- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശുമാങ്ങാനീര് വാറ്റി മദ്യം ഉത്പാദിക്കുന്നതിന് പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് അനുമതി; ഡിസംബറിൽ വിപണിയിൽ എത്തിക്കാൻ നീക്കം; ഗോവൻ മാതൃക കണ്ണൂരിൽ എത്തുമ്പോൾ
കണ്ണൂർ: കണ്ണുരിലെ മലയോര മേഖല നാടൻ വാറ്റിനാൽ സമൃദ്ധമാണ്. ചില പഞ്ചായത്തുകളിൽ കുടിൽ വ്യവസായം പോലെയാണ് പലയിടങ്ങളിലും കള്ളവാറ്റു നടക്കുന്നത്. കശുമാങ്ങ, നെല്ല്, മരച്ചീനി എന്നിവയിൽ നിന്നാണ് കൂടുതൽ മദ്യം ഉണ്ടാക്കുന്നത്. ഇതിൽ ഏറ്റവും പ്രിയം കശുമാങ്ങയ്ക്ക് തന്നെയാണ്.
ഈ സാഹചര്യത്തിൽ സർക്കാർ കശുമാങ്ങയിൽ നിന്നും മരച്ചിനിയിൽ നിന്നും വീര്യം കുറഞ്ഞ ഫെനി ഉൽപ്പാദിപ്പിക്കുമെന്ന് എക്സൈസ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞിരുന്നുവെങ്കിലും മദ്യനിരോധന സമിതിയുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ സഹകരണ സംഘങ്ങൾ ഉൽപ്പാദന സംരഭങ്ങളിൽ നിന്നും പിന്നോട്ടു പോയില്ല
ഇതിന്റെ ഫലമായി കശുമാങ്ങാനീര് വാറ്റി മദ്യം (ഫെനി) ഉത്പാദിക്കുന്നതിന് പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് അന്തിമാനുമതി ലഭിച്ചു കഴിഞ്ഞു. ജൂൺ 30-നാണ് ഉത്തരവ് ലഭിച്ചത്. കശുമാങ്ങയിൽനിന്ന് ഫെനി ഉത്പാദിപ്പിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായാണ് ഒരു സഹകരണസംഘത്തിന് അനുമതി ലഭിക്കുന്നത്.
പഴങ്ങൾ ഉപയോഗിച്ച് മൂല്യവർധിത വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ കഴിഞ്ഞ സംസ്ഥാന ബജറ്റിലുമുണ്ടായിരുന്നു. ഫെനി ഉത്പാദിപ്പിക്കുന്നതിന് ഡിസ്റ്റിലറി ആരംഭിക്കാൻ ബാങ്കിന് സർക്കാരിൽനിന്ന് അനുമതി ലഭിച്ചെങ്കിലും ചട്ടങ്ങൾ ആവിഷ്‌കരിക്കാൻ വൈകിയതിനാൽ കഴിഞ്ഞ സീസണിൽ ഉത്പാദനം നടത്താനായില്ല. കശുമാങ്ങയുപയോഗിച്ച് ഫെനിയുത്പാദിപ്പിക്കുന്ന സംസ്ഥാനം ഗോവയാണ്.
ഫെനി ഉത്പാദിപ്പിക്കാൻ ലൈസൻസ് നൽകണമെന്ന് കർഷകർ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. ഫെനി ഉത്പാദിപ്പിച്ചാൽ സർക്കാരിനും കർഷകർക്കും നല്ല വരുമാനമാകുമെന്നാണ് പയ്യാവൂർ സഹകരണ ബാങ്ക് സർക്കാരിന് സമർപ്പിച്ച പദ്ധതി റിപ്പോർട്ടിൽ പറയുന്നത്. ഒരു ലിറ്റർ ഫെനി ഉണ്ടാക്കാൻ 200 രൂപ ചെലവ് വരും. അത് ബിവറേജസ് കോർപ്പറേഷന് വിൽക്കും. കോർപ്പറേഷന് ഇത് 500 രൂപയ്ക്ക് വിൽക്കാമെന്നാണ് നിർദ്ദേശം.




