- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭർത്താവ് രജീഷും സുഹൃത്തും ചേർന്ന് രാത്രിയിൽ ഓട്ടോയിൽ യമുനയുടെ മൃതദേഹം ആറ്റിൽ കൊണ്ടുപോയി കളഞ്ഞത് കണ്ടെന്ന് അയൽവാസി ഫോണിൽ പറഞ്ഞു; നെടുമുടി സിഐ ഭീഷണിപ്പെടുത്തി'; ജലസേചന വകുപ്പ് ഉദ്യോഗസ്ഥയായ മകളുടെ മരണം കൊലപാതകമെന്ന് അമ്മ
ആലപ്പുഴ: ചമ്പക്കുളത്ത് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജലസേചന വകുപ്പ് ഉദ്യോഗസ്ഥ യമുന(33)യുടെ മരണം കൊലപാതകമെന്ന് അമ്മ റാണി. യമുനയുടെ ഭർത്താവ് രജീഷ്‌ലാലും വീട്ടുകാരും ചേർന്ന് യമുനയെ കൊലപ്പെടുത്തി ആറ്റിൽ കൊണ്ടുപോയി ഇട്ടതാണെന്ന് യുവതിയുടെ അമ്മ ആരോപിച്ചു. മകളുടെ മരണത്തിൽ ഭർത്താവിനും വീട്ടുകാർക്കും പൊലീസിനും എതിരെ കായംകുളം കൃഷ്ണപുരം കാപ്പിൽ കിഴക്ക് പായിക്കാട്ട് കിഴക്കതിൽ റാണിയാണ് പരാതിയുമായി രംഗത്ത് വന്നത്.
കഴിഞ്ഞ ഏപ്രിൽ 23 നാണ് ചമ്പക്കുളം പഞ്ചായത്തിലെ പുല്ലങ്ങടി കുമാരുപറമ്പിൽ രമണന്റെ മകൻ രജീഷ്ലാലിന്റെ ഭാര്യയും ആലപ്പുഴ ജലസേചനവകുപ്പ് ഉദ്യോഗസ്ഥയുമായ യമുനയെ വീടിന്റെ സമീപത്തുള്ള ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ട് എന്നാരോപിച്ച് യമുനയുടെ മാതാവ് റാണി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകി. ഇതേ തുടർന്ന് പൊലീസ് നൽകിയ മറുപടിയിൽ യമുനയുടെ മരണം ആത്മഹത്യ ആണ് എന്ന് തെളിഞ്ഞതായും, ആയതിനാൽ അന്വേഷണം അവസാനിപ്പിച്ചതായും പറയുന്നു.
എന്നാൽ രജീഷിന്റെ വീട്ടുകാർ പൊലീസിനെ സ്വാധീനിച്ചാണ് ഇങ്ങനെ ഒരു റിപ്പോർട്ട് ഉണ്ടാക്കിയത് എന്നും മരണവുമായി ബന്ധപ്പെട്ട് തികച്ചും ഏകപക്ഷീയമായും മൃഗീയവുമായാണ് നെടുമുടി സിഐ അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ തന്നോടും ബന്ധുക്കളോടും പെരുമാറിയത് എന്നും റാണി മറുനാടനോട് വെളിപ്പെടുത്തി.
മരണത്തിന് തലേദിവസം മരുമകൻ രജീഷ്ലാൽ മകളെ സ്വീകരിക്കാൻ നാളെ തയ്യാർ ആയി ഇരിക്കുവാൻ പറഞ്ഞതായി റാണി പറയുന്നു. ഈ സമയം മകളുടെ കരച്ചിലും നിലവിളിയും ഫോണിലൂടെ കേട്ടു. പിറ്റേ ദിവസം സ്ഥിരമായി മകൾ വിളിക്കുന്ന സമയം കഴിഞ്ഞിട്ടും ഫോൺ കോൾ വരാത്തതിനെ തുടർന്ന് റാണി അങ്ങോട്ട് വിളിച്ച് അന്വേഷിച്ചു. ഫോൺ എടുത്തത് രജീഷിന്റെ സഹോദരിയായിരുന്നു. യമുനയേ കാണാനില്ല എന്നാണ് അവർ റാണിയോട് പറഞ്ഞത്.
പരിഭ്രാന്തയായ റാണി തന്റെ സഹോദരനുമായി ചമ്പകുളത്തേക്ക് പോയി. പോകുന്ന വഴി കായംകുളം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. കായംകുളം പൊലീസ് ഇവരെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലേക്ക് പറഞ്ഞു വിട്ടു.. അമ്പലപ്പുഴ പൊലീസ് ചമ്പക്കുളം തങ്ങളുടെ പരിധിയിൽ അല്ലെന്നും നെടുമുടി സ്റ്റേഷനിലാണ് പരാതി നൽകേണ്ടത് എന്നും ഇവരെ പറഞ്ഞ് മനസിലാക്കി നെടുമുടി സ്റ്റേഷനിലേക്ക് അയച്ചു.
റാണിയും സഹോദരനും ഇതോടെ നെടുമുടി പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും രജീഷിന്റെ വീട്ടിലേക്ക് പോകുകയും ചെയ്തു. അവിടെ എത്തിയപ്പോഴാണ് യമുനയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി എന്ന് ഇവർ അറിയുന്നത്. തുടർന്ന് പൊലീസും രജീഷിന്റെ വീട്ടുകാരും ചേർന്ന് തയ്യാറാക്കിയ നാടകം അരങ്ങേറുകയായിരുന്നു. മകളുടെ മൃതശരീരം കൺമുന്നിൽ കണ്ട് റാണി ബോധംകെട്ടു വീണു.
പൊലീസിനോട് സംസാരിക്കാൻ ശ്രമിച്ച റാണിയുടെ സഹോദരനോട് നെടുമുടി സിഐ തട്ടികയറുകയും മദ്യപിച്ചിട്ട് ആണ് സംസാരിക്കുന്നത് എന്ന് സിഐ ആരോപിച്ച് മാറ്റി നിർത്തുകയുമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അമ്മയായ തനിക്ക് വിട്ട് നൽകണം എന്ന് ആവശ്യപ്പെട്ടപ്പോൾ നിലവിട്ട് സിഐ ദേഷ്യപ്പെടുകയും കൂടുതൽ കളിച്ചാൽ മൃതദേഹം വിട്ടു നൽകാതെ ശ്മശാനത്തിൽ പൊലീസിന്റെ മേൽ നോട്ടത്തിൽ അടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മോർച്ചറിയുടെ മുന്നിൽ ഇൻക്വസ്റ്റ് തയ്യാറാക്കി കൊണ്ടിരുന്ന പൊലീസുകാരനെ ചൂണ്ടിക്കാണിച്ച് മകളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആണ് ഇത് എന്നും അവൾ ആത്മഹത്യ ചെയ്തത് ആണ് എന്നും സിഐ പറഞ്ഞതായി റാണി ഓർക്കുന്നു.
യമുനയുടെ മൃതദേഹം രജീഷിന്റെ വീട്ടിൽ തന്നെ സംസ്‌കരിക്കുന്നു. മരണത്തിന് ശേഷം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ട് സ്റ്റേഷനിൽ എത്തിയപ്പോഴും റിപ്പോർട്ട് നൽകാൻ സിഐ തയ്യാറായില്ല. കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം രാധാമണി രാജൻ ഇടപെട്ടാണ് പൊലീസ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വാങ്ങി നൽകിയത്. സംഭവത്തിന് ശേഷം രജീഷിന്റെ അയൽക്കാരും നാട്ടുകാരും ഇതുകൊലപാതകമാണ് എന്ന് തന്നോട് പറഞ്ഞതായി റാണി പറയുന്നു. ഏപ്രിൽ 22 ന് രാത്രി 12 മണിക്ക് ശേഷം രജീഷും സുഹൃത്തും ചേർന്ന് ഓട്ടോയിൽ യമുനയുടെ മൃതദേഹം ആറ്റിൽ കൊണ്ട് കളഞ്ഞത് കണ്ടതായി അയൽവാസികളായ ഒരു കുടുംബം തന്നെ ഫോണിൽ വിളിച്ച് പറഞ്ഞതായും റാണി വെളിപ്പെടുത്തി.
28 പവനും രണ്ട് ലക്ഷം രൂപയും നൽകിയാണ് യമുനയുടെ വിവാഹം നടത്തിയത്. എന്നാൽ കൊടുത്തത് കുറഞ്ഞ് പോയി എന്നാരോപിച്ച് രജീഷിന്റെ വീട്ടിൽ യമുനയ്ക്ക് പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. റാണിയുടെ പേരിൽ ഉള്ള ആറ് സെന്റ് സ്ഥലം രജീഷ് നിർബന്ധിച്ച് യമുനയുടെ പേരിൽ എഴുതി വെപ്പിച്ചു. ഏപ്രിൽ 17 ന് വീട്ടിലെത്തിയ യമുന തന്റെ അവസ്ഥയെ പറ്റി അമ്മയോട് പറഞ്ഞു. പിടിച്ചു നിൽക്കാൻ പറ്റിയില്ലെങ്കിൽ കുഞ്ഞിന്റെ പിറന്നാളിന് ശേഷം താൻ അമ്മയോടൊപ്പം വന്ന് താമസിക്കും, താൻ അച്ഛനില്ലാതെ ആണ് വളർന്നത് തന്റെ മകൻ അങ്ങനെ ആകാതെ ഇരിക്കാനാണ് ഇത് ഒക്കെ സഹിക്കുന്നത് എന്ന് കരഞ്ഞ് കൊണ്ട് യമുന തന്നോട് പറഞ്ഞതായി റാണി പറയുന്നു. ഇത് കാരണമാണ് പൊലീസിനോട് മകളുടെ മരണത്തിൽ സംശയമുണ്ട് എന്ന് റാണി പറഞ്ഞത്. എന്നാൽ പരാതി പരിഗണിക്കാതെ നെടുമുടി സിഐയും സംഘവും തനിക്കും മരിച്ച തന്റെ മകൾക്കും നീതി നിഷേധിക്കുകയാണ് ചെയ്തത്.
കുട്ടിക്കാലത്ത് അച്ഛൻ ഉപേക്ഷിച്ച് പോയ യമുനയെ വീട്ടു ജോലിയെടുത്താണ് റാണി വളർത്തിയത്. മകളെ നല്ല രീതിയിൽ പഠിപ്പിക്കാൻ മകളെ തന്റെ സഹോദരനേയും ഭാര്യയേയും ഏൽപ്പിച്ച് റാണി ഗൾഫിൽ പോയിരുന്നു. അമ്മയുടെ കഷ്ടപാട് കണ്ട് യമുന നല്ലത് പൊലെ പഠിക്കുകയും പി.എസ്.സി പരീക്ഷക്കായി കഠിനപ്രയത്നം ചെയ്ത് ജോലി സ്വന്തമാക്കുകയും ചെയ്തു. രജീഷുമായുള്ള വിവാഹത്തിന് പത്ത് വർഷത്തിന് ശേഷമാണ് യമുന ഗർഭിണിയാവുന്നത്.
ജോലി ചെയ്ത് കിട്ടിയ തുക ഉപയോഗിച്ച് ചികിത്സ നടത്തിയാണ് അമ്മയാകുവാനുള്ള തന്റെ മോഹം അവൾ സാക്ഷാത്കരിച്ചത്. എന്നാൽ ആ കുഞ്ഞിനേ കണ്ണ് നിറച്ച് കാണുവാൻ യമുനക്ക് ആയില്ല. യമുനയുടെ ജോലിക്കായി രജീഷ് നീക്കം തുടങ്ങിയിട്ടുണ്ട് എന്നും റാണിയും ബന്ധുക്കളും ആരോപിക്കുന്നുണ്ട്. യമുനയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്ദ്യോഗസ്ഥർ ഏകപക്ഷീയമായാണ് പെരുമാറിയത് എന്ന് സാമൂഹികപ്രവർത്തകയും കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗവുമായ രാധാമണി രാജനും മറുനാടനോട് പറഞ്ഞു.
യമുനയുടെ മരണം ആത്മഹത്യയാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തന്നെ വ്യക്തമാണെന്നും യമുനയുടെ അമ്മയോട് അവർ ആരോപിക്കുന്ന തരത്തിൽ പൊലീസ് പെരുമാറിയിട്ടില്ല എന്നും നെടുമുടി സിഐ മറുനാടനോട് പറഞ്ഞു. കേസിന്റെ അന്വേഷണം അവസാനിച്ചിട്ടില്ല എന്നും സ്ത്രീധനപീഡനം അടക്കമുള്ള പരാതികളിൽ അന്വേഷണം തുടരുന്നതായും സിഐ പറഞ്ഞു എന്നാൽ യമുനയുടെ അമ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയേ തുടർന്ന് പൊലീസ് നൽകിയ റിപ്പോർട്ടിൽ പൊലീസിന്റെ അന്വേഷണം അവസാനിച്ചതായി പറയുന്നതായുള്ള രേഖ മറുനാടന് ലഭിച്ചു.