്തിലുയർന്ന് വരാനായി എല്ലാ ശ്രമവും നടത്തുന്ന ഉദ്ധവ് താക്കറെയോടുള്ള കടുത്ത അതൃപ്തിയാണ് ഷിൻഡെയെയും സംഘത്തെയും വിമതരാക്കി മാറ്റിയത്. അതൃപ്തി പിന്നീട് കലാപത്തിലേക്കും, പുതിയ സ്ഥാനലബ്ദിയിലേക്കും ഷിൻഡെയെ നയിച്ചിരിക്കുന്നത്.
വിമതരെ ഒപ്പം ചേർത്തും ഉദ്ധവിനെ വീഴ്‌ത്തിയും 31 മാസം പ്രായമുള്ള മഹാ വികാസ് അഘാഡി സർക്കാരിനെ നിലംപരിശാക്കിയുമാണ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദത്തിലേക്കുള്ള ഷിൻഡെയുടെ അവരോഹണം. ശിവസേനാ വിമതർ ബിജെപിയുമായി ചേർന്ന് പുതിയ സർക്കാർ രൂപവത്കരിച്ചാൽ ദേവേന്ദ്ര ഫഡ്നാവിസിന് മുഖ്യമന്ത്രിസ്ഥാനവും ഏക്നാഥ് ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും ലഭിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ ഇത്തരം പ്രവചനങ്ങളെ കാറ്റിൽപ്പറത്തിക്കൊണ്ട്, ഏക്നാഥ് ഷിൻഡെയാകും മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെന്ന് ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമങ്ങൾക്കു മുന്നിൽ പ്രഖ്യാപിക്കുകയായിരുന്നു. താനെ സിറ്റിയിലെ ഓട്ടോറിക്ഷാ ഡ്രൈവറിൽനിന്ന് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിപദത്തിലേക്കായിരുന്നു ഷിൻഡെയുടെ രാഷ്ട്രീയസവാരി.
താനെയിലെ ശിവസേനയുടെ പ്രമുഖനേതാക്കളിലൊരാളാണ് ഏക് നാഥ് ഷിൻഡെ. താനെ മേഖലയിൽ ശിവസേനയെ കെട്ടിപ്പടുക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചയാൾ കൂടിയാണ് ഷിൻഡെ. സേനയുടെ ജനപ്രിയനേതാക്കളിലൊരാളായ ഷിൻഡെ, 2014-ൽ മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷനേതാവായിരുന്നു.
ബിജെപിയുമായി വഴിപിരിഞ്ഞ ശേഷം പ്രതിപക്ഷനേതൃപദവി വിശ്വാസത്തോടെ പാർട്ടി ഏൽപിച്ചതും ഷിൻഡെയെത്തന്നെ. പിന്നീട് എൻസിപി - കോൺഗ്രസ് - സഖ്യം മഹാവികാസ് അഘാഡി സർക്കാർ രൂപീകരിച്ചപ്പോൾ നഗരവികസന, പൊതുമരാമത്ത് വകുപ്പാണ് ഷിൻഡെയ്ക്ക് നൽകിയത്. ഷിൻഡെയുടെ മകൻ ഡോ. ശ്രീകാന്ത് ഷിൻഡെ കല്യാണിൽ നിന്നുള്ള എംപിയാണ്.
2019ൽ ഉപമുഖ്യമന്ത്രി പദം കണ്ടുതുടങ്ങിയ സ്വപ്നത്തിനും മുകളിലാണ് ഇപ്പോൾ ഏക്‌നാഥ് ഷിൻഡെ. മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി കസേരയിൽ ഇനി ഏക്‌നാഥ് ഇരിക്കും. മഹാ വികാസ് അഘാഡി സർക്കാരിൽ അവഗണകളേറെ സഹിച്ചാണ് അദ്ദേഹം തുടർന്നത്. രാഷ്ട്രീയ കോലാഹലങ്ങൾക്കൊടുവിൽ ഏക്നാഥ് ഇനി മഹാരാഷ്ട്രയുടെ നാഥനാണ്.
ഓട്ടോ ഡ്രൈവറായിരുന്ന ഷിൻഡെ 1980കളുടെ തുടക്കത്തിലാണ് ശിവസേനയിൽ സജീവമായത്. താനെ കോർപറേഷൻ അംഗമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങി. 2004ൽ ആദ്യമായി എംഎൽഎയായി. 2000 ജൂണിൽ നടന്ന ബോട്ടപകടത്തിൽ രണ്ടു മക്കൾ മരിച്ചതോടെ ഷിൻഡെ രാഷ്ട്രീയം വിട്ടിരുന്നു. നേതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണു വീണ്ടും രാഷ്ട്രീയത്തിലെത്തിയത്.
2004നു പുറമെ 2009, 2014, 2019 തിരഞ്ഞെടുപ്പുകളിലും ജയിച്ച് തുടർച്ചയായി നാലുവട്ടം എംഎൽഎയായി. രാജ് താക്കറെ, നാരായൺ റാണെ തുടങ്ങിയവർ പാർട്ടി വിട്ടപ്പോൾ ശിവസേനയിൽ കൂടുതൽ ശക്തനായി. 2014ൽ ബിജെപിയുമായി തെറ്റി ശിവസേന പ്രതിപക്ഷത്തായപ്പോൾ ഷിൻഡെ പ്രതിപക്ഷ നേതാവായി. പിന്നീട് പൊതുമരാമത്ത് മന്ത്രിയായിരിക്കെ നടത്തിയ വികസന പ്രവർത്തനങ്ങളും ശ്രദ്ധേയമായി.
മുംബൈ മലയാളികളുമായി അടുത്ത ബന്ധമാണു ഷിൻഡെയ്ക്കുള്ളത്. 2018 പ്രളയകാലത്ത് കേരളത്തിനു സഹായവുമായി ഷിൻഡെയെത്തിയിട്ടുണ്ട്. കല്യാൺ എംപിയും ഡോക്ടറുമായ മകൻ ശ്രീകാന്ത് ഷിൻഡെയ്‌ക്കൊപ്പം ടൺ കണക്കിന് അവശ്യവസ്തുക്കളുമായാണ് ഏക്‌നാഥ് ഷിൻഡെ കേരളത്തിലെത്തിയത്. മുംബൈ, താനെ മേഖലകളിലെ മലയാളികളുമായി അടുത്ത ബന്ധമാണ് ഷിൻഡെയ്ക്കുള്ളത്. തിരഞ്ഞെടുപ്പുകളിൽ വോട്ടുപിടിക്കാൻ ഷിൻഡെ മലയാളത്തിലും നോട്ടിസുകൾ അച്ചടിക്കാറുണ്ട്.
താക്കറെമാർ കഴിഞ്ഞാൽ ശിവസേനയിലെ ഏറ്റവും വലിയ നേതാക്കളിലൊരാളായ ഏകനാഥ് ഷിൻഡെ ഈ പദവിയിലെത്തിയതെങ്ങനെയാണ് താനെയിലെ ഒരു ബിയർ ബ്രൂവറിയിൽ ജോലി ചെയ്തിരുന്ന, രണ്ടറ്റം കൂട്ടിമുട്ടിക്കാനായി ഓട്ടോ ഓടിച്ചിരുന്ന ഒരു സാധാരണക്കാരനായിരുന്ന ഏകനാഥ് ഷിൻഡെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി
മഹാരാഷ്ട്രയിലെ സതാര സ്വദേശികളാണ് ഏകനാഥ് ഷിൻഡെയുടെ മാതാപിതാക്കൾ. ഷിൻഡെ കുഞ്ഞായിരുന്നപ്പോൾ '70-കളിലാണ് ഈ കുടുംബം താനെയിലേക്ക് താമസം മാറ്റുന്നത്. മീൻ പിടിച്ചും, ബിയർ ബ്രൂവറിയിൽ ജോലി ചെയ്തും, താനെ നഗരത്തിൽ ഓട്ടോ ഓടിച്ചുമാണ് ഷിൻഡെ തന്റെ ചെറുപ്പകാലം ചെലവഴിക്കുന്നത്. ഇതിനൊപ്പം '80-കളിൽ ശിവസേനയുടെ സജീവപ്രവർത്തകനായി ഷിൻഡെ.
കഠിനാധ്വാനിയായ ഷിൻഡെ വളരെപ്പെട്ടെന്ന് തന്നെ താനെ ജില്ലാ ശിവസേനാനേതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. താനെ ജില്ലാ പ്രസിഡന്റായിരുന്ന ആനന്ദ് ഡിഗെയെ തന്റെ രാഷ്ട്രീയഗുരുവായി കണക്കാക്കുന്ന ഷിൻഡെ, തന്റെ വസ്ത്രധാരണം പോലും ദിഖെയ്ക്ക് സമാനമായി മാറ്റി. 1997-ൽ താനെ മുൻസിപ്പൽ കോർപ്പറേഷനിലേക്ക് കൗൺസിലറായി വിജയിച്ചുകയറിയതാണ് ഷിൻഡെയുടെ രാഷ്ട്രീയജീവിതത്തിലെ തുടക്കം.
2001 ഓഗസ്റ്റിൽ ഡിഗെയുടെ മരണശേഷം ശിവസേനയുടെ താനെ യൂണിറ്റിന്റെ മുഖമായി ഏകനാഥ് ഷിൻഡെ മാറി. 2004-ൽ ആദ്യമായി കോപ്രി-പഞ്ച്പഖാഡി സീറ്റിൽ നിന്ന് വിജയിച്ച് എംഎൽഎയായ ഷിൻഡെ, പിന്നീട് അതേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാല് തവണ വിജയിച്ച് കയറി.
മിതഭാഷിയാണ് ഏകനാഥ് ഷിൻഡെ. എന്നാൽ പാർട്ടി തലത്തിൽ വളരെ അഗ്രസീവായി ജോലി ചെയ്യുന്ന തരക്കാരനുമാണ്. ശിവസേനയോട് എല്ലാ തരത്തിലും വിധേയത്വം പുലർത്തിയിരുന്ന ഷിൻഡെയാണ് ഇപ്പോൾ അവരുടെ എല്ലാമായ താക്കറെ കുടുംബത്തിനെ തന്നെ അധികാരത്തിൽ നിന്നും പിന്തള്ളി, മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി സ്ഥാനം നേടുന്നത്. 'തന്നെപ്പോലുള്ള ശിവസൈനികരെ ബാലാസാഹെബ് പഠിപ്പിച്ചത് ഹിന്ദുത്വ'മാണെന്ന് ഏകനാഥ് ഷിൻഡെ നേരത്തെ പറഞ്ഞത്, മുൻരാഷ്ട്രീയവൈരികളായിരുന്ന കോൺഗ്രസും എൻസിപിയുമായി ശിവസേന സഖ്യം രൂപീകരിച്ചതിൽ അന്നേ ഷിൻഡെ പക്ഷത്തിനുള്ള മുറുമുറുപ്പ് പരസ്യമാക്കി പുറത്ത് പോയ ഷിൻഡേ ബിജെപിയുടെ കൈതാങ്ങിൽ മുഖ്യമന്ത്രിയായി തിരിച്ചെത്തി.
മറുനാടന് മലയാളി ബ്യൂറോ