- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലേത് മികച്ച തൊഴിലാളി - തൊഴിലുടമ സൗഹൃദാന്തരീക്ഷം: മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്ത്് മികച്ച തൊഴിലാളി- തൊഴിലുടമാ സൗഹൃദാന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും സമീപനത്തിൽ ക്രിയാത്മകമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. തൊഴിലാളി- തൊഴിലുടമാ തർക്കങ്ങൾ ഇപ്പോൾ വളരെ അപൂർവ്വമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ലേബർ കോഡുകളുടെ അടിസ്ഥാനത്തിലുള്ള സംസ്ഥാനതല ചട്ട രൂപീകരണത്തിന്റെ ഭാഗമായി തൊഴിൽ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിൽ അന്തരീക്ഷം സൗഹൃദമാക്കുന്നതിൽ തൊഴിലാളി -തൊഴിലുടമ സംഘടനകൾ ക്രിയാത്മകമായ പങ്ക് വഹിക്കുന്നുണ്ട്. വികസനം സാധ്യമാകുന്നതിനു മികച്ച തൊഴിലാളി - തൊഴിലുടമ സൗഹൃദാന്തരീക്ഷം അനിവാര്യമാണെന്നും നിലവിൽ വ്യവസായ നിക്ഷേപം വരുന്നതിന് അനുകൂലമായ അന്തരീക്ഷമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.
നിലവിലുള്ള 29 തൊഴിൽ നിയമങ്ങൾ ക്രോഡീകരിച്ചു കേന്ദ്രം പുറത്തിറക്കിയ നാലു തൊഴിൽ കോഡുകളിലും കേരളത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ഒട്ടേറെ ഘടകങ്ങളുണ്ട്്. ചില വ്യവസ്ഥകൾ അന്തർദേശീയ തൊഴിൽ സംഘടന അംഗീകരിച്ച പ്രമാണങ്ങൾക്ക് നിരക്കാത്തതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ നിലവിലുള്ള ന്യായമായ ചില അവകാശങ്ങൾ ലംഘിക്കുന്ന രീതിയിലാണു ലേബർ കോഡുകൾ തയാറാക്കിയിരിക്കുന്നത്.ഷെഡ്യൂൾഡ് എംപ്ലോയ്‌മെന്റ്് അടിസ്ഥാനമാക്കി മിനിമം വേതനം നിശ്ചയിക്കുന്നതിനു പകരം വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തിൽ ഹൈലി സ്‌കിൽഡ്, സ്‌കിൽഡ്, സെമി സ്‌കിൽഡ്, അൺ സ്‌കിൽഡ് എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ച് മിനിമം വേതനം നിശ്ചയിക്കുന്ന രീതിയാണു പുതിയ കോഡ് ഓൺ വേജസിലുള്ളത്. ഇങ്ങനെ വേതനം നിർണയിക്കുമ്പോൾ സംസ്ഥാനത്തു നിലവിലുള്ള എല്ലാ തൊഴിൽ മേഖലകളിലെയും മിനിമം വേതന നിർണയം സങ്കീർണമാകാൻ സാധ്യതയുണ്ട്. നിലവിൽ സംസ്ഥാനത്ത് 87 തൊഴിൽ മേഖലകൾ മിനിമം വേതന ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള ബോണസ് ആക്ട് പ്രകാരം പത്തിൽ കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കു ബോണസ് നൽകുവാനുള്ള വ്യവസ്ഥ ഉണ്ടായിരുന്നു. പുതിയ കോഡ് ഓൺ വേജസിൽ അത് ഒഴിവാക്കിയിട്ടുണ്ട്. കേരള ഉപജീവന ബത്ത നൽകൽ നിയമപ്രകാരം 180 ദിവസത്തിനു ശേഷവും സസ്‌പെൻഷനിൽ കഴിയുന്ന ഒരു തൊഴിലാളിക്ക് മുഴുവൻ വേതനത്തിനും അവകാശമുണ്ടായിരുന്നു. എന്നാൽ ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡിലെ വകുപ്പ് 38(3) പ്രകാരം പരമാവധി ലഭിക്കാവുന്ന ഉപജീവന ബത്ത ആകെ വേതനത്തിന്റെ 75 ശതമാനമായി നിജപ്പെടുത്തിയിരിക്കുകയാണ്.
സോഷ്യൽ സെക്യൂരിറ്റി കോഡിലും ഒക്കുപേഷണൽ സേഫ്റ്റി കോഡിലും തൊഴിലാളി വിരുദ്ധ വ്യവസ്ഥകളുണ്ട്. തൊഴിലാളികൾക്ക് ട്രേഡ് യൂണിയൻ രൂപീകരിക്കാനും കൂട്ടായ വിലപേശൽ നടത്താനുമുള്ള അവകാശങ്ങൾ ഹനിക്കുന്നു എന്ന സ്ഥിതിയും നിലനിൽക്കുന്നു്്.
അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യ സുരക്ഷ ഏർപ്പെടുത്തുന്നതു സംബന്ധിച്ചും ആശങ്കകളുണ്ട്. പുതിയ കോഡുകൾ നിലവിൽ വരുമ്പോൾ 300 പേർ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളെ പിരിച്ചു വിടാനോ ലേ ഓഫ് ചെയ്യാനോ സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ട. നൂറിലധികം തൊഴിലാളികളുള്ളിടത്ത് സർക്കാരിന്റെ മുൻകൂർ അനുമതിവേണമെന്നതാണ് നിലവിലെ വ്യവസ്ഥ.
തൊഴിലാളികളെ പിരിച്ചുവിടുന്നതിനു 30 ദിവസം മുതൽ 90 ദിവസം മുൻപു വരെ നോട്ടീസ് നൽകണമെന്ന വ്യവസ്ഥയിലും വ്യത്യാസംവന്നിട്ടുണ്ട്്്്.എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്ന രാജ്യാന്തര തലത്തിൽ അംഗീകരിച്ച രീതിക്ക്് കടക വിരുദ്ധമായി ജോലി സമയം 12 മണിക്കൂറാക്കി ഉയർത്താനുള്ള വ്യവസ്ഥയും കോഡിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ലേബർ പാർലിമെന്ററികാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശുപാർശകൾപോലും പരിഗണിക്കാതെയാണ് ലേബർകോഡുകൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയതെന്ന്് പാർലമെന്ററി ലേബർ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എളമരം കരീം എംപി പറഞ്ഞു. വൈകുന്നേരം നടന്ന സമാപന സെഷനിൽ ശില്പശാലയിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങൾ ക്രോഡീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളിസംഘടനാ,തൊഴിലുടമാ പ്രതിനിധികളും നിയമജ്ഞരും വിദഗ്ധരും ഉദ്യോഗസ്ഥരും നാലു കോഡുകളും ആഴത്തിൽ അപഗ്രഥിച്ച് പഠിച്ചതിന് ശേഷമാവണം സംസ്ഥാനം ചട്ട രൂപീകരണം നടത്താനെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ചടങ്ങിൽ കേരള അതിഥി പോർട്ടലിന്റെയും തൊഴിൽസേവാ ആപ്പിന്റെയും പ്രകാശനവും മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സംസ്ഥാനത്ത് എത്തുന്ന അതിഥി തൊഴിലാളികളുടെ രജിസ്ട്രേഷന് വേണ്ടി തൊഴിൽ വകുപ്പ് വികസിപ്പിച്ചെടുത്തതാണ് അതിഥി പോർട്ടൽ. ചുമട്ടു തൊഴിലുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾക്ക് സത്വര പരിഹാരം ലക്ഷ്യമിട്ടാണ് തൊഴിൽ സേവാ ആപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. കയറ്റിറക്ക് കൂലി സംബന്ധമായ എല്ലാ വിശദാംശങ്ങളും ചുമട്ടുതൊഴിൽ സംബന്ധമായ പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള സംവിധാനവും ഈ ആപ്പിൽ ലഭ്യമാണ്.
തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ ടി.വി. അനുപമ, പ്ലാനിങ് ബോർഡ് അംഗം ഡോ. കെ. രവിരാമൻ, അഡി. ലേബർ കമ്മിഷണർ ബിച്ചു ബാലൻ, ട്രേഡ് യൂണിയൻ നേതാക്കന്മാർ, മാനേജ്‌മെന്റ് പ്രതിനിധികൾ, നിയമജ്ഞർ, നിയമ വിദ്യാർത്ഥികൾ, വിവിധ തൊഴിലാളി ക്ഷേമ ബോർഡുകളിലെ ചെയർമാന്മാർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ, വിഷയവിദഗ്ദ്ധർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.