തിരുവനന്തപുരം: പീഡനക്കേസിൽ മുൻ എംഎ‍ൽഎ, പി.സി. ജോർജിന് കോടതി ജാമ്യം അനുവദിച്ചെങ്കിലും നിയമ പോരാട്ടം തുടരാൻ പരാതിക്കാരി. കീഴ്ക്കോടതി ജാമ്യത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ തെളിവുകൾ കയ്യിലുണ്ട്.

പരാതി നൽകാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്. സംഭവത്തിന് ശേഷം ചികിത്സയിലായിരുന്നു, ആശുപത്രിയിൽ നിന്നും ഇറങ്ങിയ ശേഷമാണ് പരാതി നൽകിയതെന്നും അതിന് മുൻപ് തന്റെ ഒരു ബന്ധുവിനെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.

ഇപ്പോൾ പ്രചരിക്കുന്ന ഓഡിയോ താനും പിസി ജോർജ്ജും തമ്മിൽ സംസാരിച്ചത് തന്നെയാണെന്നും അവർ പറഞ്ഞു. പിസി ജോർജിന്റെ ശാരീരിക ഉപദ്രവം തടയാൻ താൻ ശ്രമിച്ചിരുന്നുവെന്നും അവർ ആരോപിച്ചു. രാഷ്ട്രീയമായ വിവാദങ്ങളിലേക്ക് തന്നെ വലിച്ചഴക്കുകയാണ്. സ്ത്രീയെന്ന നിലയിൽ അപമാനിച്ചത് മറച്ചു വയ്ക്കുകയാണ് ഇവിടെ. തന്നെ മോശക്കായിയെന്ന് വരുത്തി തീർത്താലും പറയാനുള്ളത് പറയുമെന്നും അവർ പറഞ്ഞു.

പി.സി.ജോർജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. തന്നോട് മോശമായി പെരുമാറിയോയെന്നു പി.സി.ജോർജ് സ്വന്തം മനസാക്ഷിയോട് ചോദിക്കണം. ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കാതെ പരസ്യസംവാദത്തിന് തയാറാകണം. സംരക്ഷിക്കുമെന്ന് തോന്നിയ സമയത്താണ് പി.സി.ജോർജ് തന്റെ മെൻഡർ ആണെന്ന് പറഞ്ഞത്.

ശനിയാഴ്ചയല്ല പരാതി കൊടുത്തത്. രണ്ടാഴ്ച മുൻപ് പരാതി നൽകിയിരുന്നു. പൊലീസിന് അവരുടേതായ ചില നടപടിക്രമങ്ങളുണ്ട്. അതുകൊണ്ടാവാം അറസ്റ്റ് ശനിയാഴ്ച നടന്നതെന്നും പരാതിക്കാരി പറഞ്ഞു. ഇടതുപക്ഷ നേതാക്കളുമായി ബന്ധമില്ല. പൊലീസിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും പരാതിക്കാരി പറഞ്ഞു.

കോടതിക്കോ പൊലീസിനോ തെറ്റ് പറ്റിയെന്ന് പറയുന്നില്ല. എന്നാൽ തന്നെയും കൂടെ കോടതിക്ക് കേൾക്കാമായിരുന്നുവെന്നും അവർ പറഞ്ഞു. 'എന്നെ രാഷ്ട്രീയമായി വലിച്ചഴിക്കരുത്. പി.സി. ജോർജ് മാന്യമായി പെരുമാറിയെന്ന് ഞാൻ പറഞ്ഞില്ല. അന്ന് സംസാരിച്ച വിഷയത്തെ കുറിച്ച് മാത്രമാണ് പറഞ്ഞത്. ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചുവെന്ന് പറഞ്ഞാൽ മാത്രം മതി കേസിൽ ഉൾപ്പെട്ടയാളെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടക്കാം. നിയമം അങ്ങനെയിരിക്കെയാണ് ഗുരുതരമായ വകുപ്പുകൾ ചുമത്തി പി.സി. ജോർജിനെ അറസ്റ്റ് ചെയ്തിട്ടും ജാമ്യം നൽകിയത്. ഈയൊരു സാഹചര്യത്തിൽ സാധാരണക്കാർക്ക് എങ്ങനെ നീതി ലഭിക്കും'-പരാതിക്കാരി ചോദിച്ചു.

ഫെബ്രുവരി 10-ന് വൈകുന്നേരം നാലിന് തൈക്കാട് ഗസ്റ്റ് ഹൗസിലെ 404-ാം നമ്പർ മുറിയിൽ പി.സി. ജോർജ് പരാതിക്കാരിയെ സ്വർണക്കടത്തുകേസ് ചർച്ചചെയ്യാനെന്ന വ്യാജേന വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ബലപ്രയോഗം നടത്തിയെന്നും ഫോണിലൂടെ അശ്ലീലസന്ദേശങ്ങൾ അയച്ചെന്നും പരാതിയിലുണ്ട്. ഐ.പി.സി. 354, 354 എ വകുപ്പുകൾ പ്രകാരമാണ് കേസ്. പരമാവധി അഞ്ചുവർഷത്തെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്.