തിരുവനന്തപുരം: എകെജി സെന്ററിൽ ആക്രമണം നടത്തിയ പ്രതിയെ കണ്ടെത്താനാവാതെ കേരളാ പൊലീസ് ഇരുട്ടിൽ തപ്പുമ്പോൾ സിപിഎം നേതൃത്വത്തെ ആശ്വസിപ്പിക്കാൻ നേരിട്ടെത്തി എസ്ഡിപിഐ നേതാക്കൾ. എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷബീർ ആസാദ്, വൈസ് പ്രസിഡന്റ് ജലീൽ കരമന, ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, ട്രഷറർ ഷംസുദ്ദീൻ മണക്കാട്, ജില്ലാ കമിറ്റി അംഗം മാഹീൻ പരുത്തിക്കുഴി എന്നിവരാണ് എകെജി സെന്ററിൽ പടക്കമേറ് നടന്ന സ്ഥലം സന്ദർശിച്ചത്.

മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിസ്ഥാനത്തുള്ള കാമ്പസ് ഫ്രണ്ട് ഒരു വശത്ത് തുടരുമ്പോഴും സിപിഎം എസ്ഡിപിഐ രഹസ്യ ധാരണ ഇപ്പോഴും തുടരുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് എസ്ഡിപിഐ നേതാക്കളുടെ സന്ദർശനം.

എസ്ഡിപിഐയുടെ ഭീകരവാദ അനുകൂല ആശയങ്ങളോടും പ്രവർത്തനങ്ങളോടും സിപിഎമ്മും സംസ്ഥാന സർക്കാരും മൃദുസമീപനം പുലർത്തുന്നു എന്ന ആരോപണം ശക്തമായി നിലനിൽക്കുന്നതിനിടയിലെ സന്ദർശനം രാഷ്ട്രീയ കേരളത്തിൽ ചർച്ചയായിട്ടുണ്ട്. കേരളത്തിലെ ചില തദ്ദേശസ്ഥാപനങ്ങളിൽ ഇരുകൂട്ടരും പരസ്പരം സഹകരിച്ച് ഭരണം കൈയാളുന്നുണ്ട്. തിരഞ്ഞെടുപ്പുകളിൽ ഇരുപാർട്ടികളുടെയും രഹസ്യ കൂട്ടുകെട്ട് രാഷ്ട്രീയ അകത്തളങ്ങളിൽ പരസ്യമാണ്.

അന്ന് ശക്തമായ കാമ്പയിനാണ് പോപ്പുലർ ഫ്രന്റിനും എസ് ഡി പി ഐയ്ക്കും എതിരെ ഉയർത്തിയ സിപിഎം പിന്നീട് എസ്.ഡി.പി.ഐയുമായി പ്രാദേശികമായി സഹകരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇരു പാർട്ടികൾ തമ്മിലുള്ള സഹകരണം വലിയ വിവാദം ഉയർത്തുകയും സിപിഎം പ്രവർത്തകർ അതൃപ്തി തുറന്നു പറയുകയും ചെയ്തിരുന്നു.

ഇടുക്കി വട്ടവട സ്വദേശി അഭിമന്യു എന്ന എസ്.എഫ്.ഐ നേതാവ് 2018 ജൂലൈ രണ്ടിന് അർധരാത്രി മഹാരാജാസ് കോളജിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകരാൽ കൊല ചെയ്യപ്പെട്ടതിന്റെ അടുത്ത മണിക്കൂറിലാണ് തിരുവനന്തപുരം ജില്ലയിലെ വെമ്പായം ഗ്രാമപഞ്ചായത്തിൽ എസ്.ഡി.പി.ഐ അംഗത്തിന്റെ പിന്തുണയോടെ ഇടതുമുന്നണി ഭരണം പിടിച്ചത്. കൊണ്ടോട്ടി നഗരസഭയിൽ സിപിഎമ്മും എസ്.ഡി.പി.ഐയും കൈകോർത്തിരുന്നു. മലപ്പുറം ജില്ലയിലെ തന്നെ പറപ്പൂരിൽ സിപിഎം-എസ്.ഡി.പി.ഐ- പി.ഡി.പി -വെൽഫയർപാർട്ടി സാമ്പാർ സഖ്യം ഭരണം നടത്തിയിരുന്നു.

മാത്രമല്ല, പോപ്പുലർ ഫ്രണ്ടും എസ്.ഡി.പി.ഐയുമായി ബന്ധപ്പെട്ട കേസുകളിലെല്ലാം സിപിഎം അവരുടെ പക്ഷത്തായിരുന്നു. രണ്ടു കൊല്ലം മുമ്പ് കുറ്റ്യാടിയിൽ മുസ്ലിംലീഗ്പ്രവർത്തകൻ നസറുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാതിരുന്നതിനെതുടർന്ന് പോപ്പുലർ ഫ്രണ്ടുകാരായ പ്രതികൾ പുറത്തിറങ്ങിയിരുന്നു.

പ്രതികൾക്ക് സായുധ-നിയമസഹായം നൽകിയും പൊലീസിനെ ഉപയോഗിച്ചും രക്ഷപ്പെടുത്തുക എന്നതാണ് സിപിഎം ശൈലി. ഇതുതന്നെയാണ് രാഷ്ട്രീയപാർട്ടിയുടെ ബാനറുപയോഗിച്ച് തീവ്രവാദികൾ ലക്ഷ്യമിട്ടതും ഇടതുപക്ഷത്തെ ഉപയോഗിച്ച് അവർ നേടിയെടുത്തതും. അഭിമന്യു കൊലക്കേസിലും മുഖ്യപ്രതികൾ ദീർഘനാൾ 'ഒളിവിലായിരുന്നു'.

അതേസമയം, എകെജി സെന്റർ ആക്രമണ കേസിൽ തുമ്പില്ലാതെ ഇരുട്ടിൽ തപ്പുകയാണ് കേരള പൊലീസ്. ഇത് വരെയായിട്ടും പ്രതിയെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. പൊലീസ് സാന്നിദ്ധ്യം സജീവമായ എകെജി സെന്ററിന് മുന്നിൽ, ആൾസഞ്ചാരം പൂർണ്ണമായി നിലയ്ക്കുന്നതിനും മുൻപേ, നിരവധി സിസിടിവി കാമറകൾ പ്രവർത്തിക്കുന്ന മേഖലയിൽ വച്ചാണ് ബൈക്കിലെത്തിയ സംഘം പടക്കം എറിഞ്ഞത്. കേരള പൊലീസിന്റെ കർമ്മശേഷിയെ പരിഹസിക്കുന്ന സംഭവമായി, ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാത്ത സാഹചര്യം തുടരുകയാണ്.