- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീലക്ഷ്മിയെ വളർത്തു നായ കടിച്ചത് മെയ് 30ന്; റാബിസ് വാക്സിൻ എടുത്തെങ്കിലും കൃത്യം ഒരു മാസത്തിന് ശേഷം മരണം: ഡോക്ടർമാർ നിർദേശിച്ച നാല് വാക്‌സീനുകളും സ്വീകരിച്ചിട്ടും ശ്രീലക്ഷ്മിക്ക് പേ വിഷബാധയുണ്ടായതിൽ ആശങ്ക
പാലക്കാട്: നായ കടിച്ചതിന് ആരോഗ്യ വകുപ്പ് നിർദേശിച്ച നാലു വാക്‌സിനുകൾ സ്വീകരിച്ചിട്ടും കോളേജ് വിദ്യാർത്ഥിനി മരിച്ചതിൽ ആശങ്ക. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. 19 വയസ്സായിരുന്നു. ഒരു മാസം മുൻപാണ് അയൽ വീട്ടിലെ വളർത്തുനായ ശ്രീലക്ഷ്മിയെ കടിച്ചത്. അന്ന് തന്നെ പേ വിഷബാധയ്ക്കുള്ള വാക്‌സിൻ എടുക്കുകയും ചെയ്തു. എന്നാൽ കൃത്യം ഒരു മാസം ആയപ്പോൾ ശ്രീലക്ഷ്മി പേ വിഷബാധയേറ്റ് മരിക്കുക ആയിരുന്നു. പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിർദേശിച്ച നാല് വാക്‌സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയൽവീട്ടിലെ വളർത്തു നായ കടിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്സിൻ എടുത്തിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രീലക്ഷ്മിയെ നായ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ഉടമ തടയാൻ ശ്രമിക്കുകയും ഇദ്ദേഹത്തിന് കടിയേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. അപൂർവ്വമായി ചില ആളുകളിൽ വാക്‌സീൻ സ്വീകരിച്ചാലും പേവിഷ ബാധയുണ്ടാവാം എന്നാണ് ചില ആരോഗ്യവിദഗ്ദ്ധർ പറയുന്നത്. ഇക്കാര്യത്തിൽ വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ആരോഗ്യവകുപ്പ് തുടക്കമിട്ടിട്ടുണ്ട്.
പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ഇതുവരെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുൻപാണ് ചില ലക്ഷണങ്ങൾ ശ്രീലക്ഷ്മി കാണിച്ചത്. ഇതേ തുടർന്ന് ശ്രീലക്ഷ്മിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിക്കുകയും പരിശോധനകളിൽ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ശ്രീലക്ഷ്മി മരണപ്പെടുകയായിരുന്നു.
തൃശ്ശൂരിൽ നിന്നും മങ്കരയിൽ എത്തിച്ച ശ്രീലക്ഷ്മിയുടെ മൃതദേഹം പാമ്പാടി ഐവർമഠത്തിൽ സംസ്‌കരിച്ചു. സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഈ വർഷം മരിക്കുന്ന പതിമൂന്നാമത്തെ ആളാണ് ശ്രീലക്ഷ്മി. ഈ മാസം മാത്രം മൂന്ന് മരണങ്ങളാണ് പേവിഷ ബാധയെ തുടർന്ന് റിപ്പോർട്ട് ചെയ്തത്.