പാലക്കാട്: പൊള്ളാച്ചിയിലെ ആശുപത്രിയിൽ നിന്നും നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ സംഘം പാലക്കാട് കൊടുവായൂരിൽ നിന്നും അറസ്റ്റിലായി. പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ നിന്നാണ് നാലു ദിവസം പ്രായമായ കുഞ്ഞിനെ രണ്ട് സ്ത്രീകൾ ചേർന്ന് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ കൊടുവായൂർ സ്വദേശികളായ രണ്ടു യുവതികളെയാണ് പൊള്ളാച്ചി പൊലീസ് അറസ്റ്റ് ചെയ്തത്.

കൊടുവായൂർ കൊരങ്ങൻകോട് സ്വദേശികളാണ് പിടിയിലായവർ. പൊള്ളാച്ചി എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി മാതാവ് ദിവ്യ ഉറങ്ങുമ്പോഴാണ് സംഘം കുഞ്ഞിനെ തട്ടിയെടുത്തത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ത്രീകൾ ട്രെയിൻ മാർഗം പാലക്കാട്ട് ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയതായി കണ്ടെത്തി. തുടർന്ന് പൊള്ളാച്ചി പൊലീസ് കേരളത്തിലെത്തി അന്വേഷണം തുടങ്ങി. യുവതികളെയും കുഞ്ഞിനെയും കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ മാതാപിതാക്കൾക്ക് കൈമാറി.

അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ, കുഞ്ഞിനെ തട്ടിയെടുത്തത് എന്തിന്, സംഘത്തിൽ കൂടതൽ പേരുണ്ടോ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽനിന്നാണ് കുഞ്ഞിനെ കടത്തിയത്. പൊള്ളാച്ചിയിലെ കുമാരൻനഗർ സ്വദേശികളുടെ കുഞ്ഞിനെയാണ് കാണാതായത്. പൊള്ളാച്ചി ബസ് സ്റ്റാൻഡിലെത്തി ബസ് മാർഗം സ്ത്രീകൾ കുഞ്ഞുമായി കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലെത്തി.

ഞായറാഴ്ച രാവിലെ ഒൻപതരയോടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾ കുഞ്ഞിനെയും കൊണ്ട് പുറത്തിറങ്ങിയതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊള്ളാച്ചി പൊലീസിനു ലഭിച്ചു. പൊള്ളാച്ചി പൊലീസ് പാലക്കാട് പൊലീസിന്റെ സഹായത്തോടെ ജില്ലയുടെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് യുവതികൾ കുടുങ്ങിയത്.