കണ്ണൂർ: മുംബൈയിൽ എണ്ണ-പ്രകൃതി വാതക കോർപറേഷന്റെ (ഒഎൻജിസി) ഹെലികോപ്റ്റർ കടലിൽ വീണുണ്ടായ അപകടത്തിൽ മരിച്ച കണ്ണൂർ പടന്നപ്പാലം സ്വദേശി സഞ്ജു ഫ്രാൻസിസ്(38) ന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഹോളിട്രിനിറ്റി കത്തീഡ്രൽ സെമിത്തേരിയിൽ നടന്ന സംസ്‌കാര ശുശ്രൂഷകൾക്ക് കണ്ണൂർ ബിഷപ് ഡോ. അലക്‌സ് വടുക്കുംതല കാർമികത്വം വഹിച്ചു.

ഇന്നലെ വൈകുന്നേരം അഞ്ചോടെ പടന്നപ്പാലത്തെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ അന്തിമോപചാരമർപ്പിച്ചു. വീട്ടിലെ ശുശ്രൂഷകൾക്ക് ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ വികാരി ഫാ. ജോയി പൈനാടത്ത് കാർമികത്വം വഹിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജുഹുവിലെ ഹെലിപാഡിൽനിന്ന് എണ്ണപ്പാടങ്ങളുള്ള മുംബൈ ഓഫ്‌ഷോറിലെ സാഗർ കിരൺ എന്ന റിഗ്ഗിലേക്കുള്ള യാത്രാമധ്യേ ഹെലികോപ്റ്റർ കടലിൽ വീഴുകയായിരുന്നു. ഒഎൻജിസിയുടെ കാറ്ററിങ് കരാറുള്ള സറഫ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന സഞ്ജു.