- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്സമരം ചെയ്യുന്നവരെ പൊലീസ് ജീവശച്ഛങ്ങളാക്കുന്നു:പി അബ്ദുൽ ഹമീദ്
കോഴിക്കോട്: ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സമരം ചെയ്യുന്നവരെ പൊലീസ് ജീവശച്ഛങ്ങളാക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുൽ ഹമീദ്.
തങ്ങളുടെ ജീവിതം ദുസ്സഹമാക്കരുതെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് വെള്ളയിൽ ആവിക്കൽതോട് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെതിരെ തീരദേശവാസികൾ നടത്തിക്കൊണ്ടിരിക്കുന്ന ജനകീയ സമരത്തെ പൊലീസിനെ ഉപയോഗിച്ച് തല്ലി ചതച്ച് പിന്തിരിപ്പിക്കാനുള്ള അധികാരികളുടെ ശ്രമമാണ് വെള്ളയിൽ കടപ്പുറത്ത് കാണാനായത്. ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്ത്രീകളും കുട്ടികളുമടങ്ങിയ സമരക്കാരെ തല്ലിച്ചതച്ച് ജീവച്ഛവങ്ങളാക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിച്ചത്.
മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിൽ സമരക്കാർ എതിരല്ല. ആവിക്കൽതോട് പോലൂള്ള മത്സ്യ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന, കോളനി സമാനമായ പ്രദേശത്ത് പ്ലാന്റ് സ്ഥാപിക്കുക വഴി പരിസര-അന്തരീക്ഷ മലിനീകരണം മൂലം ജനജീവിതം അസാധ്യമാക്കുന്ന പ്ലാന്റ് ഇതുപോലെ ജനസാന്ദ്രതയില്ലാത്ത മറ്റൊരു സ്ഥലത്ത് സ്ഥാപിക്കണമെന്നാണ് ജനകീയ സമര സമിതി ആവശ്യപ്പെടുന്നത്. എന്നാൽ പ്രദേശവാസികളുടെ ആശങ്കയ്ക്കും പരാതികൾക്കും ചെവികൊടുക്കാതെ ദാർഷ്ട്യം നിറഞ്ഞ നിലപാടാണ് പൊലീസും കോർപ്പറേഷൻ അധികൃതരും ജില്ലാ കലക്ടറും സംസ്ഥാന ചീഫ് സെക്രട്ടറിയും സ്വീകരിക്കുന്നത്.
''ഒരു ചർച്ചയുമില്ല ഇത് തീരുമാനമാണ് നടപ്പാക്കുക തന്നെ ചെയ്യും'' ഇതാണ് ഉത്തരവാദിത്വപ്പെട്ടവരുടെ നിലപാട്. ജനങ്ങളെ തെറ്റിധരിപ്പിച്ചും വഞ്ചിച്ചും വളഞ്ഞ വഴിയിലൂടെ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമമാണ് ആദ്യംമുതൽ അധികൃതർ നടത്തിവരുന്നത്. ചരക്ക് ലോറികൾ പാർക്ക് ചെയ്യാനുള്ള സ്ഥലം ഒരുക്കുന്നു എന്ന വ്യാജേനയാണ് മാസങ്ങൾക്ക് മുമ്പ് സ്ഥലം മണ്ണിട്ട് നികത്തിയത്. തുടർന്ന് തൽസ്ഥാനത്ത് സ്വീവേജ് പ്ലാന്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ് ജനങ്ങൾ കണ്ടത്.
ആറ് മാസമായി ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ സമരം നടന്നു വരികയാണ്. ഇന്നലെ (ജൂലൈ 2) സമര സമിതി ആഹ്വാനം ചെയ്ത ഹർത്താലിന്റെ ഭാഗമായി നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെ ജനക്കൂട്ടത്തിന് നേരെ ഗ്രനൈഡ് എറിയുകയും തുടർന്ന് ലാത്തി ചാർജ്ജ് ചെയ്യുകയുമായിരുന്നു. പാമ്പിനെ തല്ലുന്നത് പോലെയാണ് പൊലീസുകാർ കൂട്ടം ചേർന്ന് സമരക്കാരിൽ ചിലരെ തല്ലിച്ചതച്ചത്. അഞ്ച് സ്ത്രീകളടക്കം ഒമ്പത് പേർ ആശുപത്രിയിൽ ചികിൽസയിലാണ്.
കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരോട് കടുത്ത അവഗണനാപരമായ സമീപനമാണ് ആദ്യഘട്ടത്തിൽ അധികൃതർ സ്വീകരിച്ചതെന്ന് പരിക്കേറ്റവർ പറയുകയുണ്ടായി. കാഴ്‌ച്ചക്കുറവുള്ളതിന്റെ പേരിൽ ഓടാൻ കഴിയാതെ ഒറ്റപ്പെട്ടുപോയ റജീഷ് എന്ന കടൽ തൊഴിലാളിയെയാണ് പൊലീസ് വട്ടമിട്ട് തല്ലുന്നത് ചാനലുകളിൽ കണ്ടത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ കുഴപ്പമൊന്നുമില്ലാ എന്ന് വരുത്തി തീർത്ത് ആശുപത്രിയിൽ നിന്ന് ഇറക്കി റിമാന്റ് ചെയ്യാനുള്ള പൊലീസുകരുടെ തീവ്ര ശ്രമം അവിടെ സന്ദർശിച്ച തങ്ങൾക്ക് കാണാൻ കഴിഞ്ഞു.
രണ്ട് മാസമായി സമര കേന്ദ്രമായി ഉപയോഗിച്ച് വരുന്ന പ്രദേശത്തെ സമരപന്തൽ ഇന്നലെ സമരക്കാരെ തല്ലി ചതച്ച പൊലീസുകർ വിശ്രമത്തിനും ഭക്ഷണത്തിനുമായി കയ്യടിക്കിയിരിക്കുകയാണ്. സമരക്കാർക്ക് പൊലീസ് കയ്യടക്കിയ സമര പന്തൽ വിണ്ടെടുക്കുന്നതിനായി സമരം ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
രണ്ടാം ഘട്ടത്തിൽ, പ്ലാന്റിന്റെ പണി പുനരാരംഭിച്ചപ്പോൾ സമരത്തിലേർപ്പെട്ട 11 സ്ത്രീകൾ ഉൾപ്പെടെ 34 പേർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി കേസ്സെടുത്തിരിക്കുയാണ്. ജനകീയ സമരങ്ങളെ ഭീകര പ്രവർത്തനമായി ചിത്രീകരിക്കുവാനുള്ള പിണറായി സർക്കാറിന്റെ സ്റ്റേറ്റ് ഭീകരതയാണ് ഇത് കാണിക്കുന്നത്.
ഒന്നാം പിണറായി സർക്കാറിന്റെ തുടക്കം മുതൽ ജനകീയ സമരങ്ങളോടുള്ള സർക്കാറിന്റെ ശത്രുതാപരമായ സമീപനമാണ് ഇത് കാണിക്കുന്നത്. ആദ്യഘട്ടം മുതൽ കെ റെയിൽ സമരക്കാരോട് സ്വീകരിച്ച അതേ സമീപനമാണ് ഇക്കാര്യത്തിൽ സർക്കാർ പിന്തുടരുന്നത്. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്ന അധികാരികളെയാണ് ജനങ്ങൾക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്.
സ്വീവേജ് പ്ലാന്റിന്റെ കാര്യത്തിൽ അധികാരികളുടെ പിടിവാശിക്ക് പിന്നിലെ താൽപര്യം ദുരൂഹമാണ്. എന്തും സഹിച്ച്, പ്രദേശത്ത് പ്ലാന്റ് സ്ഥാപിക്കുന്നതിൽ നിന്ന് അധികൃതർ പിന്തിരിയുന്നത് വരെ സമര രംഗത്ത് ഉറച്ച് നിൽക്കാനുള്ള തീരുമാനത്തിലാണ് പ്രദേശ വാസികൾ.
സ്വീവേജ് പ്ലാന്റ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവെക്കുക, പ്രദേശവാസികളുടെ പരാതികൾ കേൾക്കാൻ തയ്യാറാകുക, അവരുടെ ആശങ്കകൾ അകറ്റുക, പ്ലാന്റ് ജനസാന്ദ്രത കുറഞ്ഞ പ്രദേശത്ത് മാറ്റി സ്ഥാപിക്കുക, ജൂലൈ 2 ന് പൊലീസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരായവർക്കെതിരെ നടപടി സ്വീകരിക്കുക, ലാത്തിച്ചാർജ്ജിൽ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പ് വരുത്തുകയും മതിയായ നഷ്ടപരിഹാരം നൽകുകയും ചെയ്യുക തുടങ്ങിയവയും പി അബ്ദുൽ ഹമീദ് എസ്ഡിപിഐ സർക്കാറിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റിയംഗം മുസ്തഫ പാലേരി, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി റഷീദ് ഉമരി, ജില്ലാ സെക്രട്ടറി കെ ഷെമീർ, ജില്ലാ കമ്മിറ്റിയംഗം അബ്ദുൽ ഖയ്യൂം, നോർത്ത് മണ്ഡലം പ്രസിഡന്റ് കെ കബീർ, സമര സമിതി വൈസ് ചെയർമാൻ ഗഫൂർ വെള്ളയിൽ തുടങ്ങിയവർ അനുഗമിച്ചു.