തൃശ്ശൂർ: റവന്യൂജീവനക്കാർ മാത്രം പങ്കെടുത്ത സംസ്ഥാന കലോത്സവം പൊലിപ്പിക്കാൻ ഉപയോഗിച്ചത് തൃശൂരിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പണം. കലോത്സവത്തിന്റെ ഭാഗമായ ഘോഷയാത്രയ്ക്കുവേണ്ടിയാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് പണം ചെലവാക്കേണ്ടിവന്നത്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് പണം ചെലവാക്കാനായി സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കുകയും ചെയ്തു. ഇതുപ്രകാരം പഞ്ചായത്തുകൾക്ക് 15,000 രൂപ ചെലവാക്കാനാണ് അനുമതി ലഭിച്ചത്. കോർപറേഷന് ഒരുലക്ഷം രൂപയും നഗരസഭകൾക്ക് മുപ്പതിനായിരം രൂപയും ജില്ലാപഞ്ചായത്തിന് അമ്പതിനായിരവും ചെലവാക്കാൻ അനുമതിയുണ്ടായിരുന്നു. തനത് ഫണ്ടിൽനിന്ന് ഈ തുക ചെലവാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ജില്ലയിൽ 88 ഗ്രാമപ്പഞ്ചായത്തുകളാണുള്ളത്. ഏഴ് മുനിസിപ്പാലിറ്റികളും ഒരു കോർപറേഷനും ഒരു ജില്ലാപഞ്ചായത്തുമാണ് ജില്ലയിൽ ഉള്ളത്. ഇവയിൽനിന്നെല്ലാം ലഭിച്ച തനത് ഫണ്ടാണ് ഘോഷയാത്രയ്ക്കായി ഉപയോഗിച്ചത്. ചില തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലുള്ളവർ ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. ചില തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സംഘാടകരുടെ നിർദേശമനുസരിച്ച് ഫ്‌ളോട്ടുകളും തയ്യാറാക്കിയിരുന്നു. ജൂൺ 24 മുതൽ 26 വരെയാണ് തൃശ്ശൂരിൽ റവന്യൂ കലോത്സവം അരങ്ങേറിയത്.