മലപ്പുറം: നിലമ്പൂരിൽ ഒരു കുട്ടിക്ക് ഉൾപ്പെടെ ഏഴു പേർക്കു തെരുവ് നായയുടെ കടിയേറ്റു. അഞ്ചു വയസുകാരന് ശരീരമാസകലം കടിയേറ്റു. തിരക്കഥാകൃത്ത് ഇസ്മായിൽ നിലമ്പൂരിന് പുതിയ ബസ് സ്റ്റാൻഡിൽ ഗൂഢല്ലൂർ ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുമ്പോഴാണ് കടിയേറ്റത്.മിക്കവരുടേയും മുറിവ് ആഴത്തിൽ നിലമ്പൂരിൽ തെരുവ് നായയുടെ പരാക്രമം തുടരുകയാണ്.

നായയെ പിടികൂടാനുള്ള ശ്രമം തുടരുന്നുണ്ട്. നിലമ്പൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായാണ് പലർക്കും നായയുടെ കടിയേറ്റത്. പെരിന്തൽമണ്ണ ജൂബിലി റോഡിലെ കോട്ടുങ്ങൽ ഇസ്മായിൽ (64), ചന്തക്കുന്ന് വെള്ളിയംപാടം ശ്രീനിവാസൻ (52), നിലമ്പൂർ കോവിലകത്തുമുറിയിലെ യു.ടി. രാമചന്ദ്രൻ, ചുങ്കത്തറ പള്ളിക്കുന്നത്ത് സ്വദേശിനി ജെസി രാജു, ബംഗാൾ സ്വദേശി സൗരവ് വിശ്വാസ് (അഞ്ച്), നിലമ്പൂർ കല്ലേമ്പാടം സ്വദേശി പ്രിൻസ് (10), വീട്ടിക്കുത്ത് മംഗള ഭവൻ കൃഷ്ണൻ എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വാക്സിൻ നൽകി.

നിലമ്പൂർ വീട്ടിക്കുത്തിലെ സ്വകാര്യ ആശുപത്രിയുടെ മുന്നിൽ നിൽക്കുമ്പോഴാണ് യു.ടി. രാമചന്ദ്രനു നേരെ തെരുവു നായയുടെ ആക്രമണമുണ്ടായത്. കാലിൽ കടിയേറ്റു ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. പെരിന്തൽമണ്ണ സ്വദേശിയായ സിനിമ തിരക്കഥാകൃത്ത് ഇസ്മായിൽ നിലമ്പൂർ പുതിയ ബസ് സ്റ്റാൻഡിൽ ഗൂഢല്ലൂർ ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുമ്പോഴാണ് കടിയേറ്റത്. നിലമ്പൂർ ടൗണിൽ പഴയ സെന്റം ടെക്സ്റ്റയിൽസിന് മുന്നിൽ നിന്നാണ് കൃഷ്ണനു കടിയേറ്റത്. ബംഗാൾ സ്വദേശിയായ സൗരവ് വിശ്വാസ് എന്ന അഞ്ചു വയസുകാരനു ചക്കാലക്കുത്തിൽ നിന്നാണ് കടിയേറ്റത്. കുട്ടിക്ക് ശരീരമാസകലം കടിയേറ്റിറ്റുണ്ട്. ജെസി രാജുവിന് നിലമ്പൂർ എൽഐസി റോഡ് ഭാഗത്തു നിന്നുമാണ് കടിയേറ്റത്.

എമർജൻസി റസ്‌ക്യു ഫോഴ്സിന്റെ നേതൃത്വത്തിൽ ഇന്നലെ ഉച്ചമുതൽ നായയെ പിടികൂടാനുള്ള മം നടത്തിയെങ്കിലും വിജയിച്ചില്ല. വിവിധ സ്ഥലങ്ങളിൽ നായയെ കണ്ടെങ്കിലും അക്രമാസക്തമായതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. ഒരു മാസം മുമ്പ് നിലമ്പൂരിൽ നിരവധി പേർക്കു തരുവ് നായയുടെ കടിയേറ്റിരുന്നു. അന്ന് പരാക്രമം നടത്തിയ നായ പിന്നീട് ചാകുകയും നായക്ക് പേ വിഷബാധയുണ്ടെന്നു കണ്ടെത്തുകയും ചെയ്തിരുന്നു.

നിലമ്പൂരിൽ തെരുവ് നായ വ്യപകമായി ആളുകളെ കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മലപ്പുറം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ നൗഷാദലി റിപ്പോർട്ട് ആവശ്യപ്പെട്ടു. നിലമ്പൂർ നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം അതിരൂക്ഷമാണ്. ബസ് സ്റ്റാൻഡ് പരിസരങ്ങൾ, മത്സ്യ മാംസ മാർക്കറ്റുകൾ, ജില്ലാ ആശുപത്രി പരിസരം, സ്‌കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിലെല്ലാം തെരുവ് നായ ശല്യമുണ്ട്.