കോഴഞ്ചേരി: വയറ്റിൽ കിടന്നു മരിച്ച ഗർഭസ്ഥ ശിശുവുമായി രണ്ടു മാസം ജീവിച്ച അനിത മരിച്ചത് അണുബാധ മൂലം. അനിതയുടെ വയറ്റിൽ മരിച്ച നിലയിൽ ഇരട്ടക്കുട്ടികൾ ആയിരുന്നുവെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി. പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല. വയറ്റിൽ കുഞ്ഞുങ്ങൾ മരിച്ചു കിടക്കുകയാണെന്ന് അറിയിച്ചിട്ടും കൃത്യമായ ചികിത്സ നൽകാൻ ഭർത്താവ് തയ്യാറാവാതിരുന്നതാണ് അനിതയുടെ മരണത്തിന് കാരണം.

മല്ലപ്പുഴശേരി കുഴിക്കാല കുറുന്താർ സെറ്റിൽമെന്റ് കോളനിയിൽ അനിത (28) മരിച്ച കേസിൽ ഭർത്താവ് കുറുന്താർ ജ്യോതി നിവാസിൽ എം. ജ്യോതിഷിനെ (31) ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗർഭിണിയായ യുവതിയും ഗർഭസ്ഥശിശുവും മരിക്കാനിടയാക്കിയ സംഭവത്തിൽ ഇയാൾ പ്രതിയാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. സ്‌നേഹിച്ചു വിവാഹം കഴിച്ച അനിതയുടെ വീട്ടിൽ തന്നെയായിരുന്നു ജ്യോതിഷിന്റെ താമസം. ഭാര്യ വീട്ടിൽ താമസിച്ച് അവരെ നിരന്തരം ഉപദ്രവിക്കുന്ന സ്വഭാവമായിരുന്നു ജ്യോതിഷിന്റേത്.

ജ്യോതിഷിനും അനിതയ്ക്കും ഒന്നര വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഈ കുട്ടിക്ക് ജന്മനാൽതന്നെ ഹൃദയത്തിനു തകരാറുണ്ടായിരുന്നു. വിദഗ്ധ ചികിത്സ നൽകണമെന്നു ഡോക്ടർമാർ ജ്യോതിഷിനോട് നിർദേശിച്ചെങ്കിലും അക്കാര്യം ഭാര്യയെപ്പോലും അറിയിക്കാതെ മറച്ചുവച്ചതായി അനിതയുടെ വീട്ടുകാർ പറയുന്നു. ഇപ്പോൾ രോഗം മൂർഛിച്ച് ആ കുട്ടിയും മരണത്തോടു മല്ലടിക്കുന്ന അവസ്ഥയിലാണ്.

ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്രയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ആ കുരുന്നിനെ. ശസ്ത്രക്രിയയ്ക്ക് ഒന്നര ലക്ഷത്തോളം രൂപ വേണ്ടതിനാൽ അതിനുള്ള ഓട്ടത്തിലാണ് ബന്ധുക്കൾ. കുട്ടി ജനിച്ചപ്പോൾ തന്നെ ആറുമാസത്തിനുള്ളിൽ വിദഗ്ധ ചികിത്സ നൽകണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരുന്നത്. എന്നാൽ ഈ വിവരം അനിതയോടു പോലും മറച്ചു വച്ചുവെന്നാണ് ആക്ഷേപം.

ആദ്യ കുഞ്ഞ് ജനിച്ച് അധികം വൈകാതെ ഭാര്യ വീണ്ടും ഗർഭിണിയായത് പുറത്തറിയാതിരിക്കാനും ഗർഭം അലസിപ്പിക്കാനും വേണ്ടി ചില ദ്രാവകങ്ങൾ ജ്യോതിഷ് ഭാര്യയ്ക്ക് നൽകിയിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. ഇതേ തുടർന്നാണ് യുവതിക്ക് വയറ്റിൽ അണുബാധയുണ്ടായത്. വിദഗ്ധ ചികിത്സ നൽകണമെന്നു ഡോക്ടർമാർ നിർദേശിച്ചിരുന്നെങ്കിലും യുവാവ് അനുസരിച്ചില്ല. 2 മാസത്തോളം കുഞ്ഞ് വയറ്റിൽ കിടന്നതിനാൽ യുവതിക്കു ശരീരമാകെ അണുബാധയുണ്ടായി. ഭാര്യയെ ആശുപത്രിയിൽ എത്തിച്ച ശേഷം യുവാവ് മുങ്ങി. ചികിത്സയ്ക്കായി പലരോടും പണം കടം വാങ്ങിയെങ്കിലും ആ പണം സ്വന്തം ആവശ്യത്തിനു വേണ്ടി ഉപയോഗിച്ചു. ജൂൺ 28നാണ് അനിത മരിച്ചത്.

മൂന്ന് വർഷം മുൻപാണ് അനിതയും ജ്യോതിഷും വിവാഹം കഴിക്കുന്നത്. ജോലിക്ക് പോകാതെ ഇയാൾ ഭാര്യയ്ക്ക് സ്ത്രീധനമായി ലഭിച്ച സ്വർണാഭരണങ്ങളും വാഹനവും വിറ്റാണ് ജീവിച്ചത്. ഭാര്യാ വീട്ടിൽ താമസമാക്കിയ ഇയാൾ ജോലിക്ക് പോകാത്തതിനാൽ ഭാര്യയ്ക്കും കുട്ടിക്കും ജീവിതച്ചെലവിനു പോലും ഒന്നും നൽകാത്ത അവസ്ഥയായിരുന്നു. ആദ്യ പ്രസവത്തിനു ശേഷം പെട്ടെന്നു തന്നെ രണ്ടാമതും ഭാര്യ ഗർഭിണി ആയതോടെ ആ വിവരം ബന്ധുക്കളിൽ നിന്ന് മറച്ചു വയ്ക്കുകയും ഗർഭസ്ഥശിശുവിനെ ഒഴിവാക്കുന്നതിനുമാണ് ജ്യോതിഷ് ശ്രമിച്ചത്.

ഭാര്യയ്ക്ക് വേണ്ട ചികിത്സയോ പരിചരണമോ നൽകാതായതോടെ കുഞ്ഞ് മരിച്ചു. അസ്വസ്ഥതകൾ ഉണ്ടായ ഭാര്യയെ ഇയാൾ ആശുപത്രിയിൽ കൊണ്ടുപോയി. എന്നാൽ ഇതു നീക്കം ചെയ്യുന്നതിന് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഡോക്ടർ റഫർ ചെയ്യുകയായിരുന്നു. പക്ഷേ ഇയാൾ അതിനു തയാറായില്ല. രണ്ട് മാസത്തോളം കുഞ്ഞ് വയറ്റിൽ കിടന്നതുമൂലം യുവതിക്ക് ശരീരമാസകലം അണുബാധ ഉണ്ടായി. കഴിഞ്ഞ മെയ്‌ 19ന് യുവതിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂൺ 28ന് മരിച്ചു.